തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു


മനാമ : മുനിസിപ്പൽ കൗൺസിലിലേയും പ്രതിനിധി സഭയിലേയും തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളുടെ പങ്കാളിത്തം സംബന്ധിച്ച സംവാദങ്ങൾ ശക്തമാകുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയുന്നതിനായി പാർലമെന്റിന്റെ കഴിഞ്ഞ സെഷനിൽ അവതരിപ്പിച്ച കരട് നിയമം തള്ളിയിരുന്നു. കുട്ടികളെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു കരട് നിയമം.
 
ജനാധിപത്യപരമായ നടപടികളെക്കുറിച്ചു മനസിലാക്കുന്നതിനും ദേശസ്നേഹത്തെയും ദേശീയ മൂല്യങ്ങളും വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് കമ്മിറ്റി കണ്ടെത്തി. ഇത് ഒരു ജനാധിപത്യ പ്രക്രിയയാണെന്നതിനാലാണ് കരട് നിയമം നിരസിച്ചത്. കുട്ടികളെ റാലികൾ, മാർച്ചുകൾ, രാഷ്ട്രീയ പ്രകടനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നതിലൂടെ അവരെ ചൂഷണം ചെയ്യരുതെന്നുള്ള കുട്ടികളുടെ സംരക്ഷണനിയമത്തിന്റെ വെളിച്ചത്തിൽ കരട് നിയമം നിരസിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ചില സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
 
പാർലമെന്റിന്റെ തീരുമാനത്തെ പാർലമെന്ററി കമ്മിറ്റി ഓഫ് വുമൻ ആൻഡ് ചിൽഡ്രൺ മേധാവി അനസ് ബു ഹിന്ദി ന്യായീകരിച്ചു. രാജ്യത്തിലെ ജനാധിപത്യത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് തിരഞ്ഞെടുപ്പ്. കുട്ടികളും യുവാക്കളും ഇത് മനസിലാക്കേണ്ടതും കുട്ടിക്കാലം മുതൽ ചെയ്യേണ്ടതുമാണ്. ഈ കരട് നിയമം കുട്ടികൾക്കായുള്ള യുഎൻ കൺവെൻഷനുകൾക്ക് വിരുദ്ധമാണ്. ഇത്തരം ദേശീയ പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളെ ഒഴിവാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ചെറുപ്പക്കാർ പോലും ജനാധിപത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരായ ചൂഷണങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ രാജ്യത്ത് ആവശ്യമായ നിയമങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
നിയമസഭയിൽ അംഗമായ റൂവാ അൽഹായ്ക്കി ബില്ലിനെ ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരവേളയിൽ കുട്ടികളുടെ പങ്കാളിത്തത്തേക്കുറിച്ച് തീരുമാനിക്കേണ്ടത് അവരുടെ മാതാപിതാക്കളുടെ സമ്മതത്തെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് അവർ പറഞ്ഞു. കരട് നിയമത്തിൽ നേരത്തെ തന്നെ ചർച്ച നടത്തിയിരുന്നുവെന്നും അതിൽ ഒരു ഭേദഗതി നിർദ്ദേശിച്ചിരുന്നെന്നും കൗൺസിൽ ഓഫ് റപ്രസെന്ററ്റീവ്സ് കമ്മിറ്റി ഓൺ വുമൻ ആൻഡ് ചിൽഡ്രൺ കമ്മിറ്റിയുടെ മുൻ തലവനായ അൽതഖി വിശദീകരിച്ചു. കുട്ടികളെ രാഷ്ട്രീയമായി  ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ആവശ്യകതയെക്കുറിച്ചും എം പി പറഞ്ഞു.
 
കുട്ടികൾ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് പഠിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ മാതാപിതാക്കളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ ഇത് ചെയ്യണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സൽമാൻ നാസർ അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെ മേൽനോട്ടം ഏറ്റവും പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയമായും സാമൂഹികമായും കുട്ടികളെ ചൂഷണം ചെയ്യുന്നത് തെറ്റാണ്. കുട്ടിൾക്കെതിരെയുള്ള ചൂഷണം തടയുന്നതിന് അന്താരാഷ്ട്ര നിയമങ്ങളും തത്ത്വങ്ങളും പാലിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

You might also like

Most Viewed