വ്യാജ സർട്ടിഫിക്കറ്റ് ആരോപണം : സിവിൽ സർവീസ് ബ്യൂറോ അന്വേഷിക്കും


മനാമ : നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ജോലി നേടുന്നതിനും സ്ഥാനക്കയറ്റത്തിനുമായി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചിട്ടുണ്ടെന്നുള്ള ആരോപണം അന്വേഷിക്കാൻ സിവിൽ സർവീസ് ബ്യൂറോ (സി.എസ്.ബി) നടപടികൾ തുടങ്ങി. കുറ്റക്കാരാണെന്ന് തെളിയിക്കുന്നവർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സി. എസ്.ബി അറിയിച്ചു. വ്യാജ രേഖകൾ നൽകുക, തെറ്റിദ്ധരിപ്പിക്കുക, വസ്തുതകൾ മറച്ചുപിടിക്കുക എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഇത്തരക്കാർക്കെതിരെ ചുമത്തുന്നത്.

അച്ചടക്കനടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ സി.എസ്.ബിക്ക് വലിയ പ്രാധാന്യമാണുള്ളത്. കുറ്റവാളിയെന്നു തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് പത്ത് ദിവസത്തിനുള്ളിൽ ജോലിയിൽനിന്ന് പിരിച്ചുവിടും. അതേ സമയം, വ്യാജ സർട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള ആരോപണങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയം സമാന്തരമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിലാണ് മന്ത്രാലയം നിലവിൽ അന്വേഷണം നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യമേഖല വിശാലമാണ്. 2018 ഫെബ്രുവരി മുതൽ വ്യാജ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച കേസുകളൊന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസുകൾ അന്വേഷണത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്ത കേസുകൾ ഒറ്റപ്പെട്ട കേസുകളാണെന്നും കൂട്ടമായിട്ടുള്ള കേസുകളല്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യാജ സർട്ടിഫിക്കറ്റുകളേക്കുറിച്ചുള്ള കേസുകൾ വിദ്യാഭ്യാസ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിരുന്നതായി അഡ്വക്കേറ്റ് ജനറൽ ഡോ. അഹമ്മദ് അൽ ഹമാദി പറഞ്ഞു. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തൊഴിൽ നേറ്റുന്നത് തടയാൻ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് എംപി ജമീല അൽ സമ്മാക് പറഞ്ഞു.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും സർട്ടിഫിക്കറ്റുകൾ യഥാർഥമാണോ വ്യാജമാണോ എന്ന് പരിശോധിക്കുന്നതിനുള്ള നിയമപരമായ ഒരു സംവിധാനമുണ്ടായിരിക്കണം. നിലവിൽ ആരോഗ്യ മേഖലയിൽ മാത്രമാണ് ഒക്കുപേഷണൽ ആന്റ് ഹെൽത്ത് സർവീസസ് റെഗുലേറ്ററി കമ്മീഷൻ വഴി യോഗ്യതയും എക്സ്പീരിയൻസും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതിന്റെ പേരിൽ തൊഴിൽ ലൈസൻസിനുള്ള നൂറിലേറെ അപേക്ഷകൾ ഏജൻസി നിരസിച്ചതായി ഒക്കുപേഷണൽ ആന്റ് ഹെൽത്ത് സർവീസസ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഡോ. മറിയം അൽ ജലാഹ്മ പറഞ്ഞു. നിരവധി പൊതുമേഖലാ, സ്വകാര്യ മേഖലാ ആരോഗ്യ പ്രവർത്തകർ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രാലയവുമായി ആരോഗ്യ മന്ത്രാലയം സഹകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

You might also like

Most Viewed