പാ­ർ­ക്കിംഗ് ഏരി­യ അടച്ചു­ പൂ­ട്ടി­യതി­നെ­തി­രെ സമൂ­ഹ മാ­ധ്യമങ്ങളിൽ പ്രതി­ഷേ­ധം ശക്തമാ­കു­ന്നു­


മനാമ : ഇസാടൗണിൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഹൗസിംഗ് പ്രോജക്ടുകളിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. 801 ബ്ലോക്കിലെ താമസക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഓൾഡ് ഇസാടൗൺ അപ്പാർട്ട്മെന്റുകൾ എന്നറിയപ്പെടുന്ന കെട്ടിടങ്ങളുടെ പാർക്കിംഗ് ഏരിയ ലോഹ ബാരിക്കേഡുകൾ കൊണ്ട് അടച്ചിരിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. എസ്കാൻ ബാങ്കാണ് പാർക്കിംഗ് ഏരിയകൾ അടച്ചിക്കുന്നതെന്നും പാർക്കിങ്ങിന് ഫീസ് നൽകണമെന്ന് അവർ ആവശ്യപ്പെട്ടതായും വീഡിയോ പകർത്തിയ വ്യക്തി പറയുന്നുണ്ട്.

തങ്ങൾ ഓൾഡ് ഇസാടൗൺ അപ്പാർട്ട്മെന്റിലെ താമസക്കാരാണെന്നും എസ്കാൻ ബാങ്ക് കെട്ടിടങ്ങളുടെ പാർക്കിംഗ് ഏരിയ ലോഹ ബാരിക്കേഡുകൾ കൊണ്ട് അടച്ചിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. പാർക്കിങ്ങിന് ഫീസ് അടയ്ക്കണമെന്ന് ബാങ്ക് പറഞ്ഞതായും എന്തുകൊണ്ടാണ് പൗരന്മാർ അടയ്ക്കേണ്ടിവരുന്നതെന്നും വീഡിയോ പകർത്തിയ ആൾ ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ആരോപണങ്ങൾ ബാങ്ക് നിഷേധിച്ചു

വീഡിയോ വൈറലായതോടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് എസ്കാൻ ബാങ്ക് പ്രസ്താവന പുറത്തിറക്കി. അപ്പാർട്മെന്റുകളുടെ പാർക്കിങ് ഏരിയയുടെ ചില ഭാഗങ്ങൾ താമസക്കാർ തന്നെയാണ് കയ്യേറിയിരിക്കുന്നതെന്ന് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. വാഹനങ്ങൾ റിപ്പയർ ചെയ്യാൻ ചിലർ പാർക്കിങ് ഏരിയ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ബാങ്ക് പറയുന്നു. 801 ബ്ലോക്കിലെ താമസക്കാർക്ക് മേൽക്കൂരയോടുകൂടിയ പാർക്കിങ് ഏരിയ നിർമ്മിക്കുന്നതിനുള്ള തീരുമാനത്തിലെ ഒരു ഭാഗമാണ് ചെറിയ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം. 188 താമസക്കാർക്ക് പ്രയോജനപ്പെടുന്ന ഒരു സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പദ്ധതിക്കായി ബഡ്ജറ്റ് രൂപകൽപ്പന ചെയ്തതായും ബാങ്ക് വ്യക്തമാക്കി. ചിലവിന്റെ ഒരു ചെറിയ ഭാഗം ജനങ്ങളിൽനിന്നും സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നന്നും ബാങ്ക് പറയുന്നു. പ്രതിമാസം അഞ്ച് ബഹ്‌റൈൻ ദിനാറാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. 188 പാർക്കിങ് ലോട്ടുകളിൽ 30 എണ്ണത്തിന് മാത്രമാണ് മേൽക്കൂര നിർമ്മാണം പൂർത്തിയാക്കിയത്. അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് ഇവ കൈമാറിയതായും, ബാക്കിയുള്ളവർ നിയമവിരുദ്ധമായി ഇവ ഉപയോഗിക്കുന്നത് തടയാനാണ് ശ്രമിച്ചതെന്നും ബാങ്ക് പറയുന്നു. മേൽക്കൂരയില്ലാത്ത പാർക്കിങ് ഏരിയ ലഭ്യമാണെങ്കിലും ചിലർ അവ ഉപയോഗിക്കാതെ മേൽക്കൂരയുള്ള പാർക്കിങ് ഏരിയകളിൽ അതിക്രമിച്ച് കടക്കുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തതായും ബാങ്ക് ആരോപിച്ചു.

 

You might also like

Most Viewed