പൊ­തു­ ആരോ­ഗ്യസ്ഥാ­പനങ്ങളെ­ക്കു­റി­ച്ച് അടി­യന്തി­ര റി­പ്പോ­ർ­ട്ട് ആവശ്യപ്പെ­ട്ടു­


മനാമ:രാ-ജ്യത്തെ പൊതുആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും, ചികിത്സാ സൗകര്യങ്ങളുടെയും സേവനങ്ങളുടെ ഗുണമേന്മയെ കുറിച്ചും അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്നലെ ഗുദൈബിയ പാലസിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കിരീടാവകാശിയും, ഡെപ്യൂട്ടി സുപ്രീം കമാൻഡറും, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യോഗത്തിൽ സന്നിഹിതനായിരുന്നു.

ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്താനും, ആരോഗ്യസ്ഥാപനങ്ങളുടെ വികസനത്തിനും, പോരായ്മകൾ പരിഹരിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗവൺമെന്റ് ആശുപത്രികളിലായാലും, സ്വകാര്യ ആശുപത്രികളിലായാലും ജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം തന്നെ ലഭ്യമാകണം. അതിനാൽ ഗവൺമെന്റ് നൽകി വരുന്ന ആരോഗ്യസേവനങ്ങളെക്കാൾ പുരോഗമിച്ച സൗകര്യങ്ങൾ ഉണ്ടെങ്കിൽ അത് അംഗീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാ പിഴവ് മൂലം രണ്ട് ബഹ്‌റിനി കുട്ടികൾ മരണമടഞ്ഞതായി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. നാല് വയസുകാരി ലൈല ഖമീസ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയ്ക്കായി കാത്തിരിക്കവെ പിതാവിന്റെ ചുമലിൽ കിടന്നാണ് മരിച്ചത്. മറ്റൊരു ബഹ്‌റിനി ബാലനായ യൂസിഫ് മദനെ അസുഖം ഭേദമായതായി അറിയിച്ച് എസ്.എം.സിയിലെ ഡോക്ടർമാർ വീട്ടിലേയ്ക്ക് അയച്ചിരുന്നു. പിന്നീട് വീണ്ടും സുഖമില്ലാതായതിനെ തുടർന്ന് എസ്.എം.സിയിലേയ്ക്ക് കൊണ്ട് വരുന്പോൾ യാത്രാമധ്യേ കുട്ടി മരിക്കുകയായിരുന്നു.

സംഭവത്തിൽ സുതാര്യവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും, ചികിത്സ പിഴവോ, അധികൃതരുടെ അശ്രദ്ധയോ ആണ് മരണകാരണം എന്ന് കണ്ടെത്തിയാൽ വേണ്ട നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

You might also like

Most Viewed