ഖലീഫ ടൗൺ പ്രൊജക്ട് : ഭവന യൂണിറ്റുകളുടെ നിർമാണം പൂർത്തിയായി


മനാമ : ഖലീഫ ടൗൺ പ്രൊജക്റ്റിന്റെ ഭാഗമായി നൂറുകണക്കിന് ഭവന യൂണിറ്റുകളുടെ നിർമാണം പൂർത്തിയായതായി റിപ്പോർട്ട്. 1,100 ൽപ്പരം യൂണിറ്റുകളുടെ നിർമ്മാണത്തിൽ ഇതുവരെ 95 ശതമാനത്തോളം പൂർത്തിയായി. ഹൌസിംഗ് മിനിസ്ട്രിയിലെ ഹൗസിംഗ് പ്രോജക്ട് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സമി അബ്ദുല്ല ബുഹാസയാണ് ഇക്കാര്യം അറിയിച്ചത്.

അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ 80 ശതമാനത്തോളം പൂർത്തിയായതായും ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റിയാദ് അസ്കർ, ബാർ അൽ ദർ എന്നീ ഗ്രാമങ്ങളിലെ പദ്ധതികളാണ് ഈ ഘട്ടത്തിൽ നിർമിക്കുന്നത്. ഖലിഫ ടൗൺ പ്രൊജക്ടിന്റെ വരാനിരിക്കുന്ന ഘട്ടങ്ങൾ കൂടെ പൂർത്തിയാക്കുന്നതിലൂടെ 6000 യൂണിറ്റുകൾ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഏകദേശം 54,000 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

അർഹരായ പൗരന്മാർക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തിന്റെ ശക്തമായ പരിശ്രമങ്ങളുണ്ടെന്നും ബുഹാസ പറഞ്ഞു. സൽമാൻ ടൗൺ, ഈസ്റ്റ് ഹിദ്ദ് ടൗൺ, അൽ റാംലി ഹൗസിങ് പ്രോജക്ട് തുടങ്ങിയ പദ്ധതികളിലും ഇതേ പാതയാണ് പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റ് ആക്ഷൻ പ്ലാൻ (ജിഎപി) യുടെ കീഴിൽ 25,000 ഭവന യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള പദ്ധതിയുടെ ഒരു പ്രധാന മൂലക്കല്ലായാണ് ഖലിഫ ടൗൺ പ്രൊജക്ട് നടപ്പിലാക്കുന്നത്. ബഹ്റൈനിൽ 40,000 വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് നിർദേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like

Most Viewed