കൊച്ചി പഴയ കൊച്ചി ആയി; അവധികഴിഞ്ഞു മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം


മനാമ : വേനലവധിക്ക് നാട്ടിലേയ്ക്ക് പോയ പ്രവാസികൾക്കും ഇനി പോകാനിരുന്ന പ്രവാസികൾക്കും തെല്ലൊരാശ്വാസമായി നെടുന്പാശേരി വിമാനത്താവളത്തിലെ  വിമാനങ്ങളുടെ ഇരന്പൽ. കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ മുങ്ങിപ്പോയ വിമാനത്താവളം വീണ്ടും തുറന്നതോടെ  കഴിഞ്ഞ കുറച്ചു ദിവസമായി നിലനിന്നിരുന്ന  പ്രവാസി യാത്രക്കാരുടെ ആശങ്കകൾക്ക് വിരാമാമായിരിക്കുമായാണ്. ഇന്നുച്ചയ്ക്ക് ഇന്ത്യൻ സമയം രണ്ടു മണിയോടെ ആഭ്യന്തര,അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിച്ചു.

ഇൻഡിഗോയുടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനമാണ് നെടുന്പാശ്ശേരിയിൽ വിമാനത്താവളം സജ്ജമായതോടെ ആദ്യം ഇറങ്ങിയത്. തുടർന്ന് 32 ഓളം വിമാനങ്ങളുടെ വരവും പോക്കും ഇവിടെ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എയർലൈൻ, കസ്റ്റംസ്, ഇമിഗ്രഷൻ വിഭാഗങ്ങൾ തിങ്കളാഴ്ച മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് യാത്രക്കാർ എത്തിത്തുടങ്ങി പൂർണ്ണ സജ്ജമായത്.വിമാനത്താവളം പൂർണ്ണ സജ്ജമായതോടെ കൊച്ചി നേവൽ ബേസിൽ നിന്നാരംഭിച്ചിരുന്ന സർവീസുകൾ എല്ലാം അവസാനിപ്പിച്ചു.

1999 ജൂൺ 10ന് പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിൽ ആദ്യമായാണ് ഇത്രയും ദിവസം സർവീസ് നിർത്തിവെക്കുന്നത്. വെള്ളം ഉയർന്നതോടെ ഓഫീസ് അടക്കമുള്ളവയുടെ പ്രവർത്തനം താറുമാറായിരുന്നു. ഓഗസ്റ്റ് 20 തീയ്യതി തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് താവളം എത്രയും പ്രവർത്തനസജ്ജമാക്കാൻ അധികൃതർ കൈയ്യും മെയ്യും മറന്നു പ്രവർത്തിക്കുകയായിരുന്നു. ആയിരത്തോളം പേർ 24 മണിക്കൂറും ജോലി ചെയ്താണ് ഇത്രയും പെട്ടെന്ന് പ്രവർത്തികൾ തീർക്കാൻ കഴിഞ്ഞത്. രണ്ടര കിലോമീറ്റർ നീളത്തിൽ താൽക്കാലിക മതിലും നിർമ്മിച്ചു.

