തീർത്ഥാടകർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ബഹ്റൈൻ കോൺസൽ


മനാമ : സൗദി ഹജ്ജ് അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അനുസരിച്ച് ഹജ്ജ് നിർവ്വഹിക്കണമെന്ന് ജിദ്ദയിലെ ബഹ്റൈൻ കോൺസൽ ജനറൽ ഇബ്രാഹിം എം. അൽ മെസ്സൽമാനി ബഹ്റൈനിൽനിന്നുള്ള തീർത്ഥാടകരോട് ആവശ്യപ്പെട്ടു. തീർഥാടകർ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതിനനുസരിച്ച് അതിർത്തിയിൽ ഹജ്ജ് പെർമിറ്റ് ഹാജരാക്കണമെന്നും അൽ മെസ്സൽമാനി പറഞ്ഞു.

തീർത്ഥാടകരല്ലാത്തവർ മക്കയിലേക്ക് പ്രവേശിക്കുന്നത് സൗദി അധികൃതർ നിലവിൽ വിലക്കിയിട്ടുണ്ട്. ഹജ്ജ് സീസണിൽ മക്കയുടെ അതിരുകളിൽ പ്രവേശിക്കരുതെന്നും നിയമലംഘനം ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കോൺസുൽ ജനറൽ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതുൾപ്പെടെ ഈ വർഷത്തെ ഹജ്ജ് സീസണിലേക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും മാർഗനിർദേശങ്ങളും അനുസരിക്കാനും തീർത്ഥാടകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ശരാശരി താപനില വർദ്ധിക്കുമെന്ന് കോൺസൽ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബഹ്റിൻ ഹജ്ജ് തീർത്ഥാടകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും തീർഥാടകർ വിജയകരമായി തീർഥാടനം പൂർത്തിയാക്കാൻ എല്ലാ മന്ത്രാലയങ്ങളും പരിശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed