ലോ­ക കേ­രള സഭ തു­ടങ്ങി : പ്രതീ­ക്ഷയോ­ടെ­ ബഹ്‌റൈ­നും


മനാമ : പ്രവാസികൾക്ക് പങ്കാളിത്തം നൽകി രൂപീകരിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രവാസികൾ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്നങ്ങൾ കാലതാമസം കൂടാതെ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താനും അതിലൂടെ കേരളത്തിന്റെ വികസന പ്രവർത്തങ്ങൾ ത്വരിതപ്പെടുത്താനും തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികൾക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ബഹ്‌റൈനിലെ പ്രവാസികൾ. സംസ്ഥാനത്തിന്റെ എം.പിമാരും എം.എൽ.‍എമാരും മറ്റ് രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുൾപ്പെടെ 351 പേരാണ് സഭയിൽ ഉള്ളത്. 

ബഹ്‌റൈനെ പ്രതിനിധീകരിച്ച് ഒന്പത് പേരാണ് ഇതിൽ പങ്കെടുക്കുന്നത്. പ്രവാസി കമ്മീഷൻ അംഗവും ‘പ്രതിഭ’ നേതാവുമായ സുബൈർ കണ്ണൂർ, കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ, ബഹ്റൈൻ കേരളീയ സമാജം അദ്ധ്യക്ഷൻ പി.വി രാധാകൃഷ്ണപിള്ള, പ്രമുഖ വ്യവസായി വർഗ്ഗീസ് കുര്യൻ, സോമൻ ബേബി, ‘പ്രതിഭ’ നേതാവ് സി.വി നാരായണൻ, നവകേരള പ്രതിനിധി ബിജു മലയിൽ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, പ്രത്യേക ക്ഷണിതാവായി ആട് ജീവിതം നോവലിലെ കഥാപാത്രമായ നജീബ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ.

ഇവരൊക്കെ തന്നെ ഒത്തിരി പ്രതീക്ഷയോടെയാണ് ഈ ഒരു അവസരത്തെ നോക്കി കാണുന്നത്. കേരള നിയമ സഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ പോലെ പ്രവാസി പ്രാതിനിധ്യം ഉറപ്പ് വരുത്തുക, സ്പോർട്സിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെ മികച്ച പരിശീലകരുടെ പരിശീലനം നൽകുക, പ്ലസ് ടു കഴിഞ്ഞാലുള്ള ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുക, പുനരധിവാസ പാക്കേജുകൾ തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇന്ന് നടക്കുന്ന ആദ്യസമ്മേളനത്തിൽ ബഹ്റൈൻ പ്രതിനിധികൾ മുന്നോട്ട് വെയ്ക്കുന്നത്. ഇത് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈൻ സന്ദർ‍ശന വേളയിൽ മുന്പോട്ട് വെച്ച പാക്കേജുകളെ പറ്റിയും പ്രതിനിധികൾ‍ സൂചിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

കക്ഷി രാഷ്ടീയ പരിഗണനയ്ക്കപ്പുറം നിന്ന് കൊണ്ട് പ്രവാസികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കേരള സർക്കാർ ഏറ്റെടുത്ത മാതൃകാപരമായ പ്രവൃത്തിയാണ് ഈ സംരംഭമെന്നാണ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ പൊതുവായ സമീപനമെങ്കിലും, ഇതിൽ സുതാര്യത ഇല്ലെന്നും, തികച്ചും ന്യായമല്ലാത്ത രീതിയിലാണ് പ്രതിനിധികളെ തിരഞ്ഞെടുത്തതെന്നുമുള്ള ചർ‍ച്ചകളും സജീവമാണ്. താഴെ തട്ടിൽ ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവരെയോ, പൊതുപ്രവർത്തനം നടത്തുന്നവരെയോ ഒക്കെ നോക്കുകുത്തികളാക്കി തങ്ങൾ‍ക്ക് ഇഷ്ടമുള്ളവരെ മാത്രം തിരുകി കയറ്റിയാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നതെന്നും വിമർ‍ശനം ഉണ്ടാകുന്നുണ്ട്. സ്ഥിരമായി പല സ്ഥാനങ്ങളിലും ഇരിക്കുന്നവർക്ക് മാത്രം മുൻഗണന കൊടുത്തത് അംഗീകരിക്കാൻ കഴിയില്ല എന്നും ഇവർ പറയുന്നു.

You might also like

Most Viewed