ലക്ഷ്യം അഴി­മതി­രഹി­ത ഭരണമെ­ന്ന് യു­.പി­.എ


മനാമ : അഴിമതിരഹിതവും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ ഭരണവും കാഴ്ചവെക്കുന്നതിനാണ് യു.പി.എ മുൻഗണന നൽകുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യു.പി.എ പ്രകടനപത്രികയും വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിലവിൽ സ്‌കൂളിന്റെ ഒാഡിറ്റ് റിപ്പോർട്ട് പ്രകാരം 2017 മാർച്ച് 31 വരെയുള്ള കഴിഞ്ഞ വർഷത്തെ പ്രവർത്തന നഷ്ടം 300,000 ദിനാറിന് മേലെയും, സ്‌കൂളിന്റെ മൊത്തം നഷ്ടം 18 ലക്ഷം ദിനാറും ആയിരിക്കുന്നു. ഈ പരിതാപകരമായ അവസ്ഥയിൽ എത്തിച്ചതിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് രണ്ട് പാനലുകൾക്കും തുല്യ പങ്കാണ് ഉള്ളത്. വലിയ സാന്പത്തിക ക്രമക്കേടുകൾ നടത്തിയും അക്കാദമിക് രംഗം പാടെ തകർത്തതും പടിയിറങ്ങിയവരും അതെ പാത പിന്തുടർന്ന നിഷ്ക്രിയരായവരുമാണീ മുന്നണികൾ. സാമൂഹ്യ പ്രതിബദ്ധതയോടെ എല്ലാ പ്രതിസന്ധികളും മറികടന്നു ഉന്നത കലാലയമാക്കി ഇന്ത്യൻ സ്‌കൂളിനെ അതിന്റെ സുവർണ കാലഘട്ടത്തിലേക്ക് കൊണ്ടുവരുവാൻ പ്രതിജ്ഞാബദ്ധമാണ് യു.പി.എ. ഭരണത്തിൽ വരികയാണെങ്കിൽ രണ്ട് ക്യാന്പസുകളിലും എല്ലാ ദിവസവും ഭരണസമിതിയിലെ അംഗത്തിന്റെ സാന്നിധ്യം സ്‌കൂൾ പ്രവർത്തന സമയത്ത് ഉറപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

കടലാസിൽ മാത്രം ഒതുക്കുന്ന വികസനമല്ല തങ്ങളുടേതെന്നും, നടപ്പിലാക്കുവാൻ കഴിയും എന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങളാണ് തങ്ങളുടെ അജണ്ടയെന്നും പറഞ്ഞ യു.പി.എ ഭാരവാഹികൾ, തങ്ങൾ വിഭാവനം ചെയ്ത ഓപ്പൺ ഹൗസ് പരിപാടി ഇപ്പോൾ പല മുന്നണികളും ഏറ്റെടുത്തതിൽ സന്തോഷം ഉണ്ടെന്നും പറഞ്ഞു. യഥാക്രമം ആറ് കൊല്ലവും മൂന്ന് കൊല്ലവും ഭരിച്ചിട്ട് ഒരു സബ് കമ്മറ്റികൾ പോലും ഉണ്ടാക്കാത്തവരാണ് അവരെ വിഡ്ഢികളാക്കും വിധം ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകുന്നത്. ഫീസ് കുറയ്ക്കും എന്ന് പറഞ്ഞവർ ചരിത്രത്തിൽ ഇല്ലാത്ത വിധം മുൻകാല പ്രാബല്യത്തോടെ ഫീസ് വർദ്ധിപ്പിച്ചു. അക്കാദമിക നിലവാരം മെച്ചപ്പെടുത്തും എന്ന് പറഞ്ഞു വലിയ സംഖ്യ മുടക്കി ഇന്ത്യയിൽ നിന്നും കൊണ്ട്‌ വന്ന ഏജൻസിയുടെ റിപ്പോർട്ട് പോലും പുറത്ത് വിട്ടില്ല. നിലവാരം തീരെയില്ലെന്ന് കൊണ്ടുവന്ന ഏജൻസി തന്നെ ശുപാർശ ചെയ്ത അദ്ധ്യാപകരെ മുഴുവൻ വലിയ ക്ലാസുകളിലേക്ക് പ്രമോട്ട് ചെയ്തു.

