മൃ­തദേ­ഹം ദഹി­പ്പി­ക്കു­ന്നതിന് നൂ­തന സംവി­ധാ­നം : എതിരല്ലെന്ന് മനാമ ശ്രീകൃഷ്ണ ക്ഷേത്രം


മനാമ: ബഹ്റൈനിൽ ഹിന്ദു ആചാരപ്രകാരമുള്ള മൃതദേഹം ദഹിപ്പിക്കുന്നതിന് ഇലക്ട്രിക് സിസ്റ്റം ഉപയോഗപ്പെടുത്തുമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. ഇപ്പോൾ മൃതദേഹം ദഹിപ്പിക്കുന്ന അവാലി പരിസരത്തുള്ള താമസക്കാർ മൃതദേഹം ദഹിപ്പിക്കുന്നത് സംബന്ധിച്ച് ചില പരാതികൾ ഉന്നയിച്ച സാഹചര്യത്തി ലാണ്‌ ഇലക്ട്രിക് ഓവൻ രീതി ഏർപ്പെടുത്തണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടത്. ഇക്കാര്യം ബഹ്‌റൈനിലെ ഹിന്ദു ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കുന്ന തട്ടായി ഹിന്ദു സമൂഹത്തിനെ അറിയിക്കുമെന്നും കൗൺസിൽ ചെയർമാൻ അൽ അൻസാരി പറഞ്ഞു. വെസ്റ്റ് റിഫയിൽ ഇതിന് വേണ്ടി പ്രത്യേകം സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൃതദേഹം പൊതു സ്ഥലത്ത് ദഹിപ്പിക്കുന്പോൾ അടുത്തുള്ള പ്രദേശങ്ങളിലേയ്ക്ക് കത്തിയ മണവും പുകയും പടരുന്നതായിട്ടാണ് പരിസരത്ത് താമസിക്കുന്നവർ പരാതിപ്പെടുന്നത്. ഉയർന്ന താപത്തിലുള്ള പ്രത്യേക ഓവൻ സംവിധാനം ഉണ്ടാക്കാനുള്ള നിർദ്ദേശം ഉടൻതന്നെ ആരോഗ്യ മന്ത്രാലയത്തിനും, അർബൻ പ്ലാനിംഗിലും, പരിസ്ഥിതി കൗൺസിലിലും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകർ ചീഞ്ഞളിഞ്ഞ കാർഷിക ഉൽപ്പന്നങ്ങളും മറ്റും കത്തിച്ച് കളയുന്പോൾ അതിന് പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമമാണുള്ളത്. പലരിൽ നിന്നും ഇത്തരം പിഴ ഈടാക്കുന്നുമുണ്ട്. അത് പോലെ തന്നെയെല്ലേ മൃതദേഹം ദഹിപ്പിക്കുന്നതും എന്നുള്ള ചോദ്യമാണ് പ്രദേശവാസികളായ താമസക്കാർ ഉന്നയിക്കുന്നത്. ഹിന്ദു ആചാരത്തെയോ മൃതദേഹം ദഹിപ്പിക്കുന്നതിനെയോ ആരും ചോദ്യം ചെയ്യുന്നതല്ലെന്നും എന്നാൽ ദഹിപ്പിക്കുന്ന രീതിയ്ക്ക് മാറ്റം ഉണ്ടാകണമെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അൻസാരി വ്യക്തമാക്കി. പരാതി ഉയർന്നുവന്നിട്ടുള്ള പ്രദേശങ്ങൾ കഴിഞ്ഞ വർഷം സന്ദർശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിൽ തീർത്തും ആരോഗ്യകരമായ രീതിയിലുള്ള മൃതദേഹ സംസ്കരണമാണ് നിർദ്ദേശിച്ചിട്ടുള്ളത്. മൃതദേഹം സ്വരാജ്യത്തേയ്ക്ക് കൊണ്ടുപോകുന്നത് ചിലവേറിയ പ്രക്രിയയായതിനാൽ വലിയൊരു വിഭാഗം ഹിന്ദുക്കളും ഇപ്പോൾ മൃതദേഹം ബഹ്റൈനിൽ സംസ്കരിക്കുന്ന സമീപനമാണ് കണ്ടുവരുന്നത്. പുതിയ രീതി പ്രാവർത്തികമായാലും ബന്ദുക്കൾക്കും മറ്റും സംസ്കരിക്കുന്ന ചടങ്ങ് കാണുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും ഉണ്ടാകും. 

പുതിയ രീതിക്ക് തങ്ങൾ ഒരിക്കലും എതിരല്ലെന്ന് മനാമ ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹികൾ അഭിപ്രായപ്പെട്ടു. എന്നാലിപ്പോൾ ചുരുങ്ങിയ നിരക്കിലാണ് സംസ്കാരം നടത്തിവരുന്നത്. ഇലക്ട്രിക് ശ്‌മശാനം വരുന്നതോടെ ഉണ്ടാകാനിടയുള്ള ഭാരിച്ച ചിലവുകൾ സാധാരണക്കാർക്ക് താങ്ങാനാകുമോ എന്നുള്ള ആശങ്കയും അവർ പ്രകടിപ്പിക്കുന്നു. നിലവിൽ ആഴ്ചയിൽ രണ്ട് മൃതദേഹമെങ്കിലും അവാലിയിൽ സംസ്കരിക്കപ്പെടുന്നുണ്ട്.

You might also like

Most Viewed