ടൂബ്ലി പ്ലാൻറിൽ 138 മില്യൺ ബഹ്‌റൈൻ ദിനാറിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു


മനാമ : ടൂബ്ലി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. 138 മില്യൺ ബഹ്‌റൈൻ ദിനാർ ചെലവഴിച്ചാണ് പുനരുദ്ധാന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വർക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. പ്ലാന്റ് ടൂബ്ലിയിൽ നിന്ന് മാറ്റാൻ പദ്ധതിയില്ലെന്നും പ്രതികൂല പരിസ്ഥിതി പ്രത്യാഘാതങ്ങളെ ചെറുക്കാൻ ശ്രമങ്ങൾ നടത്തുമെന്നും സാനിറ്റേഷൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അസ്മ മുറാദ് പറഞ്ഞു. പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നാലാംഘട്ടത്തിലാണ്.

പ്രതിദിനം 200,000 ക്യുബിക്ക് മീറ്റർ ശേഷിയുള്ള പദ്ധതി, 400,000 ക്യുബിക്ക് മീറ്ററാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഡബ്ല്യൂ.ടി.ഐ ടെക്റ്റോൺ അസ്മലിന് ടെൻഡർ നൽകി. പത്ത് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന പദ്ധതിയിൽ നിർമ്മാണ പ്രവർത്തങ്ങൾക്കായി 77.8 മില്ല്യൺ ബഹ്‌റൈൻ ദിനാറും പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി 60 മില്ല്യൺ ബഹ്‌റൈൻ ദിനാറും ചെലവ് പ്രതീക്ഷിക്കുന്നു.

പ്ലാൻറിലെ കാലഹരണപ്പെട്ട സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ശ്രദ്ധനൽകും. നിലവിലുള്ള പ്ലാന്റുകളുടെ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും പദ്ധതിയുണ്ടെന്ന് അസ്മ മുറാദ് പറഞ്ഞു. ഈ പ്രോജക്ടിന് 1.14 മില്ല്യൺ ബഹ്‌റൈൻ ദിനാർ ചിലവ് വരും. അൽ കൂഹ്ജി ടെക്നിക്കൽ സർവ്വീസസ് കമ്പനിക്കാണ് ഇതിന്റെ ചുമതല. സ്ലഡ്ജ് ഡ്രൈയിങ് പ്ലാന്റിന്റെ അറ്റകുറ്റപ്പണിക്ക് 901,820 ബഹ്‌റൈൻ ദിനാർ ചെലവ് വരും. ജി.ഇ.എ, വാ-ടെക് എന്നീ കമ്പനികൾക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഹിപെസ്കോ ടെക്നോളജി ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഇത് കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും. പുനർ നിർമ്മാണ പദ്ധതി ഇപ്പോൾ ഒരു പ്രശ്നവും നേരിടുന്നില്ലെന്നും പിന്നീടുള്ള ഘട്ടങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുമോ എന്ന് പഠനങ്ങൾ നടത്തുകയാണെന്നും അവർ പറഞ്ഞു. അറബ് എക്കണോമിക് ഡെവലപ്മെന്റ്, ഗൾഫ് സപ്പോർട് പ്രോഗ്രാം എന്നി പദ്ധതികളിലൂടെ സൗദി, കുവൈത്ത് രാജ്യങ്ങളാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. പദ്ധതിയെക്കുറിച്ച് സമീപ വാസികളായ പൗരന്മാർക്കോ താമസക്കാർക്കോ പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തിന് പരാതി സമർപ്പിക്കാമെന്നും, ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും അസ്മ മുറാദ് പറഞ്ഞു.

You might also like

Most Viewed