രക്ഷാദൗത്യത്തിൽ ബഹ്റൈന്റെ സ്വന്തം പ്രവാസി പൈലറ്റും


മനാമ:കേരളത്തിലെ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെരക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ തീര സംരക്ഷണസേന ഇറങ്ങിപ്പുറപ്പെട്ടപ്പോൾ അതിന്റെ ഭാഗഭാക്കാകാൻ ബഹ്‌റൈൻ പ്രവാസി പൈലറ്റും.ബഹ്‌റൈൻ പ്രവാസിയും കണ്ണൂർ കണ്ണപുരം സ്വദേശിയുമായ  സതീഷ് മുതലയിലിന്റെയും ലീനയുടെയും  മകൾ ശ്രുതിയും ,ശ്രുതിയുടെ ഭർത്താവും   പൈലറ്റുമായ തൃശ്ശൂർ സ്വദേശി ദേവ് രാജുമാണ്  രക്ഷാ ദൗത്യത്തിൽ പങ്കാളികളാകുന്നത്.ബഹ്റൈനിൽ തന്നെ പഠിച്ചു വളർന്ന ശ്രുതി രണ്ടു വര്ഷം മുൻപാണ്  പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചത്.കൂടെ ജോലി ചെയ്യുന്ന ദേവരാജിനെ തന്നെ വിവാഹവും കഴിച്ചു.ഇപ്പോൾ ഇവർ തീര സംരക്ഷണസേനയുടെ ഹെലികോപ്റ്ററുകളിൽ സേവനമനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്   ഇരുവരും. പ്രളയബാധിത സ്‌ഥലങ്ങളിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഇപ്പോളിവർ മുഴുവൻ സമയവും സജീവമാണ്.

 ഇരുവരുടെയും നേതൃത്വത്തിലുള്ളനാവികസേനാംഗങ്ങൾ നിരവധി പേരെയാണ് രക്ഷിച്ചത്. ദുരിതാശ്വാസ ക്യാന്പുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും ഇരുവരും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഒപ്പം പൊതുജനങ്ങൾക്ക് നിർദേശം നൽകാനും ശ്രദ്ധിക്കുന്നുണ്ട്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ഈ യുവ പൈലറ്റ് ദന്പതികളുടെ സേവനം  വിലമതിക്കാനാവാത്തതാണ്. ദീർഘകാലമായി ബഹ്‌റൈനിലുള്ള സതീഷ് മുതലയിൽ വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രവാസിയാണ്. നാടിനെ നടുക്കുന്ന പ്രളയം സംഭവിച്ചതിൽ ഏറെ ദുഖമുണ്ടെങ്കിലും  ദുരന്തമുഖത്ത് മകളും മരുമകനും  ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ഏർപ്പെടുന്പോൾ അത് സ്വന്തം  നാട്ടുകാരെ തന്നെ രക്ഷിക്കാനാണെന്നത് സതീഷ്,ലീന ദന്പതികൾക്ക് അഭിമാനം പകരുന്നു.

 
 

You might also like

Most Viewed