ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ ദന്ത പരിചരണം ലഭ്യമാക്കും


മനാമ : ബഹ്‌റൈൻ ഫോർ ഓൾ ലെസ് ക്ലെഫ്സ് ഡി'ഓറിന്റെ ബഹ്റൈൻ ഹോട്ടൽസ് കൺസെർജ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആജീവനാന്ത സൗജന്യ ദന്ത വൈദ്യ സേവനം ലഭ്യമാക്കാൻ മുൻകൈയെടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ദന്തചികിത്സയും അതിന്റെ പ്രാധാന്യവും ഉൾപ്പെടുന്ന ബോധവത്കരണം ലക്ഷ്യമിട്ടാണ് ഈ പരിപാടി നടത്തുന്നത്. ബഹ്റൈൻ ഫോർ ഓൾ സ്ഥാപക നിവേദിത ദേശ്പാണ്ഡെ, സെറം ഡെന്റൽ ക്ലിനിക് എക്സിക്യൂട്ടീവ്, ഫിനാൻഷ്യൽ ഡയറക്ടർ മുഹമ്മദ് അൽ അൻസാരി, ചെയർമാനും ഡയറക്ടറുമായ അലി അബ്ദുൾ വഹാബ് എന്നിവർ ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം ഓരോ മാസവും അഞ്ചു സേവനങ്ങൾ വരെയാണ് സെറം ഡെന്റൽ ക്ലിനിക് സൗജന്യമായി നൽകുന്നത്. 
 
ബഹ്റൈൻ ഹോട്ടൽസ് കൺസെർജ് ഗ്രൂപ്പ് (ബി.എച്ച്.സി.ജി) യു.എ.ഇയിലുള്ള ലെസ് ക്ലെഫ്സ് ഡി'ഓറിന്റെ പ്രാദേശിക അസോസിയേഷനാണെന്ന് ബി.എച്ച്.സി.ജിയുടെ പ്രസിഡന്റും സ്ഥാപകനുമായ ഖലീൽ അലൈമാൻ പറഞ്ഞു. പതിനാല് ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളിലായി 35 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫഷണൽ ഡെവലപ്മെന്റുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ഗസ്റ്റ് സർവീസ് പെർഫെക്ഷനായി ഇവർക്ക് പൊതു താൽപ്പര്യങ്ങളും ലക്ഷ്യവും ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ബി.എച്ച്.സി.ജിക്ക് റിസോഴ്‌സുകളും ആശയവിനിമയ സൗകര്യങ്ങളുമുണ്ട്. രാഷ്ട്രീയപരമായോ മതപരമായോ ഒരു തരത്തിലുമുള്ള ട്രേഡ് യൂണിയനോ അല്ല ബി.എച്ച്.സി.ജി എന്നും, മറിച്ച് അന്തർദേശീയ യാത്രക്കാരെയും ടൂറിസ്റ്റുകളെയും സഹായിക്കാൻ അംഗങ്ങൾ തമ്മിലുള്ള സൗഹൃദത്തെ അടിസ്ഥാനമാക്കിയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഇങ്ങനൊരു സംരംഭം മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed