ബഹ്‌റൈൻ ഇന്റർനാഷണൽ ഗാ­ർ­ഡൻ ഷോ­ ഫെ­ബ്രു­വരി­ 22 മു­തൽ


മനാമ : ഭക്ഷ്യസുരക്ഷയും ആരോഗ്യവും എന്ന പ്രേമേയത്തിൽ ബഹ്‌റൈനിൽ ഫെബ്രുവരി 22 മുതൽ 25 വരെ ഇന്റർനാഷണൽ ഗാർഡൻ ഷോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈൻ രാജാവിന്റെ പത്‌നിയും നാഷണൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് കൺ‍സൾട്ടേറ്റീവ് കൗൺ‍സിൽ അദ്ധ്യക്ഷയുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ ഫെബ്രുവരി 21ന് ഷോയുടെ ഔദ്യോദിക ഉദ്ഘാടനം നിർവ്വഹിക്കും.

രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം നടത്തുന്നത്. ഈ വർഷത്തെ ഷോ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന കൃഷി രീതികൾക്ക് പ്രാധാന്യം നൽകുകയും അതോടൊപ്പം, കർഷകരെയും പരിഗണിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷയും, ആരോഗ്യവും ഉറപ്പ് വരുത്തുക എന്നതാണ്. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന പ്രദർശനത്തിനോടനുബന്ധിച്ച് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗ്രീക്കിലെ 4 കന്പനികളെ ഉൾപ്പെടുത്തികൊണ്ട് മികച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളും, ആരോഗ്യ സുരക്ഷയും എന്ന വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.

7000 സ്‌ക്വയർ മീറ്ററിൽ നടക്കുന്ന പ്രദർ‍ശനത്തിൽ 155−ഓളം സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. കാർഷിക രംഗത്ത് വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തിയ നിരവധി കന്പനികൾ അവരുടെ കാർഷിക ഉപകരണങ്ങൾ, വിത്തുകൾ, പൂക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ, ചെടികൾ, മരുന്ന് ചെടികൾ, ഗാർഡൻ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും ഗാർഡൻ ഷോയിൽ ഒരുക്കിയിട്ടുണ്ട്. കാർ‍ഷിക മേഖലയിലെ പുതിയ പ്രവണതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തികൊണ്ട് പ്രത്യേകം പ്രദർശങ്ങനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇറ്റലി, നെതെർലാൻഡ്, ഫ്രാൻ‍സ്, ഗ്രീക്ക്, ചൈന, ഇന്ത്യ, തുർക്കി, മൊറൊക്കൊ, യു.കെ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളാണ് എക്‌സിബിഷനിൽ പങ്കെടുക്കുന്നത്. ബഹ്‌റൈനിലെ കാർഷിക സുസ്ഥിരതയ്ക്ക് വേണ്ടി സാന്പത്തികവും, വ്യാവസായികപരവുമായ സംരംഭങ്ങൾ ഉണ്ടാകണമെന്നും, അതുകൊണ്ട് ഗാർഡൻ ഷോയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നാഷണൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സെക്രട്ടറി ജനറൽ ഷെയ്ക്ക മാറം പറഞ്ഞു.

You might also like

Most Viewed