ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്തത് 51 മില്ല്യൺ ബഹ്‌റൈൻ ദിനാറിന്റെ മൊബൈൽ ഫോണുകൾ


മനാമ : രാജ്യത്തേക്ക് ഓരോവർഷവും ഇറക്കുമതി ചെയ്യുന്നത് ഒരു മില്യണിലധികം മൊബൈൽ ഫോണുകളാണ്. 2018 ന്റെ ആദ്യ പകുതിയിൽ രാജ്യത്ത് പത്ത് രാജ്യങ്ങളിൽ നിന്നായി 526,182 മൊബൈൽ ഫോണുകളും, വാർത്താവിനിമയ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതായാണ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇവയ്ക്ക് 51 മില്ല്യൺ ബഹ്‌റൈൻ ദിനാർ മൂല്യം കണക്കാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ 12 ശതമാനം കുറവുണ്ടായി. 2017 ആദ്യപകുതിയിൽ 603,429 മൊബൈൽ ഫോണുകളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.

ചൈനയിൽ നിന്നാണ് 55.1 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തത്. വിയറ്റ്നാമിൽനിന്ന് 37.1 ശതമാനവും ഇറക്കുമതി ചെയ്തു. സാംസങ് വിപണിയിൽ ഒന്നാമതും ഐഫോൺ, ഹുവായ് എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുമാണ്. ഹുവായി ബഹ്റൈനെ പ്രാദേശിക ആസ്ഥാനവും മധ്യപൂർവ്വദേശത്തെ പ്രാദേശിക സാങ്കേതിക പിന്തുണ കേന്ദ്രവും ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മേഖലയിൽ ഹുവായിയുടെ വിൽപ്പന വർധിച്ചുവരികയാണ്.

ബഹ്റൈനിൽ ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ പട്ടികയിൽ മൊബൈൽ ഫോൺ നാലാമതാണ്. ജീവൻരക്ഷാ സംവിധാനങ്ങളാണ് പട്ടികയിൽ ഒന്നാമത്. അന്താരാഷ്ട്ര വിപണിയിൽ 370 ബഹ്‌റൈൻ ദിനാർ വിലയുള്ള ഫോണുകൾ വാങ്ങാൻ ബഹ്‌റൈനിൽ 500 ബഹ്‌റൈൻ ദിനാർ മുടക്കേണ്ടി വരുന്നുണ്ടെന്നാണ് ഉപഭോക്താക്കൾ പറയുന്നത് . എസ് സീരീസുകളുമായി മായി താരതമ്യം ചെയ്യുമ്പോൾ ഐഫോണുകൾക്ക് 40 ശതമാനം ഉയർന്ന വിലയാണ് നൽകേണ്ടി വരുന്നതെന്നും അത് ഉപഭോക്താക്കളോടുള്ള ഗുരുതരമായ അനീതിയാണെന്നും ബഹ്‌റൈനിലെ മൊബൈൽ ഫോൺ ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.

You might also like

Most Viewed