കുടിവെള്ളത്തിലെ വിഷാംശം : മരിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് 80,000 ബഹ്‌റൈൻ ദിനാർ നഷ്ടപരിഹാരം


മനാമ : വിഷാംശം കലർന്ന കുടിവെള്ളം കുടിച്ച് മരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് നഷ്ടപരിഹാരമായി 80,000 ബഹ്‌റൈൻ ദിനാർ നൽകാൻ ഹൈ ക്രിമിനൽ കോടതി കുടിവെള്ള കമ്പനിയോട് ഉത്തരവിട്ടു. 5, 11 വയസ്സുകരായ കുട്ടികളാണ് അപകടകരമായ ക്രോമോബാക്ടർ ബാക്ടീരിയകളടങ്ങിയ കുടിവെള്ളം ഉപയോഗിച്ചത് മൂലം മരണമടഞ്ഞത്. കമ്പനിയുടെ വാട്ടർ ടാങ്കുകൾ പരിശോധിക്കുന്നതിൽ ആരോഗ്യ മന്ത്രാലയത്തിന് വീഴ്ച്ച പറ്റിയതായി മരിച്ച കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
 
കുട്ടികളുടെ മരണത്തിന് നഷ്ടപരിഹാരമായി 100,000 ബഹ്‌റൈൻ ദിനാർ വീതം ആവശ്യപ്പെട്ട് മാതാപിതാക്കൾ കേസ് ഫയൽ ചെയ്തു. വെള്ളം കുടിച്ച് മൂന്ന് ആഴ്ചകൾക്കുശേഷം കുട്ടികൾക്ക് ഹൃദയസ്തംഭനമുണ്ടായതായി മാതാപിതാക്കളുടെ അഭിഭാഷകൻ റബബ് അൽ ഒറായിദ് പറഞ്ഞു. ഇവരുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഡോക്ടർമാരാണ് ബാക്ടീരിയയാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
 
കമ്പനി ടാങ്കുകൾ വൃത്തിയാക്കാത്തതിനാൽ ടാങ്കിൽ മലിന ജലം നിലനിന്നിരുന്നതായും അത് കുട്ടികളെ ബാധിച്ചതായും അഭിഭാഷകൻ അൽ ഒറായിദ് പറഞ്ഞു. കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനികളെക്കുറിച്ച് യാതൊരു പരിശോധനയും നടത്തിയില്ല എന്നതിനാൽ ആരോഗ്യ മന്ത്രാലയത്തിനും മരണത്തിൽ ഭാഗികമായി ഉത്തരവാദിത്വമുണ്ടെന്നും അഭിഭാഷകൻ ആരോപിച്ചു. 
 

You might also like

Most Viewed