ചെറിയ കുട്ടികൾ പഠിക്കുന്ന റിഫ ക്യാന്പസിൽ അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ മാനസിക സമ്മർദ്ദം നൽകുന്ന രീതിയാണ് ഉള്ളത്. ഏഴ് ലക്ഷം ദിനാർ കൊടുക്കുവാനുള്ളതിനാൽ ട്രാൻസ്‌പോർട്ട് കന്പനി ഏത് നിമിഷവും സർവ്വീസ് നിർത്തയേക്കാവുന്ന ഗുരുതരമായ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഫീസ് വർദ്ധനവിനോടപ്പം തന്നെ ട്രാൻസ്‌പോർട്ട് ഫീസും വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും അതിനായി പിരിച്ചെടുത്ത സംഖ്യ എവിടെ പോയെന്ന് സുതാര്യത പറഞ്ഞു തിരഞ്ഞെടുപ്പിനിറങ്ങിയ നിലവിലെ ചെയർമാൻ വ്യക്തമാക്കണം.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് നടത്തിയ ഫെയർ എന്തിന് വേണ്ടിയാണെന്ന് രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചത് ശരിവെക്കും വിധമാണ് വിവരങ്ങൾ പുറത്ത് പറയുന്നത്. രണ്ട് പാനലുകളും ആർഭാടമായി പണം വാരിയെറിഞ്ഞു നടത്തുന്ന പ്രചാരണം കാണുന്പോൾ രക്ഷിതാക്കൾക്ക് സംശയമുണ്ട്. സ്‌കൂൾ മിഷനറിയെ തന്നെ ദുരുപയോഗം ചെയ്താണ് ചെയർമാന്റെ പാനൽ പ്രചാരണം കൊഴുപ്പിക്കുന്നത്. മൂന്ന് വർഷവും കന്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും വാങ്ങിയത് കൂടെ നിൽക്കുന്ന ഒരേ വ്യക്തിയിൽ നിന്നാണ്. മന്ത്രാലയ പ്രതിനിധിയായി വന്ന രണ്ട് മെന്പർമാരാണ് ഏറ്റവും കൂടുതൽ കരാറുകൾ തരപ്പെടുത്തിയത്.

വലിയ തുകയ്ക്കുള്ള സി.സി.ടി.വിയുടെ ക്വട്ടേഷൻ കൊണ്ടുവന്ന് ജനറൽ ബോഡിയിൽ പാസാക്കിയെടുക്കുവാൻ ശ്രമിച്ചതിനെ എതിർത്തത് മൂലം മാത്രമാണ് അന്ന് നടക്കാതെ പോയത്. വീണ്ടും ക്വട്ടേഷൻ വിളിക്കാമെന്ന് പറഞ്ഞവർ അത് ചെയ്യാതെ പിന്നീടത് നടപ്പിലാക്കുന്നതാണ് കണ്ടത്. മന്ത്രാലയ പ്രതിനിധി തന്നെയാണ് അതിന് ചുക്കാൻ പിടിച്ചത്. സ്‌കൂളിൽ ശന്പള വിതരണവും താറുമാറായിരിക്കുകയാണ്. അഴിമതിയുടെയും ആസൂത്രണമില്ലായ്മയുടെയും മാത്രം ചരിത്രം പറയാൻ കഴിയുന്ന മുൻ ചെയർമാന്റെ നേതൃത്വം കൊടുക്കുന്ന മറ്റൊരു പാനലാണ് മത്സര രംഗത്തുള്ളത്. ചെയർമാൻ സ്ഥാനാർത്ഥിയുടെ ചിത്രത്തേക്കാൾ വലുതായി മുൻ ചെയർമാന്റെ ഫോട്ടോയും അച്ചടിച്ച് മൊത്തം രക്ഷിതാക്കൾക്ക് നാണക്കേടുണ്ടാക്കും വിധമാണവരുടെ പ്രവർത്തനം. വർഷാ വർഷം ഫീസ് കൂട്ടാമെന്നു ബാങ്കിന് ഉറപ്പ് കൊടുത്ത്് സ്‌കൂളിന്റെ മുഴുവൻ സ്വത്തുക്കളും പണയം വെച്ച് ഉണ്ടാക്കിയ ബിൽഡിംഗിന്റെ മഹത്വം മാത്രമാണ് പാനലിന് പറയുവാനുള്ളത്. പലവകയിലും ഇന്നും അതിന്റെ കമ്മീഷൻ വാങ്ങിച്ചുകൊണ്ടിരിക്കുന്നു.

