യു­വതി­യു­ടെ­ മരണം : ദു­രൂ­ഹതകൾ ബാ­ക്കി­


മനാമ : ബഹ്റൈനിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ജിനിയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. ബ്യൂട്ടീഷൻ‍ ജോലിക്കായി ജിനി രണ്ടര ലക്ഷം രൂപ നൽ‍കിയാണ് ബഹ്റൈനിൽ‍ എത്തിയതത്രെ. 2017 ജൂലൈ 21നാണ് ജിനി ഇവിടെ എത്തിയത്. ഇവിടെ വന്നപ്പോൾ ആഗ്രഹിച്ച ജോലി ലഭിക്കാത്തത് കാരണം  ജിനി  കടുത്ത മാനസിക സമ്മർ‍ദ്ദത്തിലായിരുന്നുവെന്നും ഇതിനെ തുടർ‍ന്നാണ് ആത്മഹത്യ ചെയ്യാൻ‍ കാരണമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർ‍ത്തിക്കുന്ന സാമൂഹ്യപ്രവർ‍ത്തകർ അറിയിച്ചു. 

കൊടുങ്ങല്ലൂർ‍ സ്വദേശിനിയായ പുല്ലൂറ്റ്, ചാപ്പാറ പറൂക്കാരൻ‍ ആന്റണിയുടെ ഭാര്യയാണ് ജിനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബഹ്റൈനിലെ താമസ സ്ഥലത്ത് ജിനിയെ  ബെഡ്റൂമിലെ സീലിങ് ഫാനിൽ‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ‍ കണ്ടത്. കൂടെ ജോലി ചെയ്യുന്നവരെയും ബഹ്റൈനിലെ റെസ്റ്ററന്റിൽ‍ തന്നെ ജോലി ചെയ്യുന്ന ബന്ധുവിനെയും മരിക്കുന്നതിന് അര മണിക്കൂർ‍ മുന്‍പ് വിളിച്ചറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും പറയപ്പെടുന്നു. ബഹ്റൈനിലുള്ള സഹോദരഭാര്യയടക്കമുള്ളവർ‍ ജിനി താമസിക്കുന്ന ഗുദൈബിയയിലെ ഫ്ളാറ്റിലെത്തിയപ്പോൾ‍ മുറി ഉള്ളിൽ‍ നിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ‍ തകർ‍ത്താണ് അവർ‍ അകത്തു കയറിയത്. ശനിയാഴ്ച വൈകിട്ടാണ് ജിനി മരിച്ച വിവരം നാട്ടിലുള്ള ബന്ധുക്കളും ഖത്തറിൽ ജോലി ചെയ്യുന്ന ഭർ‍ത്താവായ ആന്റണിയും അറിയുന്നത്.

ചാലക്കുടി സ്വദേശിയായ നിമ്മിയെന്ന സ്ത്രീയാണ് ജിനിയെ ഗൾ‍ഫിൽ‍ എത്തിച്ചത്. ഇവരും ജിനിയുടെ മൃതദേഹത്തെ അനുഗമിച്ച് നാട്ടിലേയ്ക്ക് പോയിരുന്നു. മൃതദേഹം ബന്ധുക്കൾ‍ക്ക് കൈമാറിയ ശേഷം ഹൈദരാബാദിലേയ്ക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ‍, ബന്ധുക്കൾ‍ നയത്തിൽ‍ ഇവരെ പുല്ലൂറ്റുള്ള ജിനിയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെയെത്തിയതിന് ശേഷം രോഷാകുലരായ വീട്ടുകാർ‍ ഇവരെ തടഞ്ഞുവെയ്ക്കുകയും മുറിയിൽ‍ പൂട്ടിയിടുകയും ചെയ്തു. പിന്നീട് വീട്ടുകാരുടെ പരാതി പ്രകാരം ഇവരെ പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിലേയ്ക്ക് മാറ്റി. വി.ആർ‍ സുനിൽ‍കുമാർ‍ എംഎ‍ൽ‍എ, സിഐ പി.സി ബിജുകുമാർ‍, എസ്ഐ ജിനേഷ് എന്നിവരും ജിനിയുടെ വീട്ടിലെത്തിയിരുന്നു. വിദേശത്ത് നടന്ന സംഭവമായതിനാൽ‍ കൂടുതൽ‍ അന്വേഷണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ‍ പറഞ്ഞു.

തൃശ്ശൂർ‍ മെഡിക്കൽ‍ കോളേജിൽ‍ മൃതദേഹ പരിശോധന നടത്തിയ ശേഷം ചാപ്പാറ പള്ളി സെമിത്തേരിയിൽ‍ സംസ്കരിച്ചു. ചാപ്പാറ കാച്ചപ്പിള്ളി ജോസിന്റെയും മേരിയുടെയും മകളാണ് ജിനി. മക്കൾ‍: അലീന, ആൽ‍ബിൻ‍, ആൽ‍വിൻ‍, ആൽ‍വിയ.

You might also like

Most Viewed