ബി.കെ.എസ് ഭവന പദ്ധതി; ജോസിന്റെ കുടുംബത്തിന് താക്കോൽ കൈമാറി


മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന അശരണർക്കുള്ള ഭവന പദ്ധതിയിൽ നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് അങ്കമാലിക്കടുത്ത് തുറവൂരിൽ പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽദാനം നടത്തി. വൃക്ക കരൾ രോഗത്തെ തുടർന്ന് മരണമടഞ്ഞ ജോസ് കല്ലൂക്കാരന്റെ നിർധന കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്. ജോസും കുടുംബവും വർഷങ്ങളായി തുറവൂർ വാട്ടർടാങ്കിന് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഈ കുടുംബത്തിന്‍റെ ദുരിതം അറിഞ്ഞ് റോജി എം. ജോൺ എം.എൽ.എയുടെ ഇടപ്പെടൽ മൂലം ബഹ്റൈൻ കേരളീയ സമാജത്തിന്‍റെ ഭവന പദ്ധതിയിലുൾ‍പ്പെടുത്തി നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റാണ് വീടും സ്ഥലവും നൽകിയത്. ജോസിന്റെ ഭാര്യ മേരിയാണ് റോജി എം. ജോൺ എംഎൽഎയിൽ നിന്നും താക്കോൽ ഏറ്റു വാങ്ങിയത്.

വീടിന്‍റെ താക്കോൽദാനച്ചടങ്ങ് നടക്കാനിരിക്കെയാണ് അസുഖം മൂർച്ഛിച്ച് ജോസ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്. ഇതുമായി ബന്ധപ്പെട്ട വാർത്ത 4 പി.എം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ചടങ്ങിൽ തുറവൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.വൈ വർഗീസ് അദ്ധ്യക്ഷനായിരുന്നു. സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സംസ്ഥാന വനിതാകമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ എം.എ ഗ്രേസി, ജില്ലാ പഞ്ചായത്ത് മെന്പർ‍ സാംസൺ ചാക്കോ, തുറവൂർ പഞ്ചായത്ത് മെന്പർ എം.എം ജയ്സൺ, നസ്രത്ത് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവരും നിരവധി സമാജം അംഗങ്ങളും പങ്കെടുത്തു.

You might also like

Most Viewed