രാജ്യത്ത് പലയിടത്തും വിതരണം ചെയ്യുന്നത് മലിനമായ കുടിവെള്ളം


മനാമ : മനാമയിലെ ധാരാളം വീടുകളിലേക്കും കടകളിലേക്കും വിതരണം ചെയ്യുന്ന കുടിവെള്ളം മലിനവും അനാരോഗ്യകരവുമാണെന്ന് പരിശോധനകൾ വ്യക്തമാക്കുന്നു. വെള്ളം സംഭരിക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കുന്ന കണ്ടെയ്നറുകളും, ബോട്ടിലുകളും വൃത്തിയുള്ളവയല്ല. ഇതോടൊപ്പം പല കണ്ടെയ്നറുകളിലും ദ്വാരങ്ങളുണ്ടായിരുന്നു. അനധികൃത കുടിവെള്ള വിതരണക്കാർ കുടിവെള്ളത്തിൽ 50 ശതമാനം ശുദ്ധീകരിക്കാത്ത ടാപ്പ് വെള്ളം കലർത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ട്രക്കിന്റെ ഉള്ളിലും പായലും പൂപ്പലും പിടിച്ച നിലയിലാണ്.
 
കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുള്ളതായി മനാമയിലെ താമസക്കാരനായ ബഹ്റൈനി പൗരൻ പറയുന്നു. വിതരണക്കാർ നൽകുന്ന കുപ്പികൾ വൃത്തിഹീനമാണ്. കുപ്പിയുടെ അടപ്പിൽ പായലിന്റെയോ ബാക്ടീരിയയുടെയോ പോലുള്ള പച്ച നിറം കാണുന്നത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ അത് തുടച്ചു നീക്കാൻ ശ്രമിച്ചപ്പോൾ അത് തന്റെ കൈയ്യിൽ പറ്റിയതായും ഈ വെള്ളം കുടിക്കാൻ അനുയോജ്യമല്ലെന്ന് തനിക്ക് തോന്നിയതായും അദ്ദേഹം പറഞ്ഞു. തന്റെ ആരോഗ്യം അപകടത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ആ വിതരണക്കാരിൽനിന്നും കുടിവെള്ളം വാങ്ങുന്നത് നിർത്തിയതായും അദ്ദേഹം പറഞ്ഞു.
 
തനിക്കുണ്ടായ ഈ അനുഭവത്തിൽനിന്നും ജനങ്ങളെ ബോധവത്കരിക്കാൻ തൻ ശ്രെമിച്ചിരുന്നതായും എന്നാൽ പിന്നീട് അത് മുടങ്ങിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ അനധികൃത കുടിവെള്ള വിതരണക്കാരിൽനിന്നും വെള്ളം കുടിച്ച കുഞ്ഞുങ്ങൾ മരിച്ചതിനെതുടർന്ന് വീണ്ടും ബോധവത്കരണ പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
 
ആഹാരത്തിൽ നിന്ന് വ്യത്യസ്തമായി, കുടിവെള്ളം മലിനമാകാൻ വളരെ എളുപ്പമാണ്. വെള്ളത്തിൽ കഴുകി വൃത്തിയാക്കിയാൽ പല സാധനകളും വൃത്തിയാകും. എന്നാൽ വെള്ളം ഇങ്ങനെ ശുദ്ധമാക്കാനാവില്ല. ഇത്തരത്തിൽ മലിനമായ ജലം വിതരണം ചെയ്തുകൊണ്ട് അവർ ജനങ്ങളുടെ ജീവിതം വെച്ചാണ് കളിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 
 
'ഫ്രീ വിസ' തൊഴിലാളികളാണ് കുടിവെള്ള വിതരണ വ്യവസായത്തെ നിയന്ത്രിക്കുന്നത്. അധികാരികളുടെ പക്കൽ നിന്നും അവർക്ക് അംഗീകാരം ലഭിക്കാത്തതിനാൽ ഇത് അടിസ്ഥാനപരമായി നിയമവിരുദ്ധ ബിസിനസാണ്. മിക്ക വിതരണക്കാരും പ്രതിദിനം കുറഞ്ഞത് 10 ബഹ്‌റൈൻ ദിനാർ എങ്കിലും ലാഭം സമ്പാദിക്കുന്നു. അതിനാൽ ഇത് തുടരുന്നതിൽ അവർ സന്തുഷ്ടരാണ്. പ്രവാസികൾ നിയന്ത്രിക്കുന്ന ഒരു ബിസിനസാണ് ഇത്. കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനം ബഹ്റൈനികളുടേത് ആണെങ്കിലും ഒരു മാസത്തെക്ക് ഇവ വാടകക്ക് ലഭിക്കും. ഇത്തരം വാഹനങ്ങൾ ഏറ്റെടുക്കുന്ന പ്രവാസികൾ കമ്പനിയുടെ പേരിൽ പ്രവർത്തിക്കുകയോ ലൈസൻസ് സ്വന്തമാക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
 
ചെറിയ ബോട്ടിലുകൾ റീഫിൽ ചെയ്യാൻ 100 ഫിൽസും വലിയ സീൽഡ് വാട്ടർ കണ്ടെയ്നറുകൾ റീഫിൽ ചെയ്യാൻ 700 ഫിൽസും പുതിയ വാട്ടർ കണ്ടെയ്നറുകൾക്ക് 2 ബഹ്‌റൈൻ ദിനാറുമാണ് ഈ തൊഴിലാളികൾ ഈടാക്കുന്നത്. മനാമ സൂഖ് മേഖലയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലും കടകളിലും അനധികൃത ജലസംഭരണികൾ കണ്ടെത്തി. ആസിഡ് ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന ജാറുകൾ പോലും ജലസംഭരണത്തിനായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം മലിനമായ അവസ്ഥകൾ ജലജന്യ രോഗങ്ങളും അണുബാധകളും സൃഷ്ടിക്കുമെന്ന് ജല കണ്ടെയ്നറുകളുടെ ചിത്രങ്ങളും വീഡിയോകളും കണ്ട ജനറൽ പ്രാക്ടീഷണർ ഡോ. ബാബു രാമചന്ദ്രൻ പറയുന്നു. ഇത് തികച്ചും അനാരോഗ്യകരമാണ്. അജ്ഞത മൂലം പല ആളുകളും ഈ വെള്ളം കുടിക്കാം. ടാങ്കുകൾ വൃത്തിയാക്കിയിട്ടില്ലാത്തതിനാൽ അണുബാധകൾ ഉണ്ടാകാം. അധികാരികൾ ഇക്കാര്യം ശ്രദ്ധാപൂർവം എടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ ദിവസം വിഷാംശം കലർന്ന കുടിവെള്ളം കുടിച്ച് മരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് നഷ്ടപരിഹാരമായി 80,000 ബഹ്‌റൈൻ ദിനാർ നൽകാൻ ഹൈ ക്രിമിനൽ കോടതി കുടിവെള്ള കമ്പനിയോട് ഉത്തരവിട്ടിരുന്നു. 5, 11 വയസ്സുകരായ കുട്ടികളാണ് അപകടകരമായ ക്രോമോബാക്ടർ ബാക്ടീരിയകളടങ്ങിയ കുടിവെള്ളം ഉപയോഗിച്ചത് മൂലം മരണമടഞ്ഞത്. കമ്പനിയുടെ വാട്ടർ ടാങ്കുകൾ പരിശോധിക്കുന്നതിൽ ആരോഗ്യ മന്ത്രാലയത്തിന് വീഴ്ച്ച പറ്റിയതായി മരിച്ച കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

You might also like

Most Viewed