ഉയർന്ന ഗുണനിലവാരമുള്ള മരുന്നുകൾ വാങ്ങാൻ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം


മനാമ : മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അധ്യക്ഷനായ മന്ത്രിസഭ ചർച്ച ചെയ്തു. ലോകാരോഗ്യ സംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും കണക്കിലെടുത്ത് വേണം മരുന്നുകൾ വാങ്ങേണ്ടതെന്ന് ആരോഗ്യ മന്ത്രാലയത്തോട് മന്ത്രിസഭ നിർദേശിച്ചു. മികച്ച നിലവാരമുള്ള മരുന്നുകൾ വാങ്ങാൻ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നടപടികളേക്കുറിച്ച് ആരോഗ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.
 
ഈ വർഷത്തെ ഹജ്ജിൻറെ വിജയത്തിനായി സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സഊദ് രാജാവിന്റെ നേതൃത്വത്തിൽ സൗദി അറേബ്യ നടത്തിയ പ്രയത്നങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു. തീർഥാടകർക്ക് സൗദി സർക്കാർ നൽകിയ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളേയും അദ്ദേഹം പ്രശംസിച്ചു. ഇത് തീർത്ഥാടകർക്ക് ചടങ്ങുകൾ ലളിതവും എളുപ്പവുമാക്കിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ജനുസാൻ മേഖലയിൽ അടിസ്ഥാനസൗകര്യ വികസനങ്ങളും പുനർനിർമാണങ്ങളും തുടരുന്നതിന് മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിന് മന്ത്രിസഭ നിർദേശം നൽകി.
 
നിയമകാര്യ സമിതിയുടെ ശുപാർശ പ്രകാരം, ഇലക്ട്രോണിക് റെക്കോർഡുകൾ കൈമാറ്റം ചെയ്യുന്നതിനുമുള്ള സാങ്കേതിക വിദ്യക്കായി സമിതി ചെയർമാനായ ഉപ പ്രധാനമന്ത്രി അവതരിപ്പിച്ച മെമ്മോറാണ്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇലക്ട്രോണിക് നോട്ടീസുകൾ അയയ്ക്കൽ, സർക്കാർ വകുപ്പുകളിൽ ഇലക്ട്രോണിക് ഡാറ്റാബേസുകളുടെ കൈമാറ്റം എന്നിങ്ങനെ പല സേവനങ്ങളും ഉൾപ്പെടുത്തി ഇലക്ട്രോണിക് സേവനങ്ങൾ നിയമപരമായി പരിഷ്ക്കരിക്കുന്നതിലൂടെ ഗവൺമെൻറ് ഇതര ഇടപാടുകൾ ലളിതമാക്കാനും സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നടപടി. ആശയവിനിമയ ചെലവുകൾ കുറക്കുക, സൗകര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുക, ഭരണപരമായ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

You might also like

Most Viewed