ഷെ­ഡ്യൂൾ തെ­റ്റി­ച്ച് പരീ­ക്ഷ : ചോ­ദ്യ പേ­പ്പർ ചോ­ർ­ന്നതാ­യി­ പരാ­തി­


മനാമ : സി.ബി.എസ്.ഇ പതിനൊന്നാം ക്ലാസ് വാർഷിക ക്ലസ്റ്റർ പരീക്ഷയിൽ പരീക്ഷാ ചോദ്യപേപ്പർ ചോർന്നതായി പരാതി. ബഹ്‌റൈനിലെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഇന്നലെ നടന്ന ബയോളജി, ബിസിനസ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് പല വിദ്യാർത്ഥികൾക്കും തലേന്ന് തന്നെ ചോർന്ന് കിട്ടിയത്. 

ബഹ്‌റൈനിലെ സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന ഇന്ത്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ഇബനാൽ ഹൈതം, ന്യൂ മില്ലേനിയം, അൽ നൂർ സ്‌കൂൾ എന്നീ ഇന്ത്യൻ സ്‌കൂളുകളിലെ എല്ലാം വാർഷിക പരീക്ഷകൾ ക്ലസ്റ്റർ സന്പ്രദായത്തിലാണ് നടത്തിവരുന്നത്. (ഓരോ സ്‌കൂളും ഓരോ വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുകയും അത് പരസ്പരം കൈമാറുകയും ചെയ്തു പിന്നീട് ഒരേ ഷെഡ്യൂളിൽ പരീക്ഷ നടത്തുകയാണ് ചെയ്യുന്നത്) അതുകൊണ്ടു തന്നെ ബഹ്‌റൈനിലെ മേൽപ്പറഞ്ഞ എല്ലാ സ്‌കൂളുകളിലും ഒരേ ടൈം ടേബിളാണ് പരീക്ഷയ്ക്കായി ഉണ്ടാക്കുന്നത്. എന്നാൽ ന്യൂ ഇന്ത്യൻ സ്‌കൂൾ അതിനു വിരുദ്ധമായി ഒരു ദിവസം മുന്പേ ബയോളജി, ബിസിനസ് പരീക്ഷകൾ നടത്തിയതാണ് പരീക്ഷാപേപ്പർ ചോരുന്നതിന് കാരണമായത്. ആശയവിനിമയത്തിലുണ്ടായ പിഴവുകളാണ് ഇത്തരം ഒരു തെറ്റിന് കാരണമായതെന്ന് ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പറയുന്നു. ഇക്കാര്യം പരീക്ഷ നടന്ന ദിവസം വരെ ആരുടേയും ശ്രദ്ധയിൽ പെട്ടില്ലെന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് സി.ബി.എസ്.സി ഇത്തരം ഒരു ക്ലസ്റ്റർ പരീക്ഷാ രീതി ഏർപ്പെടുത്തിയിട്ടുള്ളത്. വളരെ കുറച്ചു സ്‌കൂളുകൾ മാത്രമുള്ള ബഹ്‌റൈനിലെ വാർഷിക പരീക്ഷാ നടത്തിപ്പിൽ ഇങ്ങനെ ഒരു ഗൗരവതരമായ തെറ്റ് സംഭവിച്ചതോടെ ക്ലസ്റ്റർ പരീക്ഷകളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടതായി ഒരു രക്ഷിതാവ് പറഞ്ഞു.

വിദ്യാർത്ഥികൾ ഏറെ നാൾ അദ്ധ്വാനിച്ചും ഉറക്കമിളിച്ചിരുന്ന് പഠിച്ചും എഴുതുന്ന വാർഷിക പരീക്ഷ ഇത്തരം ഒരവസ്ഥയാക്കി മാറ്റിയ ഗുരുതരമായ വീഴ്ച തീർത്തും നിരുത്തരവാദപരവും പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നതുമാണെന്ന് ചില രക്ഷിതാക്കൾ പറഞ്ഞു.

വീണ്ടും പരീക്ഷ നടത്തുമായിരിക്കും. കുട്ടികൾക്ക് വീണ്ടും ഒരു പരീക്ഷ നടത്തുന്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾക്ക് ആര് മറുപടി പറയുമെന്നും ഒരു രക്ഷിതാവ് ചോദിച്ചു. ബയോളജിയും ബിസിനസ് സ്റ്റഡീസ് പരീക്ഷകൾ കഴിഞ്ഞ സമാധാനത്തിൽ അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാർത്ഥികൾ.

എന്നാൽ ഇനി ഈ പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോ എന്നുള്ള ആശങ്കയിലാണ് അവരിപ്പോൾ. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകളുടെയും ഒരു അടിയന്തിര യോഗം ഇന്ന് രാവിലെ ചേർന്നിരിക്കുകയാണ്. യോഗ തീരുമാനങ്ങൾ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇന്ന് വൈകീട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്.

You might also like

Most Viewed