സമയമില്ലായ്മ തന്നെയാണ് സ്ഥാനാർത്ഥികളാക്കുവാനുള്ള യോഗ്യതകളാക്കി ഈ പനൽ കണ്ടിരിക്കുന്നത്. ബാക്ക് സീറ്റ് ഡ്രൈവ് ആഗ്രഹിക്കുന്ന നേതാവിന് ഇത് തന്നെയാണ് വേണ്ടതും. ചെയർമാൻ സ്ഥാനാർത്ഥിക്കു പോലും എത്ര സമയം പകൽ ചിലവഴിക്കാൻ കഴിയും എന്ന് ഉറപ്പില്ല. ഓൺലൈൻ ആയി ഡോക്ടറേറ്റ് ലഭിക്കുന്നതിനാൽ അത് കൂടെ ചേർത്ത് പറയാം. യോഗ്യത ഇല്ലാത്തവരുടെ കുറവുകൂടി ഇതിലൂടെ പരിഹരിക്കാമെന്ന് കരുതി കാണും. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടു മുന്പാണ് അന്നത്തെ ചെയർമാൻ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ദിനാറിന് ബുക്കുകൾക്ക് ഓർഡർ കൊടുത്തത്. അന്നത്തെ കമ്മറ്റിയിൽ ഉണ്ടായിരുന്ന ഇപ്പോൾ യു.പി.എയുടെ നേതാവായ വ്യക്തി ചൂണ്ടികാണിച്ചതനുസരിച്ച് പിന്നീട് ആ ഓർഡർ റദ്ദാക്കുകയും 84,000 ദിനാറിനു ഓർഡർ പുതുക്കി നൽകുകയും ഉണ്ടായി. തങ്ങൾ അധികാരത്തിലെത്തിയാൽ സ്‌കൂളിൽ നടന്ന മുഴുവൻ ഇത്തരം ക്രമക്കേടുകളെ പറ്റിയും അന്വേഷിക്കുകയും അത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

അധികാരത്തിന്റെ ശീതളിമക്കും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും അപ്പുറം സ്‌കൂളിന്റെയോ നമ്മുടെ കുട്ടികളുടെയോ ക്ഷേമമോ വികസനമോ ലക്ഷ്യമില്ലാത്ത വ്യക്തികളെയും അവർ നയിക്കുന്ന പാനലുകളെയും തള്ളിക്കളഞ്ഞു സാമൂഹ്യ പ്രതിബദ്ധതയുള്ള അർപ്പണബോധമുള്ള ഉയർന്ന യോഗ്യതയുള്ള യു.പി.എ സ്ഥാനാർത്ഥികളെ രക്ഷിതാക്കൾ തിരഞ്ഞെടുത്ത് സ്‌കൂളിന്റെ ഭാവി സുരക്ഷിതമാക്കുമെന്നും ഭൂരിപക്ഷം രക്ഷിതാക്കളും യു.പി.എ സ്ഥാനാർത്ഥികളെ നല്ല മാർജിനിൽ തന്നെ വിജയിപ്പിക്കും എന്ന ആത്മവിശ്വാസം ഉണ്ടെന്നു നേതൃത്വം അവകാശപ്പെട്ടു.

വാർത്തസമ്മേളനത്തിൽ ചെയർമാൻ സ്ഥാനാർത്ഥി ഫ്രാൻസിസ് കൈതാരത്തിനൊപ്പം മറ്റ് സ്ഥാനാർത്ഥികളും പാനൽ ഭാരവാഹികളും പങ്കെടുത്തു.

You might also like

Most Viewed