രാജ്യത്ത് എണ്ണ നിക്ഷേപം കണ്ടെതിയതിന്റെ സ്മരണക്കായി പോസ്റ്റേജ് സ്റ്റാമ്പുകൾ പുറത്തിറക്കി


മനാമ : രാജ്യത്ത് ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തിയതിന്റെ സ്മരണക്കായി ബഹ്‌റൈൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് പുതിയ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ഖലീജ് അൽ ബഹ്റൈൻ ഓയിൽ റിസർവോയറിന്റെ ചിത്രമുൾപ്പെടെ ഡിസൈൻ ചെയ്ത മൂന്ന് സ്റ്റാമ്പുകൾ, സുവനീർ കാർഡ്, എൻവലപ്പ് എന്നിവയാണ് ട്രാൻസ്പോർട്ട് ആൻഡ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സംരംഭങ്ങൾ, പദ്ധതികൾ തുടങ്ങിയവ നേടാൻ ബഹ്റൈന്റെ മത്സരാധിഷ്ഠിത ശക്തിയും ശേഷിയും വർധിപ്പിക്കാൻ പുതിയ എണ്ണ ഉത്പാദനത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2018 ൽ രണ്ട് എണ്ണ കിണറുകൾ ഖനനം ആരംഭിക്കാൻ ഹാലിബർട്ടണുമായി ധാരണയിലെത്തിയിട്ടുണ്ട്. സാധ്യതകൾ വിലയിരുത്തുകയും പദ്ധതിക്ക് അനുയോജ്യമാക്കുകയും ദീർഘകാല ഉൽപ്പാദനം വൈകാതെ തുടങ്ങുമെന്നും എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു.

ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് എണ്ണപര്യവേക്ഷണം നടത്തുകയും 2017 മാർച്ചിൽ ഖലിജ് അൽ-ബഹ്റൈനിൽ രണ്ട് എണ്ണക്കിണറുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തു. മേഖലയിലെ പ്രധാന എണ്ണ ഉറവിടമായ ഹനിഫ, തുവയ്ഖ് മലനിരകളെ സംബന്ധിച്ച് ആഴത്തിലുള്ള ഭൂമിശാസ്ത്രപരമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് കിണറുകളുടെ പണി ആരംഭിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. 2017 സെപ്തംബർ 4 ന്, കിണറുകളിൽ ഹൈഡ്രോകാർബണിന്റെ അളവുകൾ രേഖപ്പെടുത്തി. ഖലീജ് അൽ-ബഹ്റൈൻ എണ്ണശേഖരത്തിന്റെ കണ്ടുപിടിത്തം രാജ്യത്തിന് മഹത്തായ നേട്ടമാണെന്നും മന്ത്രാലയം പറഞ്ഞിരുന്നു.

ഖലിജ് അൽ-ബഹ്റൈനിലെ ക്രൂഡ് ഓയിൽ ശേഖരം 80 ബില്യൺ ബാരലോളമുണ്ടെന്ന് എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ അറിയിച്ചിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന, പൂർണ്ണമായി പ്രവർത്തിക്കുന്ന എണ്ണപ്പാടത്തിനു സമീപമായതിനാൽ ഖനനത്തിന്റെ ചെലവുകൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കൺസൾട്ടൻസുകളായ ഡെഗോലിയർ ആൻഡ് മക്നാഗ്ടൺ, ഹാലിബർട്ടൺ, സ്ലംബർബർഗർ എന്നിവരാണ് ഖനനത്തിന് താല്പര്യം പ്രകടിപ്പിച്ചെത്തിയ അന്താരാഷ്‌ട്ര കമ്പനികൾ. രണ്ട് വർഷത്തിനുള്ളിൽ ഉത്പാദനവും വിപണനവും പരമാവധിയാക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. പ്രദേശത്ത് കുറഞ്ഞത് 80 ബില്ല്യൻ ബില്ല്യൺ എണ്ണ ശേഖരവും 10-20 ട്രില്യൺ ക്യുബിക് ഫീറ്റ് ആഴത്തിൽ വാതക ശേഖരവും ഉണ്ടാകുമെന്ന് ഡെഗോലിയർ ആൻഡ് മക്നാഗ്ടൺ, ഹാലിബർട്ടൺ എന്നി കമ്പനികൾ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

You might also like

Most Viewed