ഇൻഫ്ര പ്രോജക്ട് നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം


മനാമ : രാജ്യത്ത് പ്രധാന ഹൈവേകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫ്ളൈഓവർ നിർമിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്തരവിട്ടു. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ തൊഴിൽ - മുനിസിപ്പാലിറ്റി അഫേഴ്‌സ് - നഗരാസൂത്രണ മന്ത്രി എസ്സാം ഖലാഫുമായി നടത്തിയ ചർച്ചയിലാണ് ഉത്തരവ്.ജസ്ര ഇന്റർചേഞ്ച് പദ്ധതിയുടെ രണ്ടാം ഘട്ടം ഉൾപ്പെടെയുള്ള നിരവധി പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാകും. മനാമയിൽ നിന്ന് ജനേബിയ, ബുധയ്യ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക്കുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതാണ് ഈ പദ്ധതി. 
 
3255 ചതുരശ്ര മീറ്റർ വരുന്ന പരമ്പരാഗതമായി രൂപകൽപ്പന ചെയ്ത ഒരു കെട്ടിടമുൾപ്പെടുന്ന മുഹറഖ് സൂക്ക് നവീകരണ പദ്ധതിയും പ്രധാനമന്ത്രി അവതരിപ്പിച്ചു. 31 വാണിജ്യ കേന്ദ്രങ്ങൾ അടങ്ങിയ പദ്ധതി, ആഗസ്ത് ഒന്നു മുതൽ നിർമ്മാണം ആരംഭിച്ച് 2018 ഡിസംബർ 16നു പൂർത്തീകരിക്കും.  മുഹറഖ്  മറ്റേർണിറ്റി ഹോസ്പിറ്റലിനു സമീപം  ദീർഘകാല പരിചരണ കേന്ദ്രം നിർമിക്കാനും പദ്ധതിയുണ്ട്. ഈ വികസനങ്ങള്‍ക്കായി 13.87 മില്യൺ ബഹ്‌റൈൻ ദിനാർ വരുന്ന ടെൻഡർ ഓഗസ്‌റ്റോടെ നൽകും. 2018 മാർച്ചോട് കൂടി പദ്ധതികള്‍ ആരംഭിക്കും. പൗരന്മാർക്ക് ഉന്നത നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്.
 
ഉന്നത നിലവാരമുള്ളതും മികച്ചതുമായ സേവന പദ്ധതികൾ നടപ്പിലാക്കാൻ തൊഴിൽ - മുനിസിപ്പാലിറ്റി അഫേഴ്‌സ് - നഗരാസൂത്രണ മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. 

You might also like

Most Viewed