ഹയ്യാ­ ഹൊ­യ്യാ­ ഹ­യ്യയ്യാ­.. ഒഴി­ഞ്ഞ ഗാ­ലറി­യി­ലും വാ­ദ്യഘോ­ഷങ്ങളു­മാ­യി­ മലയാ­ളി­കൾ


രാജീവ് വെള്ളിക്കോത്ത്

മനാമ: ഇന്ത്യയുടെ സ്മാഷുകൾ വായുവിൽ ഉയർന്നു താഴുന്പോൾ ഗാലറിയിൽ ഇരുന്ന് മലയാളികൾ വാദ്യഘോഷങ്ങൾക്കൊപ്പം ആർപ്പുവിളിക്കുകയാണ് ഹയ്യാ ഹൊയ്യാ ഹയ്യയ്യാ... ബഹ്‌റൈനിൽ ആരംഭിച്ച അന്താരാഷ്ട്ര അണ്ടർ 20 പുരുഷ വോളിബോളിലാണ് മലയാളികൾ താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ എത്തിച്ചേരുന്നത്. എങ്കിലും കാണികളായി എത്തുന്നത് തങ്ങൾ മാത്രമാണല്ലോ എന്നുള്ള ദുഃഖമാണ് വോളിബോൾ പ്രേമികളായ ഇവർക്ക്. വിരലിൽ എണ്ണാവുന്ന സ്വദേശികളും മറ്റു രാജ്യക്കാരുമുള്ള ഗാലറിയിൽ ചെണ്ടയും പീപ്പിയുമായി കളിക്കാരെ പ്രോത്സാഹിപ്പിക്കാനെത്തിയ വോളിബോൾ ആരാധകരായ  ഈ  മലയാളികൾ മാത്രമാണ് അന്താരാഷ്ട്ര കളിക്കാർക്ക് കരുത്തുപകരുന്നത്. 

ഇന്ത്യയുടെ കളിയുള്ള ദിവസം ജോലി അവധിയെടുത്താണ് ടൂർണ്ണമെന്റ് കാണാൻ ഈ മലയാളിക്കൂട്ടം ഇവിടെ എത്തിച്ചേരുന്നത്. കൂടാതെ എല്ലാവരും ഒത്തുചേർന്ന് ദിവസേനയുള്ള കളികളെപ്പറ്റി ചർച്ചകളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഒരു അന്താരാഷ്ട്ര ടൂർണ്ണമെന്റ് തീർത്തും സൗജന്യമായി കാണാം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും മികച്ച ശീതീകരണ സംവിധാനമുള്ള ആധുനിക ഇൻഡോർ േസ്റ്റഡിയത്തിൽ നടക്കുന്ന കളി തീർത്തും ആവേശകരമായിരുന്നുവെന്നും വോളിബോൾ പ്രേമിയായ വടകര സ്വദേശി പ്രകാശൻ പറഞ്ഞു. ടൂർണ്ണമെന്റ് ആരംഭിച്ച ദിവസം ജപ്പാനും തായ്‌ലാന്റും തമ്മിലുള്ള മത്സരമായിരുന്നു നടന്നത്. അന്ന് കാണികൾ വാദ്യഘോഷങ്ങൾ മുഴക്കി കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടതോടെയാണ് ഇന്ത്യയുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ അടുത്ത ദിവസം ചെണ്ടയും എടുത്തു തയ്യാറായി വന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ബഹ്‌റൈനിലെ വോളിബോൾ പ്രേമികളുടെ വാട്സ് ആപ് ഗ്രൂപ്പിലും കളിയുടെ സമയ ക്രമങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കൂടുതൽ കാണികളെ അവിടെ എത്തിക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട്. ബഹ്‌റൈനിലെ മലയാളികൾ ആയിട്ടുള്ള 30ഓളം വോളിബോൾ കളിക്കാർ എല്ലാ ദിവസവും രാവിലെ അഞ്ച് മണി മുതൽ 8 വരെ ആന്റലസ് ഗാർഡനിൽ എത്തി കളി പരിശീലിക്കുന്നുണ്ട്. അന്താരാഷ്ട്ര ടൂർണ്ണമെന്റ് ബഹ്റൈനിൽ എത്തിയതോടെ ഈ സംഘം മുഴുവനും പരമാവധി ടൂർണ്ണമെന്റുകൾ  കാണാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യക്കാരെ മാത്രമല്ല. ഇന്ത്യക്കാർ ഇല്ലാത്ത ദിവസം തങ്ങളുടെ ഇഷ്ട രാജ്യക്കാർക്കും ഇലത്താളവും വാദ്യവുമായി പ്രകാശനും സംഘവും ഗാലറിയിൽ എത്തുന്നുണ്ട്.

