വി­ദേ­ശകാ­ര്യ മന്ത്രാ­ലയവും ഇടപെ­ട്ടു­ : കറു­പ്പയ്യ നാ­ട്ടി­ലേ­യ്ക്ക് മടങ്ങു­ന്നു­


മനാമ : സൗദിയിലെ തൊഴിലുടമ ബഹ്‌റൈനിൽ‍ വീട്ടുജോലിക്കായി കൊണ്ടുവന്ന് ഉപേക്ഷിച്ച കറുപ്പയ്യ ഉദയ്യർ‍ എന്ന തമിഴ് നാട്ടുകാരന് നാട്ടിലേയ്ക്ക് മടങ്ങാനുള്ള നടപടികൾ പൂർത്തിയായി. ഈ ആഴ്ച അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങും. ബഹ്‌റൈനിൽ ആരും തുണയില്ലാതെയും നാട്ടിലേയ്ക്ക് പോകാൻ ഗതിയില്ലാതെയും കഴിയുകയായിരുന്ന ഇദ്ദേഹം രണ്ട് വർഷമായി അധികൃതരുടെ കനിവിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണ് അദ്ദേഹത്തിന് സ്വദേശത്തേയ്ക്ക് മടങ്ങാനുള്ള വഴി ഒരുങ്ങിയത്.

ബഹ്‌റൈനിൽ‍ വില്ലയുള്ള ഒരു സൗദി പൗരനാണ് വില്ലയിൽ‍ ശുചീകരണത്തിനും മറ്റുമായി കറുപ്പയ്യയെ സൗദിയിൽ‍ നിന്നും കൊണ്ടുവന്നത്. 2011ലാണ് ഇയാളെ സൗദി തൊഴിലുടമ ജോലിക്കെടുത്തത്. 900 റിയാൽ‍ (90 ദിനാർ‍) ആയിരുന്നു ശന്പളം. വിസിറ്റിങ് വിസയിൽ‍ 2015ലാണ് ഇയാളെ ബുദയ്യയിലെ വില്ല നോക്കി നടത്താനായി ബഹ്റൈനിൽ എത്തിച്ചത്. മുന്പ് വാരാന്ത്യങ്ങളിൽ‍ വീട്ടുടമയും കുടുംബവും ഇവിടെ താമസിക്കാൻ‍ വരാറുണ്ടായിരുന്നു. 

എന്നാൽ‍ പിന്നീട് സൗദി കുടുംബം ഇയാളെ തിരിഞ്ഞുനോക്കാതെ ആയതോടെയാണ് കറുപ്പയ്യ ബഹ്റൈനിൽ അനാഥനായ നിലയിലായത്. തന്നെ ഇവിടെ ഉപേക്ഷിച്ച നിലയിലാണെന്നാണ് കറുപ്പയ്യ പറയുന്നത്. മകൾ‍ മരിച്ച വിവരം അറിഞ്ഞിട്ട് പോലും നാട്ടിലേയ്ക്ക് തിരിച്ചു പോകാൻ‍ കഴിഞ്ഞില്ലെന്നത് കറുപ്പയ്യ എന്ന വയോധികനെ കൂടുതൽ ദുഃഖിതനാക്കി. രോഗബാധയെ തുടർ‍ന്നാണ് നാട്ടിലുള്ള 21കാരിയായ മകൾ‍ മരിച്ചത്. ബഹ്‌റൈൻ മുനിസിപ്പാലിറ്റി, ഇലക്ട്രിസിറ്റി ബില്ലുകൾ തുടർ‍ച്ചയായി അടയ്ക്കാതിരുന്നതിനെ തുടർ‍ന്ന് സ്‌പോൺ‍സർ താമസിപ്പിച്ച സ്ഥലം ഒഴിയാൻ അധികൃതർ ‍ആവശ്യപ്പെട്ടതോടെ കറുപ്പയ്യ തീർത്തും തെരുവിലകപ്പെടുകയായിരുന്നു. സാമൂഹ്യ പ്രവർത്തകർ മുഖേന ഇന്ത്യൻ എംബസിയിലും തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയക്കുകയും ബഹ്‌റൈനിലെ സാമൂഹിക പ്രവർ‍ത്തകൻ സുധീർ തിരുനിലത്ത് പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. ഇന്ത്യൻ എംബസി എമിഗ്രേഷൻ വിഭാഗത്തിൽ ഇടപെട്ട് കറുപ്പയ്യയുടെ യാത്രാ നിരോധനം നീക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തതോടെ അവസാന കടന്പയും നീങ്ങിക്കിട്ടി. ഈ ആഴ്ച തന്നെ നാട്ടിലേയ്ക്ക് പോകാനാണ് പദ്ധതിയെന്ന്‌ കറുപ്പയ്യ 4 പി.എം ന്യൂസിനോട് പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ബന്ധുക്കളെയും മക്കളെയും കാണുന്ന സന്തോഷത്തിലാണ് കറുപ്പയ്യ.

You might also like

Most Viewed