വിതരണത്തിലെ ആശങ്ക : പ്രവാസികൾ ശേഖരിച്ച ടൺ കണക്കിന് സാധനങ്ങൾ കെട്ടിക്കിടക്കുന്നു


മനാമ : കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാ­യി പ്രവാസികൾ ശേഖരിച്ച നിരവധി സാധന സാമഗ്രികൾ പലയിടത്തുമായി കെട്ടിക്കിടക്കുകയാണ്. കേ­രളത്തിൽ ഇപ്പോൾ പല നാടുകളിൽ നിന്നും അയച്ച ആവശ്യ വസ്തു­ക്കൾ വിതരണം ചെയ്യുന്നതിലും കാർഗോ ഡെലിവറിയിലും ഉണ്ടായ ആശങ്കയാണ് പലരും ശേഖരിച്ച വസ്തുക്കൾ അയക്കാൻ താമസി­ച്ചത്. പെട്ടെന്ന് തന്നെ ലഭ്യമാക്കേണ്ട വസ്തുക്കൾ എയർ കാർഗോ വഴി മാത്രമേ കൊണ്ടുപോകാൻ കഴിയു­കയുള്ളൂ. ഇതാണെങ്കിൽ ചിലവേ­റിയ മാർഗ്ഗമാണ്.

ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ കാർഗോ ലഭ്യമാ­കുമ്പോൾ വിമാനത്താവളത്തിൽ നിന്ന് ഡെലിവറി വിലാസത്തിൽ ഉള്ളവരുടെ ഉത്തരവാദിത്വത്തിൽ അത് ഡെലിവറി ചെയ്യണം. ഏതെങ്കിലും ചാരിറ്റി സംഘടനകൾക്ക് മാത്രമേ ഇത്തരത്തിൽ സർവ്വീസ് ചാർജ്ജ് അടക്കാതെ ഡെലിവറി ചെയ്യാൻ കഴി­യുകയുള്ളൂ. ഫോർ പി.എം ന്യൂസി­ന്റെ ഉത്തരവാദിത്വത്തിൽ സാന്ത്വനം എന്ന പരിൽ സംഭരിച്ച 3500 കിലോഗ്രാം വസ്തുക്കൾ തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും രണ്ട് ചാരിറ്റി സ്ഥാപനങ്ങൾക്കാണ് അയച്ചു കൊടുത്തി­രിക്കുന്നത്. സംഘടനയുടെ പ്രവർ­ത്തകൻ അത് ഏറ്റുവാങ്ങി ഉത്തരവാ­ദിത്തപ്പെട്ടവർക്ക് കൈമാറും.

കേരളീയ സമാജത്തിൽ നിന്ന് ഇന്നലെ കണ്ടെയ്നറിൽ അയച്ച സാധനങ്ങൾ നോർക്ക വഴി വിതരണം ചെയ്യും. ബഹ്റൈനിലെ നിരവധി ചെറു സംഘടനകൾ ശേഖരിച്ച ടൺ കണക്കിന് സാധനങ്ങൾ അയക്കാനുള്ള പ്രയാസങ്ങൾ അറിയിച്ചു കൊണ്ട് പല ഫോൺ കോളുകളും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. മലയാളികളെ കൂടാതെ തമിഴ്, കർണ്ണാടക അസോസിയേഷനുകളും ഇത്തരത്തിൽ സാധന സാമഗ്രികൾ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി ഇവ സൗജന്യമായി അയക്കാനുള്ള സംവിധാനം ഏർപ്പെടാക്കുകയാണെങ്കിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇനിയും സാധനങ്ങൾ അയക്കാൻ പ്രവാസലോകം തയ്യാറാകും.

അതേസമയം ദുരിതാശ്വാസ കേ­ന്ദ്രങ്ങളിലേക്ക് ഗൾഫ് നാടുകളിൽ നിന്ന് അയക്കുന്ന സാധനങ്ങൾ യഥാർത്ഥത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ലഭിക്കുന്നില്ലെന്ന പരാതി­യും ചില സ്ഥലങ്ങളിൽ നിന്ന് ഉയർ­ന്നു വരുന്നുണ്ട്.

You might also like

Most Viewed