രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റുകൾ വ്യാപകമാകുന്നു


മനാമ : രാജ്യത്ത് ഡോക്ടറേറ്റ്, തീസിസ് അടക്കമുള്ളവയുടെ സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കുന്ന ഏജന്റുമാരും റാക്കറ്റുകളും വർധിച്ചുവരികയും വിദ്യാർഥികൾ അതിന്റെ ഉപയോക്താക്കൾ ആവുകയും ചെയ്യുന്നതായി റിപ്പോർട്ട്. എല്ലാ മേഖലയിലും വർധിച്ചുവരുന്ന അഴിമതിയിൽനിന്നും വിദ്യാർത്ഥികൾ പോലും ഒഴിവുള്ളവരല്ല. ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ റാക്കറ്റുകൾക്ക് ശക്തമായ ശൃംഘലയുണ്ട്. 1,400മുതൽ 3,000 ബഹ്‌റൈൻ ദിനാർ വരെ വിലക്കാണ് വ്യാജ തീസീസുകളും ഡോക്ടറൽ ഡിസർട്ടേഷനുകളും വിൽക്കുന്നത്. മുഹറഖിലെ ഒരു മുൻ ലൈബ്രറി ജീവനക്കാരനാണ് ശൃംഖലയുടെ പ്രവർത്തനത്തേക്കുറിച്ച് വ്യക്തമാക്കിയത്. മിക്ക വിദ്യാർത്ഥികൾക്കും കഠിനാധ്വാനത്തോട് താല്പര്യമില്ലാത്തതിനാലാണ് ഇത്തരം 'ഉത്പന്നങ്ങൾ' വിപണിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഷയങ്ങളിലുമുള്ള ഡിസർട്ടേഷനുകൾ റാക്കറ്റുകളുടെ കയ്യിലുണ്ടെന്നും പണം വാങ്ങിയ ഉടനെ ഇവ കൈമാറ്റം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. വളരെ ലളിതമായാണ് ഇവരുടെ പ്രവർത്തനം. സർവകലാശാലകളിൽ നിന്ന് പഴയ തിസീസുകളുടെയും, ഡെസർട്ടേഷനുകളുടെയും പകർപ്പുകൾ ശേഖരിക്കുകയാണ് ഇവർ ചെയ്യുന്നത്. പിന്നീട് ശരിയായ ഉപഭോക്താക്കളെ കണ്ടെത്തി ഇവ വിൽക്കുന്നു.

തുടർന്ന് വിദഗ്ദ്ധർ ഈ പേപ്പറുകളിൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള കൂട്ടിച്ചേർക്കലുകൾ വരുത്തും. ഇത്തരത്തിൽ ഒരു ഡിസർട്ടേഷൻ തയാറാക്കാൻ മൂന്നുമാസത്തിൽ താഴെ മാത്രമേ സമയം എടുക്കൂ. തിസീസോ ഡിസർട്ടേഷനോ തയ്യാറായിക്കഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് ഇതിനോടൊപ്പം സ്റ്റഡീ മെറ്റേറിയൽസും നൽകുന്നു. ഗവേഷണം നടന്നിട്ടുള്ള വിഷയത്തെ സംബന്ധിക്കുന്നവയാണ് ഇവ. ശരിയായ പഠനങ്ങൾ നടന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇവ ഉപയോഗിക്കുന്നത്. സൂപ്പർവൈസർമാരോ ഡോക്ടറൽ ഗൈഡുകളോ ആവശ്യപ്പെട്ടാൽ അവരെ ബോധ്യപ്പെടുത്താൻ വിദ്യാർഥികൾക്ക് ഇവ ഉപയോഗിക്കാം.

ഈ റാക്കറ്റിന്റെ മാർക്കറ്റിങ് ടീമാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനെ കൂടാതെ, കുവൈത്ത്, ഈജിപ്ത് എന്നിവിടങ്ങളിൽ ഈ ശൃംഖല വ്യാപകമാണ്. എല്ലാ മേഖലകളിലുമുള്ള പിഡിഎഫ് ഫയലുകളുടെ വലിയ ശേഖരമാണ് ഇവരുടെ കയ്യിൽ ഉള്ളത്. ഈ തിസീസുകളുടെ അവതരണത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് അറബിയിൽ പ്രത്യേക വെബ്സൈറ്റുകളുണ്ട്.

ഈ വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ബോധവാന്മാരാണ്. അതിനാൽത്തന്നേ, ഇത്തരത്തിൽ വ്യാജ തിസീസുകളും ഡിസർട്ടേഷനുകളും തേടുന്നവരെ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വിദ്യാർത്ഥികൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബിരുദം നേടുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും കർശനമായി സ്ഥാപിത പരിശീലനങ്ങളിലൂടെ കടന്നുപോകുന്നത് ഉറപ്പാക്കാൻ സംവിധാനങ്ങളുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. രാജ്യത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശസ്തിയും ഗുണനിലവാരവും അവർ നൽകുന്ന ബിരുദങ്ങളുടെ നിലവാരവും സംരക്ഷിക്കുന്നതിന് ഇത് പ്രധാനമാണെന്നും മന്ത്രാലയം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയേറ്റിന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അന്വേഷണം നടത്തുമെന്നും സംശയം തോന്നുന്ന കേസുകളിൽ അന്വേഷണം നടത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ നിയമ നടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed