ഒന്നായി അണിചേരാൻ പ്രവാസി സമൂഹം; അവശ്യ സാധനങ്ങളുടെ ഒഴുക്ക് തുടരുന്നു


മനാമ: കൂടപ്പിറപ്പുകൾക്ക് ദുര്യോഗം ഉണ്ടായാൽ നോക്കി നിൽക്കാൻ കഴിയുന്നവരല്ല  മലയാളികൾ എന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ ദുരന്തത്തിന് പ്രവാസി സമൂഹത്തിന്റെ   പെട്ടെന്നുണ്ടായ ഇടപെടൽ. എല്ലാം ആഘോഷങ്ങളും വർണ്ണാഭമാക്കുന്ന പ്രവാസികൾക്ക് മലയാളികളുടെ ദുഃഖത്തിൽ അണിചേരാനും ഒരു നിമിഷം മതി എന്ന് ഒന്നുകൂചി ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. ബഹ്‌റൈനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ബഹ്‌റൈൻ കേരളീയ സമാജം തന്നെ ഇത്തരത്തിലുള്ള പ്രവർത്തനത്തിന് മാതൃകയായപ്പോൾ സമാജം അംഗങ്ങൾ ആയവരും അല്ലാത്തവരുമായ നിരവധി പേരാണ് സമാജത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായെത്തിയത്. കേരളത്തിലേയ്ക്കു ആവശ്യവസ്തുക്കൾ എത്തിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നുവെങ്കിലും അയക്കേണ്ടുന്ന  സാധന സാമഗ്രികൾ എങ്ങിനെ ,എവിടെ എത്തിക്കും എന്ന ആശങ്കയിലായിരുന്നു പലരും. സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാൾ അടക്കമുള്ള സൗകര്യങ്ങൾ തന്നെ അതിനുവേണ്ടി ഒരുക്കിയപ്പോൾ സാധനങ്ങൾ വേർതിരിക്കാനും  മിനുറ്റുകൾ കൊണ്ട് പായ്ക്ക് ചെയ്യാനും സാധിച്ചത് വലിയ അനുഗ്രഹമായി.

മലയാളികൾ അല്ലാത്ത പ്രവാസികൾ പോലും കെ.എസ് ചിത്രയും എസ്‌.പി ബാലസുബ്രഹ്മണ്യം അടക്കമുള്ളവർ സംബന്ധിക്കും എന്ന് അറിയിച്ചിരുന്ന  ഓണാഘോഷ പരിപാടികളുടെ പോസ്റ്റർ പതിച്ച സമാജം ഹാളിന്റെ ചുവരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാനുള്ള പോസ്റ്റർ മാറ്റിപ്പതിച്ചപ്പോഴേയ്ക്കും വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപേരാണ് അവശ്യ സാധനങ്ങളുമായി എത്തിച്ചേർന്നത്. പ്രധാനമായും വസ്ത്രങ്ങൾ,ബെഡ് ഷീറ്റുകൾ  ,ബ്ളാങ്കറ്റുകൾ തുടങ്ങിയവയായിരുന്നു കൂടുതൽ പേരും സമാജത്തിലേയ്ക്ക് എത്തിച്ചത്. സ്ത്രീകളുടെ നാപ്കിനുകൾ,കുട്ടികളുടെ ഡയപ്പറുകൾ തുടങ്ങിയവയും  കൂട്ടത്തിൽ ഉണ്ട്. ഡെറ്റോൾ,ക്ളീനിംഗ് സാധനങ്ങൾ,ബിസ്‌ക്കറ്റുകൾ,പാക്കറ്റ് പാൽപ്പൊടികൾ മുതൽ ചായപ്പൊടി വരെയും എത്തിച്ചവയിൽ പ്പെടുന്നു.സമാജം എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റു സാധാരണ അംഗങ്ങളും എല്ലാം തന്നെ ഇവ പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്. ഇന്നലെ രാത്രി ഏറെ വൈകുവോളം വേർതിരിക്കലും പാക്കിംഗ് ജോലികളും തുടർന്നു. ഇന്നും നാളെയുമായി കൂടുതൽ സാധന സാമഗ്രികൾ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ പറഞ്ഞു. കഴിവതും പാചകം ചെയ്‌തു ഉപയോഗിക്കേണ്ടുന്ന അരിപോലുള്ള സാധനങ്ങൾ ഇനി ആരും കൊണ്ടുവരേണ്ടെന്നും ബെഡ് ഷീറ്റുകൾ,നൈറ്റികൾ,അടിവസ്ത്രങ്ങൾ തുടങ്ങിയവയാണ് കൂടുതലും വേണ്ടതെന്നും ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അറിയിച്ചത് പ്രകാരം അത്തരം സാധനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് സമാജം  ജനറൽ സെക്രട്ടറി എം പി രഘു പറഞ്ഞു. സാധങ്ങൾ ഇനിയും ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ 39440530,39855197,39398595 എന്നെ നമ്പറുകളി ബന്ധപ്പെടേണ്ടതാണ്.

You might also like

Most Viewed