കേരളത്തിൽ ഓടുന്ന ബഹ്റൈന്റെ സ്നേഹവണ്ടികൾ....

രാജീവ് വെള്ളിക്കോത്ത്
കേരളത്തിൽ ദുരിതം പെയ്തിറങ്ങുന്ന സാഹചര്യത്തിൽ ലോകത്തെല്ലായിടത്തുമുള്ള മലയാളികൾ അവർക്ക് താങ്ങായും തണലായും നിൽക്കുന്പോഴും ബഹ്റൈൻ മലയാളികൾ വളരെ മുൻപ് തന്നെ കേരളത്തിലെ ജനതയ്ക്ക് താങ്ങും തണലുമായി ഒരു കൂടപ്പിറപ്പിനെപ്പോലെ നിന്നിട്ടുണ്ട്. പ്രവാസികൾ ആയുള്ളവരും അല്ലാത്തവരുമായ എത്രയോ മലയാളികൾ ബഹ്റൈന്റെ സ്നേഹം ആവോളം അനുഭവിച്ചറിഞ്ഞതുമാണ്. ഇപ്പോൾ കേരളത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ബഹ്റൈൻ മലയാളികൾ വളരെ സജീവമാണ്. ബഹ്റൈനിലെ നിരവധി സംഘടനകൾ മുഖേനയോ വ്യക്തികൾ നേരിട്ടോ ആണ് പലപ്പോഴായി സഹായങ്ങൾ കൈമാറിയിട്ടുള്ളത്. അവ ഓരോന്നായി എടുത്തുപറയാൻ ആവില്ലെങ്കിലും കേരളത്തിലെ നിരത്തുകളിൽ ഓടുന്ന ചില വാഹനങ്ങളിലെങ്കിലും ഇപ്പോഴും ബഹ്റൈന്റെ സ്നേഹത്തിന്റെ അടയാളം പതിച്ചിട്ടുണ്ടെന്നുള്ളകാര്യം തീർച്ചയാണ്.
ബഹ്റൈൻ പ്രതീക്ഷ എന്ന സംഘടനയുടെ സഹായത്താൽ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ തിരുവനന്തപുരം സ്വദേശിയായ ബഹ്റൈൻ പ്രവാസി സത്യദാസിന് ബഹ്റൈനിലെ ഒരു മനുഷ്യ സ്നേഹി ഒരു ഓട്ടോറിക്ഷ വാങ്ങി നൽകിയതാണ് സ്നേഹവണ്ടികളിൽ അവസാനത്തേത്. വീട് ജപ്തി ചെയ്യുകയാണെന്ന സത്യദാസിന്റെ കഥ അറിഞ്ഞ പ്രതീക്ഷ ബഹ്റൈൻ പ്രവർത്തകർ സുമസസുകളുടെ സഹായത്തോടെയും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെയും ശ്രമഫലമായിട്ടാണ് ലോൺ അടച്ച് ഇദ്ദേഹത്തിന്റെ വീടിന്റെ ജപ്തി ഒഴിവാക്കിയത്. തുടർജീവിതത്തിനുള്ള വരുമാനം കണ്ടെത്താൻ അദ്ദേഹത്തിന് ഒരു ഓട്ടോറിക്ഷയും അവരുടെ ശ്രമഫലമായി നൽകി.
ഇത് ആദ്യമായല്ല ബഹ്റൈൻ സമ്മാനിച്ച ഇത്തരം സ്നേഹവണ്ടികൾ കേരളത്തിൽ ഓടുന്നത്.
