വാറ്റിന്റെ ആശങ്കയിൽ പ്രവാസികൾ : ജീവിതച്ചിലവുകൾ ഇനിയും വർദ്ധിക്കും


മനാമ : ജീവിതച്ചിലവുകൾ അധികരിച്ചതോ­ടെ ഇപ്പോൾ തന്നെ ദുസ്സഹമായ പ്രവാസ ജീവിതത്തിന് കൂനി­ന്മേൽ കുരുവെന്ന പോലെ വാറ്റും വരുന്നതോടെ പ്രവാ­സികൾ ആശങ്കയിലാണ്. 2018 ആദ്യം തന്നെ ബഹ്റൈനിലും വാറ്റ് സമ്പ്രദായം നടപ്പിൽ വരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അൽപ്പം വൈകിയാണെങ്കിലും ഒക്ടോബർ മാസത്തിൽ മൂല്യ വർദ്ധിത നികുതി സമ്പ്രദായം നടപ്പാക്കാൻ തന്നെയാണ് തീരുമാനമെന്ന് ഏതാണ്ട് ഉറപ്പായിരിക്കു­കയാണ്. ഇതോടെ നിത്യോപയോഗ സാ­ധനങ്ങൾ അടക്കമുള്ള മിക്ക സാധനങ്ങൾ­ക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തും.

ആരോഗ്യം, വിദ്യാ­ഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് ആദ്യം വാറ്റ് നടപ്പിൽ വരുത്തുന്നതെങ്കിലും വൈ­കാതെ തന്നെ മറ്റ് മേഖലകളിലും വാറ്റ് സമ്പ്രദായം നടപ്പിൽ വരാനാണ് സാധ്യത. ടെലി കമ്മ്യൂണിക്കേഷൻ, ജല വൈദ്യുതി വകുപ്പുകൾ, ട്രാഫിക്, ലൈസൻസ് ഡിപ്പാർ­ട്ട്മെന്റ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഓയിൽ, ആധുനിക കാറുകൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ, വാച്ചുകൾ, വസ്ത്രങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും വാറ്റ് സമ്പ്രദായം വൈകാതെ തന്നെ നടപ്പിൽ വരും. അതോടെ ഇടത്തരക്കാരായ ആളുകൾക്ക് പ്രത്യേകിച്ച് പ്രവാസികൾക്ക് ഇവിടെ പിടിച്ചു നി­ൽക്കാൻ കഴിയാത്ത അവസ്ഥ തന്നെ സംജാതമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

രാജ്യത്ത് വാറ്റിലൂടെ വർഷത്തിൽ 1.3 ബില്യൺ ദിനാർ വരുമാനത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെല്ലാം തന്നെ മൂല്യവർദ്ധിത നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിനെപ്പറ്റി രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നുവെങ്കിലും 2018 ആദ്യമാണ് ഭരണഘടനാ പരമായും നിയമപരവുമായ തീരുമാനം നടപ്പി­ലാക്കാനുള്ള കരാറിൽ ധനമന്ത്രി ഒപ്പുവച്ചത്. അടിസ്ഥാന ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ അനു­ബന്ധ സാധനങ്ങൾ എന്നി­വയ്ക്ക് ഈ നികുതി ചുമത്തില്ലെ­ന്നാണ് അറിയുന്നത്. ഇതിനായി പാർലമെന്റും ശൂറാ കൗൺസിലും പ്രത്യേകം നിയമം പാസ്സാക്കിയ ശേഷം നടപടികൾ ആരംഭിക്കുമെന്ന് ധനമന്ത്രി പറയുകയുണ്ടായി. എന്നാൽ പുതിയ പരിഷ്കാരങ്ങൾ ആദായ നികുതി അല്ലെ­ന്നും മന്ത്രി വ്യക്തമാക്കി.

90 ശതമാനത്തോളം ഉൽപ്പന്നങ്ങളും ഈ നികുതിക്ക് പുറത്തായതിനാൽ പുതിയ പരിഷ്ക്കാരം കുറഞ്ഞ വരുമാനക്കാരായ പൗരന്മാരെ ബാധിക്കില്ലെന്നാണ് മന്ത്രാലയം പറയുന്നതെങ്കിലും പരോക്ഷമായി ഇത് സാധാ­രണക്കാരെയും ബാധിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. സിഗരറ്റിനും എനർജി ഡ്രിങ്കു­കൾക്കും 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാ­നവും സെലക്ടീവ് ടാക്സ് ആണ് ബാധകമാക്കുക. 2014 മുതൽ ഖനനമേഖല പ്രതിസന്ധിയിലായിത്തുടങ്ങിയതോടെയാണ് ഗൾഫ് രാജ്യങ്ങളിൽ മൂല്യ വർദ്ധിത നികുതി സമ്പ്രദായം ആലോചനയിൽ വന്നത്.

എണ്ണക്കയറ്റുമതിയിലുണ്ടായ കുറവി­ൽനിന്നുള്ള നഷ്ടത്തെ മറികടക്കാനും വികസന പദ്ധതികൾ നടപ്പാക്കാനുമായി, പദ്ധതിച്ചിലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് പുറമേ ബഹ്റൈനിലെ വെള്ളം, വൈദുതി തുടങ്ങിയവയുടെ സബ്സിഡി നിർത്തലാകുകയും ചെയ്തിരുന്നു. വൈദ്യുതി ചാർജ്ജ് അധികരിച്ചതോടെ വലിയോരു വിഭാഗം പ്രവാസികളും നാട്ടിലേയ്ക്ക് പോവുകയോ മറ്റ് വരുമാനമാർഗ്ഗം കണ്ടെത്തു­ന്നതിന് പരിശ്രമിക്കുകയോ ചെയ്തിരുന്നു. പല കുടുംബങ്ങളും താരതമ്യേന വാടക നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്. വാറ്റ് നിലവിൽവരുന്നതോടെ വലിയോരു ശതമാനം പ്രവാസികളും ജീവിതച്ചിലവുകൾ നി­യന്ത്രിക്കാൻ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ്.

You might also like

Most Viewed