ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നു

മനാമ : ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ റോഡിലെ ക്രൗൺ പ്രിൻസസ് റൗണ്ട്എബൗട്ടിന് വലതുവശം 1204 ബ്ലോക്കിലേയ്ക്ക് പുതിയ ട്രാഫിക് ലൈൻ നിർമിക്കുന്നതിന് മുനിസിപ്പാലിറ്റി അഫേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയം പദ്ധതികൾ ആവിഷ്കരിക്കുന്നു.
ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് അടിയന്തിര പരിഹാരങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ.
പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗതം സുഗമമാകുമെന്നും റോഡുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതോടെ മണിക്കൂറിൽ 900 വാഹനങ്ങൾ വരെ റോഡിലൂടെ കടന്നുപോകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ റോഡും ഷെയ്ഖ് ഇസ ബിൻ സൽമാൻ റോഡും ചേരുന്നിടത്തുള്ള ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകുമെന്നും ആലി, സാൽമബാദ്, ഇസാടൗൺ, റിഫ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള പ്രവേശനം സുഗമമാകുമെന്നും മന്ത്രി അറിയിച്ചു.