മോഷണം : ബഹ്റൈൻ സ്വദേശി പിടിയിൽ

മനാമ : ഇന്ത്യൻ പൗരന്റെ രണ്ട് മൊബൈൽ ഫോണുകളും സ്വർണ്ണ ബ്രേസ്്ലെറ്റും മോഷ്ടിച്ച ബഹ്റൈൻ സ്വദേശി പിടിയിൽ. ഇയാൾക്കെതിരെ മോഷണം ഉൾപ്പെടെ 37 കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാവിലെ സിത്രയിൽ വെച്ചാണ് രണ്ട് പേർ യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയത്. രണ്ടാമത്തെ വ്യക്തി ബി.ഡി.എഫ് അംഗമാണെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. രാവിലെ അഞ്ചുമണിയോടെ ജോലിക്കുപോകാൻ ബസ് കാത്തുനിൽക്കുന്പോഴാണ് സംഭവം. പോലീസ് ഓഫീസർമാർ ചമഞ്ഞെത്തിയ ഇവർ തിരിച്ചറിയൽ രേഖ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നിരസിച്ച തന്നെ ഇവർ മർദിക്കുകയായിരുന്നെന്ന് ഇയാൾ പരാതിയിൽ പറയുന്നു.
ഇതിനിടെ ഇവരിൽ ഒരാൾ തന്റെ കഴുത്ത് ഞെരിച്ച് പിടിച്ച് ഫോൺ തട്ടിയെടുക്കുകയായിരുന്നു. അവരെ തടയാൻ ശ്രമിച്ചപ്പോൾ അവരിൽ ഒരാൾ ഒരു ചുറ്റികയെടുത്തു. പിന്നീട് തന്റെ രണ്ടാമത്തെ ഫോണും കൈയിൽ ഉണ്ടായിരുന്ന സ്വർണ ബ്രേസ്്ലെറ്റും അവർ കൈക്കലാക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.
ബഹ്റൈനിയെയും ബി.ഡി.എഫ് അംഗത്തേയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ ബി.ഡി.എഫിൽനിന്ന് പുറത്താക്കിയതായും സൈനിക കോടതിയിൽ വിചാരണ ചെയ്യുമെന്നും പോലീസ് അറിയിച്ചു. ആദ്യ പ്രതി ഹൈക്കോടതിയിൽ വിചാരണ നേരിടേണ്ടി വരും. 2018 സപ്തംബർ 10ന് കേസിന്റെ ആദ്യ വിചാരണ നടക്കും.