ബഹ്റൈനെ ലക്ഷ്യം വെച്ച് ഇറാനിൽ നിന്നുള്ള സൈബർ ചാര സംഘം


മനാമ : ബഹ്റൈനെ ലക്ഷ്യം വെച്ച് സൈബർ ചാര സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. യുഎസ് സൈബർ സെക്യൂരിറ്റി കമ്പനിയായ സിമാൻടെക് നൽകുന്ന വിവരമനുസരിച്ച് ഇറാൻ കേന്ദ്രീകൃത സൈബർ ചാരസംഘടനയായ ലീഫ് മൈനർ മേഖലയിലെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിടുന്നുണ്ട്. സൈബർ ചാര സംഘം ലക്ഷ്യമിടുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് രാജ്യം.

ടെലികമ്യൂണിക്കേഷൻ, ഊർജ്ജം, സാമ്പത്തിക മേഖലകൾ, ഗതാഗതം എന്നിവയാണ് സൈബർ ചാര സംഘടന ലക്ഷ്യമിടുന്ന മേഖലകൾ. 2017 മുതൽ സൈബർ ചാരന്മാർ മിഡിലീസ്റ്റിൽ ശക്തരായിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക, സർക്കാർ, ഊർജ്ജം എന്നിവയാണ് ഇവർ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന മേഖലകൾ.

എന്നാൽ, ബഹ്റൈനെ ഈ ഭീഷണി എത്രത്തോളം ബാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വാട്ടറിങ് ഹോൾ, ഡിക്ഷണറി അറ്റാക്ക്, റിമോട് സ്‌പ്ലോയിറ്റ്, ബ്രൂട് ഫോഴ്സ് ലോഗിൻസ് എന്നിവ ഉപയോഗിച്ച് സൈറ്റുകളിൽ നുഴഞ്ഞുകയറുകയാണ് ഇവർ ചെയ്യുന്നത്. ഇറാനിൽ നിന്നുള്ള മറ്റ് ഗ്രൂപ്പുകളുമായി ലീഫ് മൈനറിന് ബന്ധമുണ്ടെന്നാണ് സംശയം. 2017 മുതൽ മിഡിലീസ്റ്റിലെ വിവിധ സർക്കാർ- ബിസിനസ്സ് മേഖലകളിലുള്ള സൈറ്റുകളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലീഫ് മൈനറിന്റെ പ്രവർത്തനങ്ങളാണ് സിമാൻടെക് വെളിപ്പെടുത്തിയത്. പൊതുജനങ്ങൾക്ക് ലഭ്യമായ സാങ്കേതിക വിദ്യകളാണ് സംഘം ആക്രമണങ്ങൾക്കും ഉപയോഗിക്കുന്നത്.

You might also like

Most Viewed