ഓയിൽ പൈ­പ്പ് ലൈ­നിന് നേ­രെ­യു­ണ്ടാ­യ ആക്രമണത്തെ­ ക്യാ­ബി­നറ്റ് അപലപി­ച്ചു­


മനാമ : കഴിഞ്ഞ വെള്ളിയാഴ്ച ബഹ്‌റൈൻ പെട്രോളിയം കന്പനിയുടെ ഓയിൽ പൈപ്പ് ലൈനിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗം അപലപിച്ചു. ഗുദൈബിയ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ഇറാനിയൻ ഭരണകൂടത്തിന്റെ പിന്തുണയോടെ ബഹ്‌റൈനിലും സമീപ മേഖലയിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി അട്ടിമറികൾ നടത്താനാണ് ഭീകരപ്രവർത്തനത്തിലൂടെ ശ്രമം നടന്നതെന്ന് ക്യാബിനറ്റ് സെക്രട്ടറി ജനറൽ ഡോ. യാസർ ബിൻ ഇസ അൽ നാസർ പറഞ്ഞു. 

ബഹ്‌റൈനിലെ ഭീകരവാദ സംഘടനകൾക്ക് ടെഹ്‌റാൻ നേരിട്ട് നിർദ്ദേശങ്ങൾ നൽകുന്നത് സുരക്ഷയെയും, സ്ഥിരതയെയും ഇല്ലാതാക്കാനാണ്. ഇറാന്റെ പുതിയ നീക്കം രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തേയും ലക്ഷ്യം വെച്ചാണെന്നും ക്യാബിനറ്റ് പറഞ്ഞു. യെമനിൽ നിന്നും ഇറാനിൽ നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് സൗദി തലസ്ഥാനമായ റിയാദിലേയ്ക്ക് അടുത്തിടെ ടെഹ്റാന്റെ പിന്തുണയുള്ള ഹൂതി സായുധ സംഘം ആക്രമണം നടത്തിയതായും ക്യാബിനറ്റ് വ്യക്തമാക്കി. ഇത്തരം ഭീകര പ്രവർത്തനങ്ങൾ നടത്തുന്നവരെ നിയമം മൂലം ശക്തമായി നേരിടും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ക്യാബിനറ്റ് പ്രതിജ്ഞ ചെയ്തു.

You might also like

Most Viewed