മണ്ണുമാന്തിക്കപ്പലിൽ ചോർച്ച : ജീവനക്കാരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

മനാമ : ബഹ്റൈൻ കടലതിർത്തിയിൽ സേവനം നടത്തിയിരുന്ന മണ്ണുമാന്തിക്കപ്പലിൽ ഉണ്ടായ ചോർച്ച തീരദേശസേനയും ബഹ്റൈൻ നാവികസേനയും ചേർന്ന് പരിഹരിക്കുകയും ഒന്പത് ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാത്രി മണ്ണുമാന്തിക്കപ്പലിലെ പന്പിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് കപ്പലിൽ വെള്ളം കയറാൻ തുടങ്ങി.
അപകട വിവരം ലഭിച്ചതിനെ തുടർന്ന് തീരദേശസേന സ്ഥലത്തെത്തുകയും ചോർച്ച അടയ്ക്കാനുള്ള സംവിധാനം നടത്തുകയുമായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് കമാണ്ടർ മേജർ ജനറൽ അലാ സിയാദി വെളിപ്പെടുത്തി. ചോർച്ച നിയന്ത്രണവിധേയമാക്കിയതായും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. കപ്പലിനെ ആഴം കുറഞ്ഞ പ്രദേശത്തേയ്ക്ക് മാറ്റുകയും, അതിലെ തകരാർ സാങ്കേതിക വിദഗ്ദ്ധർ ഭാഗികമായി പരിഹരിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.