ഭൂമിക പ്രഭാഷണം സംഘടിപ്പിച്ചു


മനാമ: ദേശം, ദേശീയത, രാഷ്ട്രം എന്നിവയുടെ ചരിത്രവും വർത്തമാനവും ഭാവിയും ചർച്ച ചെയ്യുന്ന മൂന്ന് പ്രഭാഷണങ്ങൾ ഭൂമിക ബഹ്റൈൻ സംഘടിപ്പിച്ചു. കെ.സി.എയിൽ നടന്ന പ്രഭാഷണസന്ധ്യയിൽ പങ്കജ്നഭൻ, അനിൽ വേങ്കോട്, സജി മർക്കോസ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.‘േസ്റ്ററ്റിന്റെ പരിണാമം’ എന്ന വിഷയത്തിൽ സംസാരിച്ച പങ്കജ്നഭൻ ദേശം, ദേശീയത, രാഷ്ട്രം എന്നിവ തമ്മിലുള്ള സമന്വയങ്ങളും വൈരുദ്ധ്യങ്ങളും അവയുടെ ആവിർഭാവത്തിന്റെയും വികാസപരിണാമങ്ങളുടേയും ചരിത്രം പരിശോധിച്ചുകൊണ്ട് വിശദീകരിച്ചു.

 അതുവഴി ചരിത്രത്തിന്റെ അവസാനമല്ല നാം കാണുന്നതെന്നും ജനാധിപത്യത്തിന്റെയും പ്രതിനിധാനാധികാരത്തിന്റെയും ഇന്നത്തെ രൂപങ്ങൾ എക്കാലവും സ്ഥായിയായിരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തിയുടെ ജീവിതലോകത്തിന്റെയും വിചാരലോകത്തിന്റെയും വികാസത്തിനനുസരിച്ച് ചുരുങ്ങുകയും വലുതാവുകയും ചെയ്യുന്ന ഒരു ഭാവന മാത്രമാണു ദേശീയത എന്ന് ‘ദേശീയത: സത്യവും മിഥ്യയും’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച അനിൽ വേങ്കോട് നിരീക്ഷിച്ചു.

ദേശീയത തീവ്രതയിലേക്ക്  വഴിമാറുന്നത് അപകടകരമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണു ഇതെന്ന് ‘ഇന്ത്യൻ ദേശീയത −വർത്തമാനവും ഭാവിയും’ എന്ന വിഷയത്തിൽ സംസാരിച്ച സജി മർക്കോസ് ചൂണ്ടിക്കാട്ടി. വർഗീയ ഭൂരിപക്ഷം രാഷ്ട്രീയഭൂരിപക്ഷമായി മാറിയാലുള്ള അപകടത്തെക്കുറിച്ചുള്ള അംബേദ്കറിന്റെ നിരീക്ഷണം ജർമ്മനിയുടേയും മലേഷ്യയുടേയും ചരിത്രം ഉദാഹരിച്ചുകൊണ്ട് പ്രാസംഗികൻ സമർത്ഥിച്ചു.ശുഭാപ്തിവിശ്വാസത്തോടെയുള്ള ഒരു ഭാവിയെ ഇന്ത്യയ്ക്ക് സമീപിക്കണമെങ്കിൽ വർഗീയരാഷ്ട്രീയം അത്തരമൊരു മേൽക്കൈ നേടുന്നതിനെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ഇ.എ സലിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ അനു ബി കുറുപ്പ്, രാജീവൻ, ദിലീപ്, സ്വാതി ജോർജ്ജ് മുതലായവർ പങ്കെടുത്തു. ഭൂമിക സെക്രട്ടറി എൻ.പി ബഷീർ സ്വാഗതവും നജിമുദ്ദീൻ വാഴയിൽ നന്ദിയും പറഞ്ഞു.

You might also like

Most Viewed