ബഹ്റൈനും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും


മനാമ : ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അൽ സിസീയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. പ്രാദേശിക, അന്തർദേശീയ വികസനങ്ങൾക്കായുള്ള സംയുക്ത പദ്ധതികൾ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യപ്പെട്ടു. കൂടാതെ, ഭീകരതയേയും അതിന് ലഭിക്കുന്ന  സാമ്പത്തീക പിന്തുണയേയും തടയാനും മേഖലയിൽ സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും സ്ഥാപിക്കാനും ഇരു രാജ്യങ്ങളും ഒരുമിച്ച് പരിശ്രമിക്കും.
 
ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്ന് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് അൽ സിസീയുടെ നേതൃത്വത്തിന് കീഴിൽ വിവിധ മേഖലകളിൽ ഉണ്ടായ വികസനങ്ങളെ രാജാവ് പ്രശംസിച്ചു. ബഹ്റൈനിന്റെ വികസന പ്രക്രിയയോടുള്ള ഈജിപ്ത് ഭരണകൂടത്തിന്റെ അനുകൂല നിലപാടുകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരതയെയും തീവ്രവാദത്തെയും നേരിടാൻ ഈജിപ്ത് സ്വീകരിച്ച ശക്തമായ നിലപാടുകൾ പ്രശംസാർഹമാണ്. അറബ് ദേശീയ സുരക്ഷക്കും മിഡിലീസ്റ്റിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനും ഈജിപ്ത് മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
 
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം ശക്തമാക്കുന്നതിനും മുൻകൈയെടുത്ത ബഹ്റൈൻ രാജാവിനെ ഈജിപ്ഷ്യൻ പ്രസിഡന്റ് പ്രശംസിച്ചു. ഊഷ്മളമായ സ്നേഹത്തിനും തനിക്ക് നൽകിയ സ്വീകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ബഹ്റൈൻ - ഈജിപ്ത് ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ രാജാവിന്റെ പങ്ക് വലുതാണെന്നും പ്രസിഡന്റ് അൽ സിസീ പറഞ്ഞു. അറബ് ഐക്യം കാത്തുസൂക്ഷിക്കാൻ  ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ഇരു നേതാക്കളും അംഗീകരിച്ചു. അറബ് രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാനുള്ള വിദേശ ശ്രമങ്ങൾക്കെതിരെ ഉറച്ചുനിൽക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. 
 
നേരത്തേ  ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഈജിപ്ത് പ്രസിഡന്റ് അൽ സിസീയെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

You might also like

Most Viewed