കേരളത്തിന്റെ തെരുവുകളിൽ അലയുന്നവരെ അഭയകേന്ദ്രങ്ങളിൽ എത്തിക്കുന്ന തെരുവോരം മുരുകൻന് ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി ഒരു ഓട്ടോറിക്ഷ നൽകിയിരുന്നു. 2013 ജനുവരിയിൽ സിംസ് മുരുകനെ ആദരിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് തെരുവിൽ അലയുന്നവരെ കണ്ടെത്തുന്നതിനും അവരെ അഭയകേന്ദ്രങ്ങളിലാക്കുന്നതിനും വേണ്ടി ഒരു ഓട്ടോറിക്ഷ വാങ്ങിച്ചുകൊടുക്കാൻ സിംസ് തീരുമാനിക്കുകയായിരുന്നു. ആ വർഷം തന്നെ മുരുകന് ഓട്ടോ ലഭ്യമാക്കുകയും ചെയ്തു. തെരുവോരം എന്ന് പേരിട്ട ആ ഓട്ടോയിൽ തന്നെയാണ് ഇപ്പോഴും മുരുകൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നതെന്ന് സിംസിന്റെ അന്നത്തെ ഭാരവാഹിയായിരുന്ന ജോസഫ് പറഞ്ഞു.
2013-ൽ തന്നെയായിരുന്നു ബഹ്റൈൻ കേരളീയ സമാജവും കേരളത്തിലെ മുൻ പ്രവാസിക്ക് ഒരു ഓട്ടോറിക്ഷ സമ്മാനിച്ചത്. ബഹ്റൈനിലെത്തി ജോലി ചെയ്യുന്നതിനിടെ പ്രമേഹരോഗം വന്ന് മൂർച്ഛിച്ച് കാൽപാദം മുറിച്ചു മാറ്റേണ്ടി വന്ന കരുനാഗപ്പള്ളി സ്വദേശി ഷിനുവിനാണ് ബി.കെ.എസിന്റെ വകയായി ഓട്ടോ നൽകിയത്. ചികിത്സയ്ക്കും കുടുംബ പരിരക്ഷയ്ക്കും കട ബാദ്ധ്യതകൾ തീർക്കുന്നതിനും വഴി മുട്ടിയ ഷിനുജോയിക്ക് സഹായമെന്ന നിലയിലാണ് ബഹ്റൈൻ കേരളീയസമാജം ജീവകാരുണ്യ പ്രവർത്തന ധനസമാഹരണത്തിലൂടെ സ്വരൂപിച്ച തുകയിൽനിന്ന് ഓട്ടോറിക്ഷ നൽകാൻ തീരുമാനിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് വേണ്ടി സി.എച്ച് സെന്റർ സമർപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് മൊബൈൽ ഐ.സി.യു സൗകര്യമുള്ള ആംബുലൻസ് വാഹനം നൽകുന്നതും ബഹ്റൈനിൽ നിന്ന് തന്നെ.ബഹ്റൈൻ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഏറ്റവും ആധുനികവും സാങ്കേതിക തികവാർന്നതുമായ സജ്ജീകരണങ്ങളോടെ ഈ ആംബുലൻസ് ഒരുക്കിയിരിക്കുന്നത്.
വെന്റിലേറ്റർ, നവജാത ശിശുക്കൾക്ക് ഇൻകുബേറ്റർ അടക്കം ഐ.സി.യുവിൽ കിട്ടുന്ന സാങ്കേതിക സംവിധാന ഒന്നൊഴിയാതെയുള്ള വൻകിട ഹോസ്പിറ്റലുകളിൽ മാത്രം ലഭ്യമാകുന്ന സേവനത്തോടെയുള്ളതാണ് ഈ വാഹനം. കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന ആയിരക്കണക്കായ സാധാരണക്കാർക്ക് വലിയ വിശ്വാസവും ആശ്വാസവുമാകും ഈ സംരംഭം.
നാളെ വൈകുന്നേരം 3 മണിക്ക് ഹൈടെക് മൊബൈൽ ഐ.സി.യുവിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ എതുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി അശരണാർക്കായുള്ള ഭവന പദ്ധതി, കെ.എം.സി.സിയുടെ ബൈത്തുറഹ്മ ഭവന പദ്ധതി, കെ.എം.സി.സി ജീവജലം കുടിവെള്ള പദ്ധതിതുടങ്ങി കാലങ്ങൾ എത്ര കഴിഞ്ഞാലും മായ്ക്കാൻ കഴിയാത്ത സ്നേഹ സമാരകങ്ങൾ മലയാളത്തിന് നൽകി എന്ന കാര്യത്തിൽ ബഹ്റൈന് എക്കാലത്തും അഭിമാനിക്കാം.