മാ­സശന്പളം 400 ദി­നാർ നി­ർ­ബന്ധം; കു­ടുംബ വി­സ എടു­ക്കാനാവാതെ പ്രവാ­സി­കൾ


മനാമ: കുറഞ്ഞത് പ്രതിമാസം 400 ദിനാറെങ്കിലും മാസശന്പളം ഇല്ലാത്തവർക്ക് കുടുംബാംഗങ്ങളുടെ വിസ അനുവദിക്കുന്നില്ലെന്ന നിയമം നിരവധി പ്രവാസികളെ ആശങ്കപ്പെടുത്തുന്നു. മുന്പ് 250 ദിനാർ ഉള്ളവർക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് അനുമതിയുണ്ടായിരുന്നതാണ് ജനുവരി മുതൽ നിർത്തലാക്കിയിരുന്നത്. ജീവിതച്ചിലവുകൾ കൂടിയ സാഹചര്യത്തിലാണ് ഭരണകൂടം ഇത്തരത്തിൽ ഒരു തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ വൈദ്യുതി, ഇന്ധനവില മുൻപത്തേക്കാളും ക്രമാതീതമായി അധികരിച്ചത് കാരണം 250 ദിനാർ മാസശന്പളം ലഭിക്കുന്നവർക്ക് കുടുംബവുമായി ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്. പക്ഷേ കുടുംബവിസ അനുവദിക്കുന്നതിനു കുറഞ്ഞ മാസ ശന്പളം 250 ദിനാർ ഉണ്ടായ കാലത്ത് പലരും കുടുംബാംഗങ്ങളെ കൊണ്ടുവരികയും അവർക്കു വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ  വരുമാനമുണ്ടാക്കാവുന്ന ട്യൂഷൻ, പലഹാര നിർമ്മാണം, ടൈലറിംഗ്, വീടുകളിൽ ചെന്നുള്ള ബ്യൂട്ടീഷൻ ജോലി തുടങ്ങിയവ ജോലികൾ ചെയ്തിരുന്നു. കുറഞ്ഞ ശന്പളം 400 വേണമെന്ന നിബന്ധന ഇടത്തരം കന്പനികളിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്കാണ് വലിയ തിരിച്ചടിയായിരിക്കുന്നത്. മുന്പ് 250 ദിനാർ ഉണ്ടായ സമയത്ത് തന്നെ പല കന്പനികളും ഫാമിലി വിസ ലഭിക്കാൻ വേണ്ടി മാത്രമാണ് രേഖയിൽ ഇത്രയും ശന്പളം  കാണിച്ചിരുന്നത്. ഗോസി, തൊഴിലാളികൾക്ക് പിന്നെ നൽകേണ്ടി വരുന്ന ആനുകൂല്യങ്ങൾ തുടങ്ങിയവയെല്ലാം ഉള്ളതിനാൽ പല കന്പനികളും കുറഞ്ഞ വേതനമാണ്  രേഖയിൽ കാണിക്കുന്നത്. ബാക്കി വരുന്ന തുക ഓവർടൈം ഇനത്തിൽ പെടുത്തുകയുമായിരുന്നു. 400 ദിനാർ ആക്കിയതോടെ ഇടത്തരം കന്പനികൾ   അടിസ്ഥാന ശന്പളം 400 ആയി രേഖാമൂലം നൽകാൻ തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ പല പ്രവാസികൾക്കും ഭാര്യയെയും കുട്ടികളെയും കൂടെ നിർത്താനാവാത്ത സ്ഥിതിയാണുള്ളത്.

ഇക്കാരണത്താൽ ചിലർ മറ്റു കന്പനികളുടെ വിസയിൽ ജോലി തരപ്പെടുത്തിയാണ് സ്വന്തം ഭാര്യമാരെ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. എന്നാൽ കുട്ടികൾ ഉള്ളവർക്ക് ആരുടെയെങ്കിലും ഡിപ്പൻഡന്റ് വിസ എടുത്തേ മതിയാകൂ. അതിനു മേൽപ്പറഞ്ഞ നിയമങ്ങൾ തന്നെ ബാധകമാണ്.ബിസിനസ് പൊതുവെ കുറഞ്ഞതോടെ പല കന്പനികളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെ ഒഴിവാക്കപ്പെടുന്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ വരെ നൽകാൻ പല കന്പനികൾക്കും കഴിയുന്നില്ല. വർഷങ്ങളോളം അദ്ധ്വാനിച്ചു പ്രവാസലോകത്ത് ജീവിച്ച പലർക്കും വെറും കയ്യോടെ മടങ്ങേണ്ടുന്ന അവസ്ഥയാണുള്ളത്. ഇത്തരം ഒരു സാഹചര്യം ഭാവിയിലും ഉണ്ടാകരുതെന്ന് മുൻകൂട്ടി കണ്ടു കൊണ്ടാണ് കുടുംബ വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ വേതനത്തിന്റെ നിരക്ക് അധികൃതർ ഉയർത്തിയത്.

You might also like

Most Viewed