മദ്യക്കള്ളക്കടത്ത് പ്രതികളുടെ അപ്പീൽ കോടതി തള്ളി


മനാമ : 200,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന മദ്യം അനധികൃതമായി കടത്തിയതിന് പിടിയിലായ പതിനാലുപേരുടെ അപ്പീലുകൾ കോടതി തള്ളി. ഏഷ്യൻ പൗരന്മാരായ പ്രതികളെ ആറ് മാസത്തെ തടവിനുശേഷം നാടുകടത്തും. ഈ കേസിൽ ഇവരുൾപ്പെടെ 21 പ്രതികളാണുള്ളത്. ബാക്കിയുള്ള ഏഴു പ്രതികൾ പ്രാഥമിക വിധിക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് തീരുമാനിച്ചു. അവർ മൂന്നു മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം ബഹ്റൈനിൽ നിന്ന് നാടുകടത്തപ്പെടും. ബഹ്റൈനിൽ മണൽ ഇറക്കുമതി ചെയ്യുന്ന കപ്പലിൽ ഒളിപ്പിച്ചാണ് ഇവർ മദ്യം കടത്താൻ ശ്രമിച്ചതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. തുറമുഖത്ത് കുപ്പികൾ ഇറക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്.
 
ആദ്യത്തെ പ്രതിയാണ് പ്രാദേശിക വിപണിയിൽ കുപ്പികൾ വിതരണം ചെയ്യാൻ നിയോഗിക്കപ്പെട്ടത്. തുറമുഖത്തിലെ ഒരു ഗേറ്റ്മാനാണ് കാർഗോ ഏരിയയിലേക്ക് കുപ്പികൾ കയറ്റുന്നതിനായി പ്രതികൾക്ക് പ്രവേശനം അനുവദിച്ചത്. ബഹ്റൈനിലേക്ക് അനധികൃതമായി മദ്ധ്യം കടത്തുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റമാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്.
 
കസ്റ്റംസ് അധികൃതരെ കബളിപ്പിക്കുന്നതിനായാണ് പ്രതികൾ കപ്പൽ ഉപയോഗിച്ചതെന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസ് ജനറൽ ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനങ്ങളും 36,000 ബഹ്‌റൈൻ ദിനാറും പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു. മദ്യക്കുപ്പികൾക്ക് 200,000 ത്തിലധികം ബഹ്‌റൈൻ ദിനാർ മൂല്യമുണ്ട്. 

You might also like

Most Viewed