പ്രളയക്കെടുതി : കേരളത്തിൽ നിന്ന് പുറപ്പെട്ട പ്രവാസി കുടുംബം ബഹറൈനിൽ എത്തിയത് മൂന്നാം ദിവസം


രാജീവ് വെള്ളിക്കോത്ത്

മനാമ : കേരളത്തിലെ പ്രളയം വിതച്ച ദുരിതത്തിൽ പ്രാവാസികൾ പലരും അകപ്പെട്ടപ്പോൾ അവധി­ക്ക് നാട്ടിൽ പോയി ബഹ്റൈനിലേയ്ക്ക് മടങ്ങിയ പ്രവാസി കുടുംബം കേരളത്തിൽ നിന്നും ബഹ്റൈനിലെത്താൻ ചിലവിട്ടത് മൂന്ന് ദിവസം. ബഹ്റൈനിലെ ഡ്രീം ഗോൾഡ് സെയിൽസ് ആന്റ് ഓപ്പറേഷൻസ് മാനേജർ രതീഷിനും കു­ടുംബത്തിനുമാണ് പ്രളയ കാലത്തെ ദുരിതം നിറഞ്ഞ യാത്ര അഭിമുഖീകരിക്കേണ്ടിവന്നത്.

അവധി­ കഴിഞ്ഞുള്ള യാത്ര നിശ്ചയിക്കപ്പെട്ട ദിവസം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനസർവ്വീസ് റദ്ദാക്കി­യതിനാൽ തിരുവനന്തപുരത്ത് നിന്നോ ചെന്നൈ­യിൽ നിന്നോ ഉള്ള വിമാനം തരപ്പെടുത്താമെന്നു­ള്ള തീരുമാനത്തിലായിരുന്നു രതീഷ്. ട്രെയിൻ കൃത്യമായി എത്തുമോ എന്ന് നിശ്ചയമില്ലാത്ത കൊണ്ട് തന്നെ വിമാന ടിക്കറ്റ് വീണ്ടും എടുത്തിരുന്നി­ല്ല. തിരുവനന്തപുരത്തോ ചെന്നൈയിലോ ചെന്ന് ലഭ്യമാകുന്ന മുറയ്ക്ക് സീറ്റ് ഉറപ്പിക്കാമെന്നുള്ള ധാരണയിൽ ആയിരുന്നു യാത്ര തിരിച്ചത്.

ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെയ്ക്ക് ഒരു സ്പെഷ്യൽ ട്രെയിൻ ഉണ്ടെന്നുള്ള അറിയി­പ്പ് ലഭിച്ചത് പ്രകാരം തിരുവല്ല എഴുമല്ലൂരിലെ തന്റെ വീട്ടിൽ നിന്ന് ആഗസ്റ്റ് 21 ചൊവ്വാഴ്ച രാ­വിലെ തന്നെ 3 മാസം പ്രായമുള്ള കൈക്കുഞ്ഞ് അടക്കമുള്ള കുടുംബവുമായി തിരുവല്ല റെയിൽവേ സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ടു. 2 മണിക്കുള്ള തിരു­വനന്തപുരത്തേക്കുള്ള ട്രെയിൻ ഒരുമണിക്കൂർ വൈ­കി എത്തിയെങ്കിലും നിന്ന് പോലും യാത്ര ചെയ്യാ­നാകാത്തവിധത്തിലുള്ള തിരക്ക് കാരണം അതിൽ കയറിപ്പറ്റാൻ സാധിച്ചില്ല.

തുടർന്ന് തിരുവനന്തരത്തയ്ക്ക് പ്രൈവറ്റ് ടാക്സി പിടിക്കാൻ തീരുമാനി­ച്ചു. പക്ഷെ റോഡ് ഗതാഗതം പൂർണമായി പഴയ പടി ആവാത്തതിനാൽ ടൂറിസ്റ്റ് ടാക്സികൾ ഒന്നും തന്നെ ട്രിപ്പ് എടുത്തില്ല. വൈകീട്ട് 5 മണിക്ക് കൊല്ലം വരെ പോകുന്ന ഒരു പാസഞ്ചർ ട്രെയിനാണ് പിന്നീടുള്ളത്. ആ ട്രെയിനിൽ എങ്ങനെയോ നി­ന്നും നിരങ്ങിയും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് ചെന്നൈയിലേക്ക് അടുത്ത ദിവസം പുലർച്ചെ 2 മണിക്ക് ട്രെയിൻ ഉണ്ടെന്നറി­ഞ്ഞതോടെ കൊല്ലത്തെ ഒരു ഹോട്ടലിൽ മുറിയെ­ടുത്ത് തങ്ങി. പുലർച്ചെ 2 മണിക്കുള്ള ട്രെയിൻ വൈകി 3 മണിക്ക് എത്തിച്ചേർന്നുവെങ്കിലും ആ ട്രെയിൻ മധുര വഴി ചുറ്റിക്കറങ്ങി രാത്രി 11 മണി­ക്കാണ് ചെന്നൈയിൽ എത്തിയത്.

ചെന്നൈയിൽ നിന്ന് അടുത്ത ദിവസം മുംബൈ വഴിയുള്ള കണക്ഷൻ ഫ്ളൈറ്റിൽ മുംബൈയിൽ 7 മണിക്കൂർ തങ്ങി ബഹ്റൈനിൽ എത്തുമ്പോഴേ­യ്ക്കും യാത്ര പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 10:30 ആയിരുന്നു. കൈക്കുഞ്ഞിനെ കൂടാതെ 3 വയസ്സ് പ്രായമുള്ള മകനും ഭാര്യയും അടങ്ങുന്ന കുടുംബമാണ് രതീഷിന്റേത്. റെയിൽവേ സ്റ്റേഷനു­കളിൽ പല സ്ഥലത്തും ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ലെന്നും ആദ്യ ദിനം വേണ്ടുന്ന ഭക്ഷണം വീട്ടിൽ നിന്നും എടുത്തിരുന്നതു കൊണ്ട് മാത്രമാണ് യാത്രയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞതെന്നും രതീഷ് പറഞ്ഞു.

You might also like

Most Viewed