കൂടാതെ 800 റൺവേ ലൈറ്റുകൾ, ജനറേറ്ററുകൾ, വൈദ്യുതി വിതരണ സംവിധാനം തുടങ്ങിയവയും യുദ്ധകാലാടിസ്‌ഥാനത്തിൽ തന്നെ പുനർനിർമ്മിച്ചു.സൗരോർജ്ജ പാനലിന്റെ പ്രവർത്തനങ്ങളും ഇന്ന് ഭാഗികമായി പുനരാരംഭിച്ചു. ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോവിമാനം, ഗോ എയർ, ഇത്തിഹാദ്,  എയർ ഏഷ്യ, ഗൾഫ് എയർ, എമിറേറ്റ്സ് തുടങ്ങി പ്രമുഖ വിമാനക്കന്പനികളുടെ എല്ലാ വിമാനങ്ങളും കൊച്ചിയിൽ നിന്ന് സർവീസ് നടത്തിവരുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട തുടങ്ങി നിരവധി ജില്ലകളിൽ ഉള്ള പ്രവാസികളാണ് നെടുന്പാശേരി വിമാനത്താവളം അടച്ചപ്പോൾ ബുദ്ധിമുട്ടിലായത്. പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ സ്‌കൂൾ തുറക്കുന്ന അവസരമായതിനാൽ നേരത്തെ ടിക്കറ്റ് എടുത്തു യാത്രയ്ക്ക് തയ്യാറായ പലർക്കും കൊച്ചി വിമാനത്താവളത്തിലെ സർവീസ് നിറുത്തിയതിനാൽ തീയതികൾ പലതും മാറ്റേണ്ടി വന്നു. ബഹുഭൂരിപക്ഷം പ്രവാസികളും കോഴിക്കോട്,തിരുവനന്തപുരം, കോയന്പത്തൂർ, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയാണ് ഗൾഫ് നാടുകളിൽ എത്തിയത്.നെടുന്പാശേരി അടച്ചതോടെ യാത്രാ ചിലവിൽ മാത്രം നല്ലൊരു തുകയാണ് പ്രവാസികൾക്ക് നഷ്ടമായത്.
 
എറണാകുളത്തും പരിസര ജില്ലകളിലും ഉള്ളവർക്ക് മറ്റു വിമാനത്താവളങ്ങളിലേയ്ക്കുള്ള യാത്രാ ക്ലേശമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് കൊച്ചിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി ബഹ്രൈനിലെത്തിയ ഒരു പ്രവാസി കുടുംബം പറഞ്ഞു. വെള്ളപ്പൊക്കം ഏൽപ്പിച്ച ആഘാതത്തോടൊപ്പം തന്നെ റോഡ് മാർഗ്ഗമുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു. റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. പല സ്‌ഥലങ്ങളിലും നീണ്ട ഗതാഗത കുരുക്കും അനുഭവപ്പെട്ടതായി ഇവർ പറഞ്ഞു. കൊച്ചി വിമാനത്താവളം അടച്ചിട്ടു എന്നറിഞ്ഞത് മുതൽ വല്ലാത്ത ആശങ്കയിൽ ആയിരുന്നുവെന്ന്  എറണാകുളം ജില്ലക്കാരായ പല പ്രവാസികളും പറയുന്നു.  നെടുന്പാശേരി വിമാനത്താവളം ആരംഭിച്ചത് മുതൽ അതുവഴി മാത്രമാണ് യാത്ര ചെയ്തത്. വിമാനമിറങ്ങി കേവലം അര മണിക്കൂർ കൊണ്ട് വീട്ടിലെത്താവുന്ന ദൂരം. അതോടൊപ്പം തന്നെ ഇപ്പോഴാണ് വിമാനത്താവളങ്ങൾ ഇല്ലാത്ത മറ്റു ജില്ലക്കാരായ പ്രവാസികളുടെ ബുദ്ധിമുട്ട് കൂടി തങ്ങൾ മനസ്സിലാക്കിയതെന്നും ഇവർ പറയുന്നു. എല്ലാം തകർത്തെറിഞ്ഞ മണ്ണിൽ നിന്ന് വിമാനം കയറിയെത്തിയ നിരവധി പ്രവാസികളും പ്രളയത്തിന്റെ  ദുരിതം നേരിട്ട് കണ്ടറിഞ്ഞാണ് വന്നിട്ടുള്ളത്. പലരുടെയും വീടുകളിൽ വെള്ളം കയറി,കിടപ്പാടം നഷ്ടപ്പെട്ടു,പല തവണകൾ നാട്ടിലേയ്ക്ക് പോകുന്പോൾ കൊണ്ടുപോയിരുന്ന വിലപിടിപ്പുള്ള പല  ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടതായും ചില പ്രവാസികൾ പറഞ്ഞു.

You might also like

Most Viewed