ഏഷ്യൻ ഗെയിംസിൽ ബഹ്റൈന് നാലു സ്വർണ്ണം


ജക്കാർത്ത : ജക്കാർത്തയിൽ നടക്കുന്ന 18 ഏഷ്യൻ ഗെയിംസിൽ ബഹ്റൈൻ നാല് സ്വർണ്ണ മെഡലുകളും, ഒരു വെള്ളിയും രണ്ട് വെങ്കലവും കരസ്ഥമാക്കി. അത്‍ലറ്റിക്സിന്റെ രണ്ടാം ദിനമായ ഇന്നലെ വനിതകളുടെ മാരത്തണിൽ റോസ് ചെലിമോ ബഹ്റൈന് വേണ്ടി ആദ്യ സ്വർണം നേടി. രണ്ട് മണിക്കൂർ 34 മിനിറ്റ് 51 സെക്കൻഡിലാണ് ചെലിമോ മത്സരം പൂർത്തിയാക്കിയത്. ജപ്പാന്റെ കെയ്കോ നാഗോമി (2:36:27) വെള്ളി മെഡലും ഉത്തര കൊറിയയുടെ കിം ഹൈ-സോങ് (2:37:20) വെങ്കലവും കരസ്ഥമാക്കി.

2017 ൽ ലണ്ടനിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ് മാരത്തണിലും റോസ് ചെലിമോ ബഹ്റൈനുവേണ്ടി സ്വർണ്ണം നേടിയിരുന്നു. 2:27:11 സമയം കൊണ്ടാണ് അന്ന് റോസ് ചെലിമോ ഓടിയെത്തിയത്. സെൻട്രൽ ജക്കാർത്തയിലെ ഗിലോറ ബംഗ് കർണൊ സ്റ്റേഡിയത്തിൽ നിന്നാണ് മാരത്തൺ ആരംഭിച്ചത്. വെസ്റ്റ് ജക്കാർത്തയിലെ നാഷണൽ ആർചീവ്സ് സ്റ്റേഡിയത്തിന് സമീപമായിരുന്നു ടേണിങ് പോയിന്റ്. തിരിച്ച് ഗിലോറ ബംഗ് കർണൊ സ്റ്റേഡിയത്തിൽതന്നെ മാരത്തൺ സമാപിച്ചു. തുടർന്ന് അത്ലറ്റിക്സിൽ ബഹ്റൈൻ നാല് മെഡലുകൾ കൂടി കൂട്ടിച്ചേർത്തു.
സാൽവ ഈദ് (വനിതകളുടെ 400 മീറ്റർ), എദിദിയോങ് ഒഡിയോങ് (വനിതകളുടെ 100 മീറ്റർ), ഹസൻ ഷാനി (പുരുഷന്മാരുടെ 10,000 മീറ്റർ) എന്നിവരാണ് മറ്റ് സ്വർണ്ണ ജേതാക്കൾ. വനിതകളുടെ 400 മീറ്റർ ഫൈനലിൽ 50.09 സെക്കൻഡിലാണ് സാൽവ ഫിനീഷ് ചെയ്തത്. വനിതകളുടെ 100 മീറ്ററിൽ 11.30 സെക്കൻഡിൽ ഓടിയെത്തിയാണ് എദിദിയോങ് സ്വർണ്ണ മെഡൽ തന്റെ പേരിലാക്കിയത്.

പുരുഷന്മാരുടെ 10,000 മീറ്റർ ചാമ്പ്യൻഷിപ്പിൽ 28 മിനിറ്റും 35:54 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഷാനി ബഹ്റൈനുവേണ്ടി സ്വർണം നേടിയത്. മറ്റൊരു ബഹ്‌റൈൻ താരം അബ്രഹാം ചേറോബെൻ (29: 00.29) ഇതേയിനത്തിൽ വെള്ളി നേടി. പുരുഷന്മാരുടെ 400 മീറ്ററിൽ അലി ഖമിസ് (44.70 സെക്കൻഡ്), സ്ത്രീകളുടെ ഷോട്ട് പുട്ടിൽ നൂറ ജാസിം (17.11 മീറ്റർ) എന്നിവരാണ് ബഹ്റൈനുവേണ്ടി വെങ്കലമെഡലുകൾ നേടിയത്. നാല് സ്വർണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഒമ്പത് മെഡലുകളാണ് ബഹ്റൈൻ നേടിയത്.

You might also like

Most Viewed