ഉടു­തു­ണി­ക്ക് മറു­തു­ണി­യി­ല്ലാ­തെ­ ഭൂത് ബി­ൽ­ഡിംഗി­ലെ­ അന്തേ­വാ­സി­കൾ


രാജീവ് വെള്ളിക്കോത്ത്

മനാമ : കഴിഞ്ഞ ദിവസം അധികൃതർ ഭൂത് ബിൽഡിംഗിൽ നിന്ന് ഒഴിപ്പിച്ച പല തൊഴിലാളികളും ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ പല സ്ഥലങ്ങളിൽ തങ്ങുന്നു. ഇവിടെ വിവിധ കന്പനികളിൽ നിന്നുള്ള വിവിധ രാജ്യക്കാരായ 1000ത്തോളം തൊഴിലാളികളായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മനാമയിലെ പഴക്കം ചെന്ന അഞ്ചു നിലക്കെട്ടിടം അധികൃതർ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചത്. അതോടെ ഏറെക്കാലമായി ഇവിടെ തങ്ങുകയായിരുന്ന തൊഴിലാളികൾ വഴിയാധാരമാവുകയായിരുന്നു. 

ഒരാഴ്ചയ്ക്ക് മുന്പ് തന്നെ അധികൃതർ കെട്ടിടം ഒഴിയാനുള്ള നോട്ടീസ് ഇവിടെ പതിച്ചിരുന്നുവെങ്കിലും തൊഴിലാളികൾ അതൊന്നും ഗൗനിക്കാതെ ഇവിടെ തുടരുകയായിരുന്നു. ഇവരെ താമസിപ്പിച്ച തൊഴിലുടമകളാകട്ടെ പലരും ഇക്കാര്യം അറിഞ്ഞതുമില്ല. കെട്ടിടം ഒഴിപ്പിക്കാൻ എത്തിയപ്പോഴാണ് ജോലിക്കു പോകാതെയിരുന്ന തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമകളെ വിവരം അറിയിച്ചത്. എന്നാൽ കെട്ടിടം ഉടമകളിൽ നിന്ന് പലരും നേരിട്ടല്ല താമസസ്ഥലം വാങ്ങിയിട്ടുള്ളത് എന്നത് കൊണ്ട് തന്നെ പലർക്കും കെട്ടിട ഉടമയുമായി ബന്ധപ്പെടുവാനും സാധിച്ചതില്ല. ഇടനിലക്കാർ കെട്ടിടത്തിലെ ഓരോ നിലകളും എടുത്ത് മറിച്ചു വിൽക്കുകയായിരുന്നു. 

ജനുവരി 16ന്് 4 പിഎം ന്യൂസ്  ഈ കെട്ടിടത്തിന്റെ അപകടാവസ്ഥയെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ചില തൊഴിലുടമകൾ അന്ന് മുതൽക്കു തന്നെ മറ്റു താമസ സ്ഥലങ്ങൾ അന്വേഷിക്കുകയും ഇവിടെ നിന്ന് തൊഴിലാളികളെ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പേർക്കും ഇപ്പോഴും താമസ സ്ഥലം ആയിട്ടില്ല. പലരും സുഹൃത്തുക്കളുടെ വീട്ടിലും തൊഴിൽ സ്ഥലത്തുമായി താമസിക്കുകയാണ്. തൊഴിലാളികളുടെ സാധന സാമഗ്രികൾ പോലും ഒന്നും എടുക്കാൻ കഴിയാത്തതാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ഇവിടെ തൊഴിലാളികളെ താമസിപ്പിച്ചിരുന്ന ഒരു തൊഴിലുടമ പറഞ്ഞു. എയർ കണ്ടീഷൻ പോലും ഇല്ലാത്ത താൽക്കാലിക സംവിധാനത്തിലാണ് പലരും ഇപ്പോഴും താമസിക്കുന്നത്. അവർക്കു ഭക്ഷണവും തൊഴിൽ സ്ഥലത്തു തന്നെ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കെട്ടിടത്തിൽ സ്ഥാപിച്ച എയർകണ്ടീഷൻ എങ്കിലും എടുക്കാനുള്ള സാവകാശം തങ്ങൾക്കു വേണമെന്നാണ് തൊഴിലുടമകളുടെ ആവശ്യം.

 

You might also like

Most Viewed