അപകട മരണങ്ങളിൽ ഭൂ­രി­ഭാ­ഗവും കൺ­സ്‌ട്രക്ഷൻ മേ­ഖലയി­ലെ­ന്ന് റി­പ്പോ­ർ­ട്ട്


മനാമ : രാജ്യത്തുണ്ടാകുന്ന തൊഴിലിടങ്ങളിലെ അപകട മരണങ്ങളിൽ ഭൂരിഭാഗവും കൺസ്‌ട്രക്ഷൻ മേഖലയിലാണെന്ന് റിപ്പോർട്ട്. ജോലിക്കിടെയുണ്ടായ അപകടങ്ങളിൽ 301 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. അതിൽ 114 മരണങ്ങളും സംഭവിച്ചത് നിർമ്മാണ മേഖലയിലാണെന്നത് ആശങ്കയുളവാക്കുന്നു. 

ഉൽപ്പാദന മേഖലയിൽ 78ഉം, ഹോൾസെയിൽ− റീട്ടെയിൽ മേഖലയിൽ 41ഉം, ഹോസ്പിറ്റാലിറ്റി മേഖലയിൽ 17ഉം, സപ്പോർട്ട് സിസ്റ്റം മേഖലയിൽ പത്തും, ഖനന മേഖലയിൽ എട്ടും ഗതാഗത മേഖലയിൽ അഞ്ചും സയന്റിഫിക് മേഖലയിൽ മൂന്നും വിവര സാങ്കേതിക മേഖലയിലും ഓട നിർമ്മാണ മേഖലയിലും ഓരോന്നുവീതവും അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റു മേഖലകളിലായി 23 അപകട മരണങ്ങളുണ്ടായി. 

ഇന്നലെ നടന്ന ഒരു ഹെൽത്ത് കോൺഫറൻസിൽ തൊഴിൽ−സാമൂഹ്യ വികസന വകുപ്പാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ജി.സി.സി രാജ്യങ്ങളിൽ നിർമ്മാണ മേഖല വളരെ സജീവമാണ്. ആഗോള തലത്തിൽ തന്നെ ഏറെ അപകടസാദ്ധ്യത നിറഞ്ഞതാണ് നിർമ്മാണ മേഖല. അതിനാൽ തന്നെ മേഖലയിൽ തൊഴിൽ ചെയ്യുക എന്നത് അത്യധികം ശ്രമകരമാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ലേബർ ഇൻസ്‌പെക്ഷൻ ആൻഡ് ഒക്ക്യൂപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സീനിയർ ഓഫീസർ ഡോ. അമീൻ അൽവറെയ്‌ത്‌ പറഞ്ഞു. ഉയരത്തിൽ നിൽക്കേണ്ടിവരിക, താൽക്കാലികമായി നിർമ്മിക്കുന്ന തട്ടുകളുടെ സുരക്ഷ, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ഈ മേഖലയിലെ വെല്ലുവിളികളാണെന്നും അൽവറെയ്‌ത്‌ വ്യക്തമാക്കി. 

അപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുന്നതിനായി മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്നും സുരക്ഷാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സൗകര്യങ്ങളുടെ കാര്യത്തിൽ ജി.സി.സി രാജ്യങ്ങളിലെ നിർമ്മാണ മേഖലയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് കൂടുതൽ പ്രതീക്ഷ വർദ്ദിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed