നാടെത്തിയിട്ടും തുറക്കാത്ത പ്രവാസി 'പെട്ടി 'കൾ


രാജീവ് വെള്ളിക്കോത്ത്

മനാമ: ദുരിതബാധിതർക്ക് പ്രവാസികൾ സ്വരൂപിച്ചയച്ച സാധനങ്ങൾ മറിച്ചു കൊണ്ടുപോകാതിരിക്കാനും ഇക്കാര്യത്തിലെ ചൂഷണങ്ങൾ പരമാവധി ഒഴിവാക്കാനും സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ സാധനങ്ങളുടെ ഡെലിവറി പലതും വൈകുന്നു.അതോടെ പ്രവാസികൾ കാർഗോ ഏജൻസികൾ വഴി അയച്ച സാധനങ്ങൾ പലതും കാർഗോ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്.അംഗീകൃത എൻ ജി ഓ കൾക്കോ  സർക്കാർ ഏജൻസികളുടെ പേരിലോ അല്ലാതെ അയച്ച സാധനങ്ങളാണ് ഡെലിവറി ചെയ്യാൻ ആകാതെ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നത്.

ജന്മനാട് പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ തന്നെ പ്രവാസികൾ ഒന്നടങ്കം വിലപിടിപ്പുള്ള പല സാധനങ്ങളും അയക്കാൻ ആരംഭിച്ചിരുന്നു. ബഹ്‌റൈനിൽ നിന്നടക്കം ടൺ കണക്കിന് സാമഗ്രികളാണ് ഇത്തരത്തിൽ അയച്ചത് എന്നാൽ  ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ ഏറെ കടന്പകൾ ഏർപ്പെടുത്തിയത് സാധനങ്ങൾ അയച്ച പലർക്കും വിനയായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള നിരവധി ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി അയച്ച സാധനങ്ങൾ പലതും വിമാനത്താവളത്തിലെ കാർഗോ  വിഭാഗത്തിൽ കെട്ടിക്കിടക്കുകയാണ്. വിതരണത്തിലെ അപാകതകൾ പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഉള്ള എൻ ജോ ഓ കൾക്ക് മാത്രമാണ്  കാർഗോ  സഥാനങ്ങൾ ഏറ്റെടുത്ത് വിതരണം ചെയ്യാനുള്ള അനുമതി നൽകിയത്. ഇക്കാര്യമറിയാതെ ഗൾഫ് രാജ്യങ്ങളിൽ ഉള്ള പലരും പല പേരുകളിലും ഉള്ള സന്നദ്ധ സംഘടനകളുടെ പേരിൽ അയച്ചു കൊടുത്തതാണ് വലിയ തോതിൽ കാർഗോ സാധനങ്ങൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കാൻ കാരണമായത്.ചിലർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വ്യക്തികളുടെ പേരിൽ പോലും ദുരിതബാധിത സ്‌ഥലങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടി സാധനങ്ങൾ അയച്ചിട്ടുണ്ട്. അങ്ങനെ അയച്ചിട്ടുള്ളവർ അതാത് ജില്ലാ കളക്ടർമാർക്ക് കാർഗോ ക്ലിയർ ചെയ്യാനുള്ള സമ്മതപത്രം കൊടുത്താൽ മാത്രമേ കസ്റ്റംസ് അധികൃതർ അവ വിട്ടു നൽകുകയുള്ളൂ.  സാധങ്ങളുടെ ലിസ്റ്റ്,തൂക്കം,അവ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ക്യാമ്പ് (അങ്ങനെ പ്രത്യേകം ഉണ്ടെങ്കിൽ) അവ ഉള്ളടക്കം ചെയ്തു കളക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം. കളക്ടർ ഓഫീസിൽ നിന്ന് അവ ബന്ധപ്പെട്ടവർ കാർഗോ ഓഫീസിൽ എത്തി സ്വീകരിക്കുകയും ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ സാന്നിധ്യത്തിൽ അവ തുറന്ന് അതാത് കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള സംവിധാനവും ഏർപ്പാടാക്കും. പക്ഷെ പല ഉദ്യോഗസ്‌ഥന്മാരും ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയതിനാൽ  സാധനങ്ങൾ ഏതൊക്കെ സമയങ്ങളിൽ ഡെലിവറി ചെയ്യുമെന്നുള്ള കാര്യത്തിൽ ഒരു ഉറപ്പും ലഭിക്കുന്നില്ലെന്ന് ഖസ്തരിൽ നിന്ന് സാധനങ്ങൾ അയചു ഇപ്പോൾ വിമാനത്താവളത്തിൽ കാർഗോയ്ക്ക് വേണ്ടി കാത്തു നിൽക്കുന്ന  രാഹുൽ ജിത്ത് ഫോർ പി എം ന്യൂസിനോട് പറഞ്ഞു. ഏഴു സുഹൃത്തുക്കളുടെ പേരിൽ 700 കിലോ അവശ്യ വസ്തുക്കളാണ് അദ്ദേഹം ഖസ്തരിൽ നിന്ന് സുഹൃത്തുക്കളുടെയും സ്വന്തം പേരിലും അയച്ചത്.  അയച്ചു കഴിഞ്ഞു അദ്ദേഹം അടുത്ത ദിവസം തന്നെ അദ്ദേഹം നാട്ടിലേയ്ക്ക് എത്തുകയും ചെയ്തു. നാട്ടിൽ എത്തിയപ്പോഴാണ് ദുരിതാശ്വാസ ക്യാംപിൽ അയച്ച സാധനങ്ങൾ ഡെലിവറി ചെയ്യാൻ നിയമ പ്രശനങ്ങൾ ഉണ്ടെന്ന് മനസ്സിലായത്.തുടർന്ന് ജില്ലാ കളക്ടർക്ക് സമ്മതപത്രം നൽകി ആവശ്യമായ സ്‌ഥലങ്ങളിൽ വിതരണം ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ  സാധനങ്ങൾ കൃത്യമായി അതാത് സ്‌ഥലങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഏർപ്പാടാക്കിയ നടപടിയായി തോന്നുന്നുവെങ്കിലും   സദുദ്ദേശത്തോടെ അയച്ച സാധനങ്ങൾ  എത്രയും പെട്ടെന്ന് ദുരിതം അനുഭവിക്കുന്നവരുടെ കൈകളിൽ ഇത്തരത്തിൽ എത്തിപ്പെടുമോ എന്നുള്ള സംശയം ബാക്കി നിൽക്കുന്നുവെന്ന് ഇത്തരത്തിൽ സാധനങ്ങൾ അയച്ച പലരും ആശങ്കപ്പെടുന്നു. ഇപ്പോൾ തന്നെ പല കേന്ദ്രങ്ങളിലും എത്തിച്ച സാധനങ്ങൾ  കുന്നു കൂടി കിടക്കുകയാണ്.അയച്ച സാധനങ്ങൾ വേർതിരിക്കാനും വിവിധ ഇടങ്ങളിലേക്ക് അയക്കാനുമുള്ള ആളുകളെയും ഉദ്യോഗസ്‌ഥരെയും പലപ്പോഴും ലഭ്യമല്ലെന്നുള്ള പരാതിയാണ് ലഭിക്കുന്നതെന്ന്‌ സാമൂഹ്യ പ്രവർത്തക ഉമാ പ്രേം പറയുന്നു.ളഴിഞ്ഞ ദിവസം ആലപ്പുഴ എസ് ഡി കോളേജിൽ ദുരിതാശ്വാസ പ്രവർത്തിനു വേണ്ടി ഗൾഫ് നാടുകളിൽ നിന്ന് അയച്ച സാധനങ്ങൾ മഴയത്ത് കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഉടനെ അധികൃതരെ വിവരം അറിയിക്കുകയും ഉടൻ തന്നെ അത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്തതായും അവർ പറഞ്ഞു. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥരെയും കുറ്റം പറയാൻ കഴിയില്ലെന്നും രാത്രി വളരെ വൈകിയും വേർതിരിക്കലും മറ്റും തീരാത്തതിനാൽ ബാക്കി അടുത്ത ദിവസം ചെയ്യാമെന്ന് കരുതി തളർന്നുറങ്ങിയതാകാം എന്നും അവർ ഫോർ പി എം ന്യൂസിനോട് പറഞ്ഞു.
 
അതുപോലെ ആലപ്പുഴ എസ് ഡി കോളേജിൽ പ്രവർത്തിയ്ക്കുന്ന കേന്ദ്രീകൃത ദുരിതാശ്വാസ സ്വീകരണ വിതരണ കേന്ദ്രത്തിൽ വ്യക്തികളും സന്നദ്ധസംഘടനകളും വിതരണത്തിനായി നൽകിയ ആയിരക്കണക്കിന് ചാക്ക് അരിയും പലവ്യഞ്ജനവും വെള്ളവും മറ്റ് ഉത്പന്നങ്ങളും സുരക്ഷിതമായി സംരക്ഷിയ്ക്കുവാനോ തരം തിരിയ്ക്കുവാനോ ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥേഷ്ടം വിതരണം ചെയ്യുവാനോ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല എന്ന് ആലപ്പുഴ ദുരിതാശ്വാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ പ്രശാന്ത് എസ് ആർ  ഫോർ പി എം ന്യൂസിനോട് പറഞ്ഞു.
വാഹനവുമായി പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിപത്രം ഉൾപ്പടെ ചെല്ലാമെന്ന് പറഞ്ഞിട്ടു പോലും സാധനങ്ങൾ ലഭിയ്ക്കാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറയുന്നു . 
താൽക്കാലിക ഷെഡുകളും കോളേജ് വരാന്തയും മരച്ചുവടും ഒക്കെയാണ് എസ് ഡി കോളേജിലെ കേന്ദ്രീകൃത ദുരിതാശ്വാസ സ്വീകരണ വിതരണ കേന്ദ്രത്തിലുള്ളത്. ബ്രഡ് അടക്കമുള്ള ഭക്ഷണ സാധനങ്ങൾ ആ പാക്കറ്റുകളിൽ ഉണ്ടാകാം. അവയൊക്കെ നശിച്ചു പോകുന്ന അവസ്ഥയാണ്. പല കാർഡ് ബോർഡ് പെട്ടികളും നനഞ്ഞ് അതിനുള്ളിലെ സാധനങ്ങളിലേയ്ക്ക് ഈർപ്പവും വെള്ളവും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. തരം തിരിയ്ക്കാനും യഥാവിധി സംരക്ഷിയ്ക്കുവാനും വോളണ്ടിയർമാർ പോലും കുറവാണ്. 
 
 തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാർഗോ ഏരിയായിൽ ടൺ കണക്കിന് പാക്കറ്റ് സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. സൂക്ഷിക്കാൻ മതിയായ സൌകര്യത്തിന്റെ അഭാവത്തിൽ അവയുടേയും അവസ്ഥ ഇതൊക്കെത്തന്നെ. സാധനങ്ങൾ അയച്ച എയർവേ ബില്ലിന്റെ പകർപ്പും സാധനങ്ങൾ ഏറ്റുവാങ്ങാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ഏർപ്പെടുത്തുന്ന അനുമതി പത്രം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയതും തിരുവനന്തപുരത്തെ കളക്ട്രേറ്റിൽ എത്തിച്ചു നൽകിയാൽ അവിടെ നിന്നും അത് സ്വീകരിയ്ക്കുവാനുള്ള നടപടി സ്വീകരിയ്ക്കും. കാർഗോയിൽ രേഖപ്പെടുത്തിയ വിലാസക്കാരന് അത് നൽകില്ല. അവ ജില്ലാ കളക്ടർക്ക് മാത്രമേ നൽകൂ.  ഓണം അവധി കാരണം ഓഫീസുകൾ തുറക്കാൻ വൈകിയതിനാൽ പലർക്കും ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ അനുമതി പത്രം കളക്ടർ മുന്പാകെ നൽകുവാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം ഫോർ പി എം ന്യൂസും ,ബഹ്‌റൈൻ കേരളീയ സമാജം,ഐ വൈ സി സി ,ഓ ഐ സി സി,മൈത്രി ,തുടങ്ങിയ  നിരവധി സംഘടനകളും അയച്ച ടൺ കണക്കിന് സാധങ്ങളാണ് വരും ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ എത്തിച്ചേരാനുള്ളത്. കേരളീയ സമാജം നോർക്കയുമായി ബന്ധപ്പെട്ടും മറ്റു സംഘടനകൾ അതാത് സ്‌ഥലങ്ങളിൽ എൻ ജി ഓ കൾ വഴിയും അധികൃതരുമായി ബന്ധപ്പെട്ടതിനു ശേഷവുമാണ് സാധനങ്ങൾ കയറ്റി അയച്ചത്. ഇവ വരും ദിവസങ്ങളിൽ ബന്ധപ്പെട്ടവർ ഏറ്റെടുത്ത് ആവശ്യമുള്ള പ്രദേശങ്ങളിൽ വിതരണം ചെയ്യും .
 
 

You might also like

Most Viewed