ഫു­ട്ബോൾ കോ­ച്ചി­ന്റെ­ തി­രോ­ധാ­നം : ആശങ്കയോ­ടെ­ കു­ടുംബവും


മനാമ : കണ്ണൂർ സ്വദേശിയായ ഫുട്ബോൾ കോച്ചായ മലയാളിയെ ബഹ്റൈനിൽ നിന്നും കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം ആയിട്ടും ഇതുവരെ യാതൊരു തുന്പും ലഭിച്ചില്ല. ബഹ്റൈനിൽ ഫുട്ബോൾ കോച്ചായി പ്രവർത്തിച്ചിരുന്ന കണ്ണൂർ പയ്യാന്പലം സ്വദേശി തിലകന്റെ തിരോധാനത്തിൽ ആശങ്കയോടെ കഴിയുകയാണ് നാട്ടിലെ കുടുംബവും. ഫെബ്രുവരി 4 (ഞായറാഴ്ച) രാവിലെ മുതലാണ് ഇദ്ദേഹത്തെ ഹൂറയിലെ താമസ സ്ഥലത്ത് നിന്നും കാണാതാകുന്നത്. ശനിയാഴ്ച വൈകീട്ട് മുറിയിൽ എത്തിയിരുന്ന ഇദ്ദേഹം ഞായറാഴ്ച രാവിലെ വരെയും റൂമിൽ ഉണ്ടായിരുന്നതായി മുറിയിൽ ഒരുമിച്ചു കഴിഞ്ഞവരും പറയുന്നു. അന്ന് രാവിലെ 10 മണിക്ക് ഫോൺ ചെയ്തപ്പോൾ മനാമയിൽ പോകുന്ന കാര്യം പറഞ്ഞിരുന്നതായി ഇദ്ദേഹം ഫുട്ബോൾ കോച്ചായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും ഏറെക്കാലത്തെ സുഹൃത്തുമായ അഡ്വ. ലതീഷ് ഭരതൻ പറഞ്ഞു. പിന്നീട് വിളിച്ചപ്പോഴേയ്ക്കും ഫോൺ സ്വിച്ച് ഓഫായിരുന്നു. അതിനുശേഷം റൂമിൽ എത്തുകയോ ആരുമായും ബന്ധപ്പെട്ടതായോ വിവരമില്ല. തുടർന്ന് ഇന്ത്യൻ എംബസിയിലും പോലീസിലും പരാതി നല്കുകയായിരുന്നുവെന്നും ലതീഷ് പറഞ്ഞു. തിലകന്റെ തിരോധാന വിവരമറിഞ്ഞ് ദുഃഖിതരായി കഴിയുകയാണ് കണ്ണൂരിലുള്ള കുടുംബവും.

അച്ഛൻ കഴിവതും എല്ലാ ദിവസവും വീട്ടിലേയ്ക്ക് ഫോൺ ചെയ്യുമായിരുന്നുവെന്നു മകൻ വൈശാഖ് 4 പി.എം ന്യൂസിനോട് പറഞ്ഞു. ഫുട്ബോളിന്റെ തിരക്കുകളോ മറ്റോ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം വൈകുമെന്നല്ലാതെ ആദ്യമായാണ് വീട്ടിലേയ്ക്ക് ഇത്രയും ദിവസം വിളിക്കാതിരിക്കുന്നതെന്നും വൈശാഖ് പറഞ്ഞു. എം.ബി.എ ബിരുദക്കാരിയായ സഹോദരിക്ക് ബഹ്‌റൈനിൽ പിതാവ് ജോലി ചെയ്യുന്ന കന്പനിയിൽ തന്നെ വിസ എടുത്ത് അയക്കുകയും ചെയ്തിരുന്നു. വിമാന ടിക്കറ്റ് എടുത്ത് ഉടനെ അയക്കാം എന്ന് പറഞ്ഞ് ജനുവരി 22നാണ് അവസാനമായി വിളിച്ചതെന്നും മകൻ പറഞ്ഞു. തിരക്ക് കൊണ്ടായിരിക്കാം വിളിക്കാതിരുന്നതെന്നാണ് ഇതുവരെ കരുതിയത്. എന്നാൽ ഇപ്പോൾ മൊബൈലിൽ വിളിച്ചു കിട്ടുന്നുമില്ല. അതിന് പിറകെയാണ് അച്ഛനെ കാണാനില്ലെന്ന വാർത്തയുമെത്തുന്നത്. അതോടെ കുടുംബം ആശങ്കയുടെ വക്കിലായിരിക്കുകയാണ്. തന്റെ പിതാവിനെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്നും ബഹ്‌റൈനിലെ മലയാളി സമൂഹം അതിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്ത് തരണമെന്നും വൈശാഖ് അഭ്യർത്ഥിച്ചു.

എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് യാതൊരു പിടിയുമില്ലെന്ന് ലതീഷ് ഭരതൻ പറഞ്ഞു. ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിച്ചിരുന്ന, ടൈറ്റാനിയത്തിന്റെ കളിക്കാരനായിരുന്ന അദ്ദേഹത്തിനെ പുതിയ തലമുറ അവഗണിക്കുന്നു എന്ന ഘട്ടം വന്നപ്പോഴാണ് 2016 സപ്തംബറിൽ ബഹ്റൈനിലേയ്ക്ക് കൊണ്ടുവന്നത്. നിരവധി കുട്ടികളെ ഫുട്ബോൾ രംഗത്ത് കൈപിടിച്ച് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടയിലെ ഈ തിരോധാനം തീർത്തും ദൗർഭാഗ്യകരമായിപ്പോയി. എത്രയും പെട്ടെന്ന് അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ അദ്ദേഹത്തെ കാണാതായതിനെ പേരിൽ തന്നെയും ചിലർ ക്രൂശിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും ലതീഷ് ഭരതൻ പറയുന്നു.

You might also like

Most Viewed