ഇന്ത്യ എന്ന വികാരമാണ് കളി കാണാൻ തന്നെ ഇവിടെ എത്തിക്കുന്നതെന്ന് മറ്റൊരു വോളിബോൾ പ്രേമി കൂടിയായ ബിജു മലയിൽ പറഞ്ഞു. സ്പോർട്ട്സ് പൊതുവെ ഇഷ്ട ഇനങ്ങൾ ആണെങ്കിലും ഇന്ത്യ എവിടെ മത്സരിക്കുന്നുവോ അവിടെ എത്താൻ കഴിയുന്ന ദൂരത്താണെങ്കിൽ അവിടെ എത്തിയിരിക്കും. ഇവിടെ ഒരു അന്താരാഷ്ട്ര മത്സരം ഇത്രയും സൗകര്യത്തിൽ കാണാൻ കഴിയുന്പോൾ പിന്നെ ജോലിക്ക് അവധി എടുക്കാതിരിക്കുന്നതെങ്ങനെ? ബിജു ചോദിക്കുന്നു. കേരളത്തിലെ ജില്ലാവോളിബോൾ മത്സരങ്ങളിലടടക്കം നിരവധി വോളിബോളുകൾ മത്സരങ്ങളിൽ കളിക്കാരനായും റഫറിയായും വേഷമിട്ട കാസർഗോഡ് സ്വദേശി മോഹനനും എല്ലാ ദിവസവും ഗാലറിയിൽ എത്തുന്നുണ്ട്. മറ്റൊരു വോളിബോൾ പ്രേമിയായ വയനാട് സ്വദേശി ജയകുമാർ അന്താരാഷ്ട്ര വോളിയുടെ നിശ്ചല ദൃശ്യങ്ങൾ പകർത്താൻ സജീവമായി ഇവിടെയെത്തുന്നു. നാട്ടിൽ നിന്ന് വോളിബോൾ ഭ്രാന്ത് തലയ്ക്കു പിടിച്ച തന്നെ വീട്ടുകാർ ബഹ്റൈനിലേയ്ക്ക് പറഞ്ഞയച്ചതാണെന്നും കളി ഇപ്പോഴും ആവേശമാണെന്നും ജയകുമാർ പറയുന്നു. നല്ലൊരു റഫറി കൂടിയാണ് ജയകുമാർ. മുപ്പതോളം പേരുള്ളബഹ്‌റൈൻ മലയാളി വോളിബോൾ സംഘത്തിൽ വടകര, കണ്ണൂർ സ്വദേശികളാണ് കൂടുതലും. 29 വരെ തുടരുന്ന ടൂർണ്ണമെന്റിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് ഇന്ത്യയും ഹോങ്ക് കോങ്ങും തമ്മിലും 4.30ന് ഇറാക്കും മാക്കുവും തമ്മിലും സൗദി അറേബ്യയും യുഎഇയും തമ്മിലും 7 മണിക്ക് ബഹ്‌റൈൻ മലേഷ്യയുമായും, കസാക്കിസ്‌ഥാൻ മാലിദ്വീപുമായും മത്സരിക്കും. എല്ലാ ദിവസത്തെയും മത്സരങ്ങൾ കാണാൻ പ്രവേശനം സൗജന്യമാണ്.

You might also like

Most Viewed