സു­ഷമാ­ സ്വരാജ് ശനിയാഴ്ച ബഹ്‌റൈ­നി­ൽ;പരാ­തി­കളു­ടെ­ കെ­ട്ടഴി­ക്കാൻ തയ്യാ­റാ­യി­ പ്രവാ­സി­കൾ


രാജീവ് വെള്ളിക്കോത്ത് 

മനാമ: രണ്ട് ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ബഹ്റൈനിലേയ്ക്ക് എത്തുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച ബഹ്‌റൈനിൽ എത്തുന്ന മന്ത്രി വൈകുന്നേരം 4 മണിക്ക് ഇന്ത്യൻ എംബസിയുടെ സീഫിലുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. സുഷമാ സ്വരാജിന്റെ രണ്ട് ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുമായുള്ള രണ്ടാമത് ജോയിന്റ് കമ്മീഷൻ യോഗത്തിൽ സംബന്ധിക്കും. 2015ലെ ആദ്യ യോഗത്തിലും സുഷമ സ്വരാജ് സംബന്ധിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ ബഹ്‌റൈൻ സന്ദർശനമായിരുന്നു അത്. ബഹ്‌റൈൻ രാജാവ് കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരുമായും കൂടിക്കാഴ്ച നടത്താനിടയുണ്ടെന്നാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള വ്യാപാര നിക്ഷേപ മേഖലയിൽ ഇരുരാജ്യങ്ങളും പുലർത്തിവരുന്ന പരസ്പര സഹകരണവും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടവും ചർച്ച ചെയ്യപ്പെടുമെന്നും കരുതുന്നു. ബഹ്‌റൈൻ എണ്ണ വകുപ്പ് മന്ത്രി കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യാസന്ദർശനം നടത്തിയപ്പോൾ ഇന്ത്യയിലെ പെട്രോ കെമിക്കൽ കന്പനികൾക്ക് എണ്ണ ഉൽപ്പന്നങ്ങൾ ബഹ്റൈനിൽ നിന്ന് എത്തിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ബഹ്‌റൈനിൽ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തിൽ വിദേശകാര്യമന്ത്രിയുമായി ഇക്കാര്യത്തിലും മറ്റ് പ്രവാസി പ്രശ്നങ്ങളിലും ചർച്ച ഉണ്ടാകുമെന്ന് കരുതുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈന്റെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

ഇന്ത്യൻ വിദേശകാര്യമന്ത്രി എത്തുന്പോൾ പ്രവാസികൾ അവരുടെ ദീർഘ നാളത്തെ പരാതികളുടെ കെട്ടഴിക്കാൻ കാത്തുനിൽക്കുകയാണ്. കാലാകാലങ്ങളായി നിരവധി കേന്ദ്ര സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വരുന്പോൾ അവർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ട പല പരാതികളും ജലരേഖയായി കിടക്കുകയാണെങ്കിലും ഇന്ത്യൻ വിദേശ കാര്യമന്ത്രി എന്ന നിലയിൽ ഇതുവരെ മറ്റേതൊരു മന്ത്രി ചെയ്തതിനേക്കാളും കൂടുതൽ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട് എന്ന നിലയിൽ പ്രവാസികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് പല പ്രവാസികളും. നിലവിൽ പ്രവാസികളുടെ ജീവിത ചിലവുകൾ സാരമായി ബാധിച്ചിരിക്കുന്ന വൈദ്യുതി ചാർജ്ജിന്റെ കാര്യത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുമായി നേരിട്ട് ചർച്ച നടത്തണമെന്നാണ് വലിയൊരു ശതമാനം പ്രവാസികളുടെയും ആവശ്യം. ഇത് സംബന്ധിച്ച് സാമൂഹ്യ പ്രവർത്തകരടങ്ങുന്ന വിവിധ സോഷ്യൽ ഗ്രൂപ്പുകളിൽ വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുൻപ് തീരുമാനിക്കപ്പെട്ട ജയിൽ മാറ്റം സംബന്ധിച്ചും വിമാന നിരക്ക് വർദ്ധനവ്  തുടങ്ങി പ്രവാസികൾ നിരന്തരം ആവശ്യപ്പെട്ടതും പുതിയ ചില ആവശ്യങ്ങളുമെല്ലാം മന്ത്രിയുടെ സമക്ഷം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് പ്രവാസി സമൂഹം.

 

 

 

 

 

You might also like

Most Viewed