ഡെമിസ്റ്റൻ തീരത്ത് മുങ്ങിത്താണ കുടുംബത്തെബഹ്‌റൈൻ നാവികൻ രക്ഷിച്ചു : നാലുവയസുകാരി മരിച്ചു


മനാമ : ബഹ്റൈനി പൗരന്റെ സമയോചിതമായ ധീരതയിലൂടെ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ജീവൻ തിരികെക്കിട്ടി. ഡെമിസ്റ്റൻ തീരത്ത് മുങ്ങിത്താഴുകയായിരുന്നവരെയാണ് ബഹ്റൈനി നാവികൻ ജാഫർ അഹ്മദ് യൂസഫ് രക്ഷിച്ചത്. എന്നാൽ, അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വയസുകാരി ഫാത്തിമ ജാഫർ പിന്നീട് ആശുപത്രിയിൽ മരണമടഞ്ഞു. കുട്ടിയെ സാൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം, ബഹ്റൈനി നാവികൻ ജാഫർ അഹ്മദ് യൂസഫിന് എല്ലാ സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിലും വൻ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധീരതയ്ക്കുള്ള മെഡൽ നൽകി അധികാരികൾ അദ്ദേഹത്തെ ബഹുമാനിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു. കടൽത്തീരത്ത് നിൽക്കുകയായിരുന്ന കുടുംബം തിരയുടെ ശക്തിയാൽ വെള്ളത്തിൽ വീഴുകയായിരുന്നു.

ഈ സമയം തീരത്ത് നിൽക്കുകയായിരുന്ന ജാഫർ അഹ്മദ് യൂസഫ് ഉടൻ പ്രവർത്തനം ആരംഭിക്കുകയും ഓരോരുത്തരെയായി കരയിൽ എത്തിക്കുകയും ചെയ്തു. കുട്ടിയെ വെള്ളത്തിൽ നിന്ന് കരക്കെത്തിച്ചപ്പോൾ മരിച്ചതായി ആദ്യം തോന്നി. എന്നാൽ പ്രാഥമീക ചികിത്സ നൽകിയപ്പോൾ അവൾ ശ്വസിക്കാൻ തുടങ്ങി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായും ജാഫർ പറഞ്ഞു.

You might also like

Most Viewed