അനധികൃതമായി സ്വകാര്യ വാഹനങ്ങൾ വാടകക്ക് നൽകുന്നത് പതിവാകുന്നു


മനാമ : അധിക വരുമാനം ഉണ്ടാക്കുന്നതിനായി അനേകം താമസക്കാരും പൗരൻമാരും അനധികൃതമായി സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കോ പണയത്തിനോ നൽകുന്ന അപകടകരമായ പ്രവൃത്തി രാജ്യത്ത് പതിവാകുന്നു. അനധികൃത കുടിയേറ്റക്കാർ പലരും വാഹനങ്ങൾ വാടകക്കെടുത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് യാതൊരു മുൻകരുതലും സ്വീകരിക്കാതെയും വരും വരാഴികകൾ ചിന്തിക്കാതെയുമാണ് ഉടമകൾ അനധികൃതമായി വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നത്.

മിക്കവരും ഓൺലൈനിലൂടെയോ സുഹൃത്തുക്കൾ വഴിയോ ആണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്ന നിരവധി ഓൺലൈൻ വെബ്സൈറ്റുകളും ഇതിനായി ഉപയോഗിക്കുന്നു. വിലപേശലുകൾക്ക് ശേഷം പ്രതിമാസ വാടകയ്ക്ക് ഇവർ വാഹനം ഏറ്റെടുക്കും. യാതൊരുവിധ രേഖകളും വാങ്ങാതെയാണ് ഇത്തരക്കാർ ആവശ്യക്കാർക്ക് വാഹനങ്ങൾ കൈമാറുന്നത്.

റെന്റ് എ കാർ കമ്പനിയുമായി പിരിഞ്ഞതിന് ശേഷം തൻ അനധികൃതമായി കാറുകൾ വാടകക്ക് നൽകുകയാണെന്ന് ഈ മേഖലയിലുള്ള ഒരു ബഹ്റൈനി പറഞ്ഞു. നിയമപരമായി രജിസ്റ്റർ ചെയ്ത ഒരു കന്പനിയുടെ ഭാഗമായിരുന്നു തന്റെ ബിസിനസ്സ് എന്നും അദ്ദേഹം പറഞ്ഞു. തൻ പുതുതായി നാല് കാറുകൾ വാങ്ങിയ ഉടനെ ആ കമ്പനിയുമായി പിരിയേണ്ടി വന്നു. അതിനാലാണ് കാറുകൾ അനധികൃതമായി വാടകയ്ക്ക് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

സ്വന്തം നിലക്ക് റെന്റ് എ കാർ ബിസിനസ് തുറക്കാനുള്ള താല്പര്യം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ബിസിനസ് രജിസ്റ്റർ ചെയ്യുന്നതിന് അധികാരികളിൽനിന്നും നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചു. അതിന് ശേഷമാണ് ഈ നിയമവിരുദ്ധമായ രീതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ expatriates.com ൽ പരസ്യങ്ങൾ നൽകിയാണ് താൻ ആവശ്യക്കാരെ കണ്ടെത്തുന്നത്. ഉപഭോക്താക്കളുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷമാണ് വാഹനങ്ങൾ നൽകുന്നത്. ഡ്രൈവിംഗ് ലൈസൻസ് നേടി, ഒരു വർഷത്തിൽ കൂടുതലായവർക്ക് മാത്രമേ വാഹനങ്ങൾ നൽകാറുള്ളൂ. ചെറുപ്പക്കാർക്ക് വാഹനങ്ങൾ കൊടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിനിടെ തനിക്ക് പലതവണ അബദ്ധം പറ്റിയതായും അദ്ദേഹം പറഞ്ഞു. മകന് യൂണിവേഴ്സിറ്റിയിൽ പോകാൻ എന്ന പേരിൽ ഒരാൾ തന്റെ കാറുകളിൽ ഒരെണ്ണം ആവശ്യപ്പെട്ടു. താൻ വാഹനം നൽകുകയും ചെയ്തു. രണ്ടു ദിവസം കൊണ്ട് അവർ തന്റെ കാർ തകർത്തു. ചില അനധികൃത റേസിംഗ്, സ്റ്റണ്ട് പരിപാടികൾക്കായാണ് കാർ ഉപയോഗിച്ചത്. ആർക്കും പരിക്കേറ്റില്ലെങ്കിലും കാർ പൂർണമായും തകർന്നു. ആറുമാസം കൊണ്ടാണ് വാഹനം നന്നാക്കുന്നതിനുള്ള പണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരിക്കൽ കാർ വാടകയ്ക്കെടുത്ത വ്യക്തി കാൽ നടയാത്രക്കാരനെ ഇടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം അയാൾ ഓടിപ്പോയി. സംഭവത്തെക്കുറിച്ച് പോലീസ് തന്നെ അറിയിക്കുകയും താൻ ഉൾപ്പെടാത്ത കേസായിട്ടുപോലും തനിക്ക് കോടതിയിൽ വിചാരണ നേരിടേണ്ടിവരികയും ചെയ്തു. പരിക്കേറ്റ വ്യക്തിയുടെ ചികിത്സക്കായി തനിക്ക് പണം നൽകേണ്ടിവന്നു. അപകടമുണ്ടാക്കിയ വ്യക്തി നഷ്ടപരിഹാരമോ വാടകയോ നൽകിയില്ല. അയാൾ ഇപ്പോഴും 260 ബഹ്‌റൈൻ ദിനാർ തനിക്ക് നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തോടെ താൻ കാറുകളെല്ലാം വിറ്റതായും അദ്ദേഹം പറഞ്ഞു.


ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് അകന്നുനിൽക്കാനാണ് അധികൃതരും സാമൂഹ്യ പ്രവർത്തകരും ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ നൽകുന്ന വാഹങ്ങൾ അപകടമുണ്ടാക്കിയാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരത്തുക നൽകില്ലെന്നും സാമൂഹ്യ പ്രവർത്തകനായ മഹ്മൂദ് അൽ ബലൂഷി പറഞ്ഞു.

സമാനമായ ഒരു കാഴ്ചപ്പാടാണ് സാമൂഹ്യ പ്രവർത്തകനും അൽ ഫത്തേ യൂത്ത് അംഗവുമായ യാക്കൂബ് അൽ സുലൈസ് പറഞ്ഞത്. ഇത്തരത്തിൽ ആളുകൾക്ക് കാറുകൾ വാടകയ്ക്ക് നൽകുന്നു എന്നത് തികച്ചും ആശ്ചര്യകരമാണ്. നിയമപരമായ രേഖകൾ കൂടാതെ ആളുകൾ സ്വന്തം കാറുകളെ അപരിചിതർക്ക് നൽകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. യൂബർ പോലെയുള്ള ടാക്സി സംവിധാനങ്ങൾക്കായി സ്വന്തം വാഹനങ്ങള ഉപയോഗിക്കുന്നവരുണ്ട്. ഭക്ഷണശാലകളിലേക്കും മറ്റും ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആളുകൾ സ്വന്തം കാർ ഉപയോഗിക്കുന്ന സംവിധാനവുമുണ്ട്. എന്നാൽ ഇതിനേക്കാളെല്ലാം അപകടകരമാണ് അപരിചിതർക്ക് കാറുകൾ വാടകക്ക് നൽകുന്ന സംവിധാനമെന്നും യാക്കൂബ് അൽ സുലൈസ് പറഞ്ഞു.

You might also like

Most Viewed