ബഹ്‌റൈനിൽ അപകടാവസ്ഥയിൽ കെട്ടിടങ്ങളേറെ


രാജീവ് വെള്ളിക്കോത്ത്

മനാമ : ബഹ്‌റൈനിൽ പലയിടത്തുമുള്ള കെട്ടിടങ്ങൾ പലതും നിലകൊള്ളുന്നത് അപകടാവസ്ഥയിലാണ്. കുറഞ്ഞ വാടക മാത്രമാണ് ഇത്തരം കെട്ടിടങ്ങളിൽ ഈടാക്കുന്നത് എന്നത് കൊണ്ടുതന്നെ നിരവധി തൊഴിലാളികൾ ഇത്തരത്തിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നുണ്ട്. അവർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനമാകാം അവരെ അതിന് പ്രേരിപ്പിക്കുന്നതും. മനാമ, ഗുദൈബിയ, റാസ്‌ റുമാൻ എന്നിങ്ങനെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ കൂടാതെ ബുദയ്യ പോലുള്ള പ്രദേശങ്ങളിലും ഇത്തരം കെട്ടിടങ്ങൾ നിലവിലുണ്ട്. 

കഴിഞ്ഞ ദിവസം മനാമയിലെ ഭൂത് ബിൽഡിംഗ് ബഹുനിലക്കെട്ടിടം അധികൃതർ ഒഴിപ്പിച്ചതോടെ ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവരെല്ലാം ആശങ്കയിലാണ്. ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്കൊന്നും തന്നെ കെട്ടിട ഉടമ ആരെന്നോ അതിന്റെ വിലാസം പോലും അറിവില്ല. തൊഴിലാളികൾ തന്നെ പരസ്പരം മുറികൾ വെച്ച് മാറുകയോ ഇടനിലക്കാർ വഴി മുറികൾ അനുവദിക്കുകയോ ചെയ്യുകയാണ് പതിവ്.ഒരു കെട്ടിടത്തിലെ ഓരോ നിലകളും മാത്രമായോ കെട്ടിടം മുഴുവനുമായോ വാടകയ്ക്ക് എടുത്ത ശേഷം തൊഴിലാളികൾക്കോ കന്പനി ഉടമകൾക്കോ മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്.മുറികളുടെ സുരക്ഷിതത്വമോ വേണ്ടുന്ന സൗകര്യങ്ങളോ ഒന്നും ഒരുക്കുന്നില്ല. ചെറിയ വാടകയ്ക്ക് ഷെയറിംഗ് റൂമുകൾ ലഭിക്കുന്ന തൊഴിലാളികളാവട്ടെ യാതൊരു വിധ പരാതികളും പരിഭവങ്ങളുമില്ലാതെ ഇത്തരം മുറികൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നു. അതിരാവിലെ തന്നെ തൊഴിലിടങ്ങളിലേയ്ക്ക് പോകുന്ന തൊഴിലാളികൾ മടങ്ങിവരുന്നത് വളരെ വൈകിയാണ്. ഇവർക്ക് താമസ സ്ഥലമെന്നത് തലചായ്ക്കാൻ ഒരിടം മാത്രമാണ്. 

എന്നാൽ ഒന്നോ രണ്ടോ പേർക്ക് മാത്രം താമസിക്കാൻ മാത്രം ഇടമുള്ള ഇത്തരം കുടുസ്സു മുറികളിൽ എട്ടും പത്തു പേരെയാണ് പണംവാങ്ങുന്ന ഇടനിലക്കാർ കുത്തി നിറയ്ക്കുന്നത്. ഇത്തരം കെട്ടിടങ്ങളിലെ ശൗചാലയങ്ങളുടെ സ്ഥിതിയും ദയനീയമാണ്. അന്പതു തൊഴിലാളികൾക്കും കൂടി ചില കെട്ടിടങ്ങളിൽ ഉള്ളത് ഒന്നോ രണ്ടോ ശൗചാലയങ്ങൾ മാത്രമാണ്. രാവിലെ ആറ് മണിക്ക് ജോലി സ്ഥലത്തേയ്ക്ക് പോകേണ്ടുന്ന തൊഴിലാളികൾക്ക് പുലർച്ചെ 4 മണിക്കെങ്കിലും ഉറങ്ങിയെഴുന്നേറ്റാൽ മാത്രമേ ശൗചാലയങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ. ഇത്തരം കഷ്ടപ്പാടുകൾ എല്ലാം അനുഭവിച്ചു കൊണ്ട് ജീവിക്കുന്ന തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണി ആകുന്ന തരത്തിൽ കെട്ടിടങ്ങളിലുള്ള ദ്രവിച്ച വയറിംഗുകളും കാലപ്പഴക്കം ചെന്ന എയർ കണ്ടീഷനുകളും ഫാനുകളും മാറ്റുവാനോ പുതിയവ ഘടിപ്പിക്കാനോ ആരും മിനക്കെടാറില്ല. പല മുറികളിലും സ്വന്തം അറിവിന്റെ പശ്ചാത്തലത്തിൽ വയറുകൾ കൂട്ടിയോജിപ്പിച്ചും എക്സ്റ്റൻഷൻ പ്ലഗ് പോയന്റുകൾ ഉപയോഗിച്ചും മിക്സിയും ടെലിവിഷനും അടക്കമുള്ളവയിലേയ്ക്ക് പവർ സപ്ലൈയും നൽകിയിരിക്കുന്നു. 

ചെറിയൊരു വൈദ്യുതി ഷോർട്ട് സർക്യൂട്ട് സംഭവിച്ചാൽ തന്നെയും അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇനി വരാൻ പോകുന്നത് കഠിനമായ ചൂട് കാലമാണെന്നതും ഇത്തരം കെട്ടിടത്തിൽ താമസിക്കുന്നവരുടെ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അപകടകരമായ സാഹചര്യത്തിൽ ഉള്ള കെട്ടിടങ്ങളിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കണമെന്നാണ് അവിടെ താമസിക്കുന്നവർ ആവശ്യപ്പെടുന്നത്.

 

You might also like

Most Viewed