അൽ സലാ­മ ഇൻ­സ്റ്റി­റ്റ്യൂട്ട് ബഹ്റൈ­നിൽ


മനാമ : കേരളത്തിൽ പ്രവർത്തിക്കുന്ന അൽ സലാമ ഗ്രൂപ്പിന്റെ ശാഖ ബഹ്‌റൈനിലും പാലക്കാടും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അൽ സലാമ ഗ്രൂപ്പ് മാനേജ്‌മന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച് അൽ സലാമ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുമായി ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ധാരണാ പത്രം കൈമാറി. അൽ സലാമ ചെയർമാൻ എ. മുഹമ്മദ് കുട്ടി ദാർ അൽ ഷിഫാ മാനേജിങ് ഡയറക്ടർ കെ.ടി മുഹമ്മദ് അലിയിൽ നിന്നും ധാരണ പത്രം സ്വീകരിച്ചു.

വിദേശ തൊഴിൽ സാധ്യതകൾ പരിഗണിച്ച് തുടങ്ങിയ ഒപ്‌റ്റോമെട്രി കോഴ്‌സുകൾ പ്രവാസി മലയാളികളിലേയ്ക്കും, വിദേശ വിദ്യാർത്ഥികളിലേയ്ക്കും എത്തിക്കുക എന്നതാണ് കണ്ണാശുപത്രി തുടങ്ങുന്നതോടൊപ്പം ഒപ്‌റ്റോമെട്രി കോളേജും തുടങ്ങുന്നതിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയർമാൻ എ. മുഹമ്മദ് കുട്ടി പറഞ്ഞു. 

ഒപ്‌റ്റോമെട്രി, കോളേജ് സ്ഥാപിക്കുന്നതിലൂടെ സ്വദേശി ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ലഭ്യത വർദ്ധിക്കുമെന്നും, മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആയിരത്തോളം പ്രവാസികളുടെ കൂട്ടായ്മയിൽ നടക്കുന്ന സ്ഥാപനമാണ് അൽ സലാമ. തങ്ങളുടെ സേവനം അതിന്റെ പങ്കാളികളിലേയ്ക്കും എത്തിക്കുന്നതിന് വേണ്ടിയാണ് വിദേശ ശാഖ ആരംഭിക്കുന്നതെന്നും പ്രതിനിധികൾ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

കൂടാതെ നേത്ര ചികിത്സാരംഗത്ത് വിദഗ്‌ദ്ധ ഡോക്ടർമാരെ വാർത്തെടുക്കുന്ന എഫ്.ആർ.സി.എസ്, ഡി.എൻ.ബി, ഒഫ്താൽ മോളജി എന്നിവയും, ബി.എസ്.സി ഒപ്‌റ്റോമെട്രി, എം.എസ്.സി ഒപ്‌റ്റോമെട്രി, ബാച്ചിലർ ഓഫ് ആർക്കിടെക്റ്റ്, എം.ബി.എ തുടങ്ങി നിരവധി കോഴ്‌സുകളും അൽ സലാമയുടെ വിവിധ ക്യാന്പുകളിൽ വിജയകരമായി നടന്ന് വരുന്നു. നിരവധി ജോലി സാധ്യതയുള്ള ബി.ബി.എ, ബി.എസ്.സി ഏവിയേഷൻ തുടങ്ങിയ കോഴ്‌സുകളും ഈ വർഷം തുടങ്ങുമെന്നും കൂടാതെ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്‌ലിയ ഫുഡ് വേൾഡ് റെസ്റ്റോറന്റിൽ കരിയർ ശിൽപശാല സംഘടിപ്പിക്കുമെന്നും പത്ര സമ്മേളനത്തിൽ പറഞ്ഞു. കെ.ടി മുഹമ്മദാലി, നൗഷാദ് കടകശ്ശേരി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

Most Viewed